കാലത്തിന്റെ കൈയൊപ്പ്; മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയ്ക്ക് 25 വയസ്സ്‌


സ്‌പോര്‍ട്‌സ് ലേഖകന്‍

2 min read
Read later
Print
Share

മാതൃഭൂമി സ്പോര്‍ട്സ് മാസികയുടെ ആദ്യ പതിപ്പ് ഏറ്റുവാങ്ങിയത് ഐ.എം. വിജയനായിരുന്നു, 25-ാം വാര്‍ഷികപ്പതിപ്പിന്റെ പ്രകാശനത്തിനും വിജയനുണ്ടായിരുന്നു.

കൊച്ചി: കാലത്തിന്റെ കലണ്ടറില്‍ താളുകള്‍ മറിഞ്ഞുപോയിരിക്കാം. പക്ഷേ, ഓര്‍മകള്‍ക്ക് എന്ത് സുഗന്ധം. കാല്‍നൂറ്റാണ്ടിനിടെ കേരളത്തിന്റെ കായികസ്വപ്നങ്ങള്‍ക്കുവേണ്ടി വിയര്‍പ്പൊഴുക്കിയവരും ആ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഇപ്പോഴും പരിശ്രമിക്കുന്നവരും ഒരുവേദിയില്‍ ഒന്നിച്ചപ്പോള്‍ അത് പല തലമുറകള്‍ തറവാട്ടില്‍ ഒത്തുകൂടുന്ന കുടുംബസംഗമം പോലെയായി.

മാതൃഭൂമി സ്പോര്‍ട്സ് മാസികയുടെ 25-ാം വാര്‍ഷികാഘോഷമായിരുന്നു വേദി. ഇതോടൊപ്പം മാസികയുടെ ലോകകപ്പ് ഫുട്ബോള്‍ പ്രത്യേക പതിപ്പിന്റെ പ്രകാശനവും നടന്നു. ഇടപ്പള്ളി മാരിയറ്റില്‍ വന്‍ താരനിര ചേര്‍ന്നാണ് പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തത്. 25 വര്‍ഷം നീണ്ട ചരിത്രത്തിനിടയില്‍ സ്പോര്‍ട്സ് മാസികയുടെ മുഖച്ചിത്രമായവര്‍, സ്പോര്‍ട്സ് മാസികയിലൂടെ പ്രണയം ആദ്യമായി ലോകത്തെ അറിയിച്ചവര്‍, കുടുംബങ്ങളിലെ സന്തോഷവും ദുഃഖങ്ങളും മാസികയുമായി പങ്കിട്ടവര്‍, ചിത്രങ്ങള്‍ വെട്ടിയെടുത്ത് ഭിത്തിയില്‍ ഒട്ടിച്ചവര്‍, ചില്ലിട്ട് സൂക്ഷിച്ചവര്‍ തുടങ്ങി എല്ലാത്തരം ഓര്‍മകളും അവര്‍ക്കുണ്ടായിരുന്നു. പത്രത്താളുകളിലും ടി.വി.യിലും മാത്രം കണ്ടിട്ടുള്ള താരങ്ങള്‍ പലരും ആദ്യമായി നേരില്‍ക്കണ്ടു, സെല്‍ഫിയെടുത്തു, ഒരുമിച്ചുണ്ടു... ഇങ്ങനെയൊരു അനുഭവം മിക്കവര്‍ക്കും ആദ്യമായിരുന്നു.

ഫുട്ബോള്‍ താരങ്ങളായ ഐ.എം. വിജയന്‍, യു. ഷറഫലി, സി.വി. പാപ്പച്ചന്‍, ആസിഫ് സഹീര്‍, മുഹമ്മദ് റാഫി, കെ.പി. രാഹുല്‍, ക്രിക്കറ്റ് താരങ്ങളായ എസ്. ശ്രീശാന്ത്, ടിനു യോഹന്നാന്‍, ബേസില്‍ തമ്പി, സച്ചിന്‍ ബേബി, റൈഫി വിന്‍സന്റ് ഗോമസ്, അത്ലറ്റിക്സില്‍നിന്ന് ഷൈനി വില്‍സണ്‍, ബോബി അലോഷ്യസ്, എം.ഡി. വത്സമ്മ, മേഴ്സിക്കുട്ടന്‍, വോളിബോള്‍ താരങ്ങളായ ടോം ജോസഫ്, കിഷോര്‍ കുമാര്‍, വിപിന്‍ ജോര്‍ജ്, ബാഡ്മിന്റന്‍ താരം വി. ദിജു, ജോര്‍ജ് തോമസ്, നീന്തല്‍ താരം വില്‍സണ്‍ ചെറിയാന്‍, ബാസ്‌കറ്റ്ബോളില്‍നിന്ന് ഗീതു അന്ന ജോസ്, പി.എസ്. ജീന, ബോക്സിങ് താരം കെ.സി. ലേഖ, കേരളത്തിന്റെ ഗ്രാന്റ് മാസ്റ്റര്‍മാരായ ജി.എന്‍. ഗോപാല്‍, എസ്.എല്‍. നാരായണന്‍ എന്നിവര്‍ക്കൊപ്പം പ്രമുഖ ക്രിക്കറ്റ് പരിശീലകനും സ്പോര്‍ട്സ് മാസികയിലെ കോളമിസ്റ്റുമായ പി. ബാലചന്ദ്രനും ചേര്‍ന്നാണ് പ്രകാശനം നടത്തിയത്.

