ബ്യൂണസ് ഐറിസ്: അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്സില്‍ സ്വര്‍ണനേട്ടത്തോടെ ചരിത്രം രചിച്ച് ഇന്ത്യയുടെ മനു ഭാകര്‍. യൂത്ത് ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ ഇതാദ്യമായാണ് ഇന്ത്യ സ്വര്‍ണം നേടുന്നത്.
നേരത്തെ ജെറെമി ലാല്‍റിന്നുംഗ യൂത്ത് ഒളിമ്പിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കരസ്ഥമാക്കിയതിനു പിന്നാലെയാണ് മനു ഭാകറിന്റെ നേട്ടം. 62 കിലോഗ്രാം ഭാരോദ്വഹനത്തിലായിരുന്നു ലാല്‍റിന്നുംഗയുടെ സ്വര്‍ണ നേട്ടം.
പെണ്‍കുട്ടികളുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് പതിനാറുകാരിയായ മനു ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. 236.5 പോയിന്റുകളോടെയാണ് മനു ഒന്നാമതെത്തിയത്. 235.9 പോയിന്റുകളോടെ റഷ്യയുടെ ലാന എനിനയാണ് വെള്ളി നേടിയത്. നിനോ ഖുട്സിബെറീട്സിനാണ് വെങ്കലം.
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ നിരാശ മറയ്ക്കുന്ന പ്രകടനമാണ് മനു ബ്യൂണസ് ഐറിസില്‍ പുറത്തെടുത്തത്. ഷൂട്ടിങ് ലോകകപ്പിലും കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ താരമാണ് ഹരിയാന സ്വദേശിനിയായ മനു ഭാകര്‍. 2017 ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മനു ഭാകര്‍ വെള്ളി നേടിയിരുന്നു.
പുരുഷ വിഭാഗം ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ റൈഫിളില്‍ തുഷാര്‍ മാനെ, വനിതാ വിഭാഗം ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മെഹൂലി ഘോഷ്, ജൂഡോ വനിതാ വിഭാഗം 44 കിലോഗ്രാമില്‍ ടബാബി ദേവി എന്നിവര്‍ വെള്ളി മെഡലും നേടിയിരുന്നു. ഇതോടെ രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും ഉള്‍പ്പെടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം അഞ്ചായി.
Content Highlights: manu bhaker claims indias first ever gold in shooting at youth olympics