മാതൃഭൂമി സ്പോര്‍ട്സ് മാസിക തുടങ്ങാനുണ്ടായ സാഹചര്യങ്ങള്‍ ജോയന്റ് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ വിശദീകരിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററായിരുന്ന പരേതനായ വി. രാജഗോപാല്‍, മാതൃഭൂമി ഓണ്‍ലൈന്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഒ.ആര്‍. രാമചന്ദ്രന്‍ എന്നിവരുടെ പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു. കളികളെക്കുറിച്ച് ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന സ്റ്റോറികള്‍ക്കൊപ്പം കളിയുടെ എല്ലാ വിശദാംശങ്ങളിലേക്കും മാസിക ഇറങ്ങിച്ചെന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രകാശനച്ചടങ്ങിനെത്തിയവരെ മാതൃഭൂമി എക്‌സിക്യുട്ടീവ് എഡിറ്റര്‍ പി.ഐ. രാജീവ് ആദരിച്ചു. ഓരോരുത്തരും സ്പോര്‍ട്സ് മാസികയുമായുള്ള ബന്ധം അനുസ്മരിച്ചു. മാതൃഭൂമി ന്യൂസ് പ്രോഗ്രാം ചീഫ് എം.പി. സുരേന്ദ്രന്‍ സംസാരിച്ചു.

ഉദ്ഘാടനത്തിനും 25-ാം പതിപ്പിനും വിജയന്‍

കൊച്ചി: മാതൃഭൂമി സ്പോര്‍ട്സ് മാസികയുടെ ആദ്യ പതിപ്പ് ഏറ്റുവാങ്ങിയത് ഐ.എം. വിജയനായിരുന്നു, കൈമാറിയത് പന്തളം സുധാകരന്‍. 25-ാം വാര്‍ഷികപ്പതിപ്പിന്റെ പ്രകാശനത്തിനും വിജയനുണ്ടായിരുന്നു. ഇതൊരു അസുലഭഭാഗ്യമാണെന്ന് വിജയന്‍ പറഞ്ഞു. ഇത്തവണ പൂരത്തിന്റെയന്നായിരുന്നു തന്റെ ജന്മദിനം. വെള്ളിയാഴ്ച ചെറുമകളുടെ ജന്മദിനമായിരുന്നു. ഈയാഘോഷത്തിന്റെ തിരക്കിലാണ് സ്പോര്‍ട്സ് മാസികയുടെ 25-ാം വാര്‍ഷികാഘോഷത്തിലേക്കും താനെത്തിയതെന്ന് വിജയന്‍ പറഞ്ഞു.

മാതൃഭൂമി ഡോട്ട് കോം ലോകകപ്പ് സൈറ്റ് പ്രകാശനം ചെയ്തു

കൊച്ചി: ഫുട്ബോള്‍ ലോകകപ്പിനായി മാതൃഭൂമി ഡോട്ട് കോം ഒരുക്കിയ പ്രത്യേക സൈറ്റ് ഐ.എം. വിജയന്‍ പ്രകാശനം ചെയ്തു. വാര്‍ത്തകളും വിശകലനങ്ങളും വീഡിയോകളും ഫോട്ടോഗാലറികളും കൂടാതെ പ്രശസ്ത താരങ്ങളുടെ ലോകകപ്പ് പ്രവചനങ്ങളും വിലയിരുത്തലുകളും ഉള്‍പ്പെടെ വിശദമായ കവറേജാണ് ലോകകപ്പിനായി ഒരുക്കിയിരിക്കുന്നത്.

സൈറ്റിലെ ലോകകപ്പ് പ്രവചന മത്സരം ഫുട്ബോള്‍ താരം മുഹമ്മദ് റാഫിയും സൈറ്റിന്റെ ഔദ്യോഗിക സ്പോണ്‍സറായ ബിസ്മി ഗ്രൂപ്പിന്റെ എം.ഡി. എ.വി. അജ്മലും ചേര്‍ന്ന് നിര്‍വഹിച്ചു. മെഗാ സമ്മാനമായ എല്‍.ഇ.ഡി. ടെലിവിഷന്‍ ഉള്‍പ്പെടെ ആകര്‍ഷകമായ നിരവധി സമ്മാനങ്ങളാണ് പ്രവചന മത്സരത്തിനുള്ളത്. എല്ലാ മത്സരങ്ങള്‍ക്കും പ്രവചന മത്സരമുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram