കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള കേരളാ പുരുഷ-വനിതാ ടീമുകളുടെ പരിശീലനക്യാമ്പ് കോഴിക്കോട് വി.കെ.കെ മേനോന്‍ ഇന്‍ഡോര്‍ സ്റ്റ്ഡിയത്തില്‍. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം വീണ്ടെടഡുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുടീമുകളും. ഡിസംബര്‍ 24ന് ചെന്നൈയിലാണ് ഇത്തവണ ചാമ്പ്യന്‍ ഷിപ്പ് നടക്കുന്നത്.
ഡിസംബര്‍ -24 ന് ആന്ധ്രക്കെതിരായാണ് പുരുഷ ടീമിന്റെ ആദ്യ മത്സരം. അതേ ദിവസംതന്നെ തെലങ്കാനക്കെതിരെയാണ് വനിതകള്‍ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം റെയില്‍വേസിന് മുന്നില്‍ അടിയറവു പറയേണ്ടി വന്ന ഇരുടീമുകള്‍ക്കും ഇത്തവണ മുഖ്യ എതിരാളികളാവുന്നതും ഇതേ ടീം തന്നെയാകും.
സീനിയര്‍ ജൂനിയര്‍ താരങ്ങളെ ഒരുമിച്ചണിനിരത്തിയാണ് പുരുഷ വോളീബോള്‍ ടീം കളത്തിലിറങ്ങുക. ടീമിലെ ഏറ്റവും സീനിയര്‍ താരമായ കിഷോര്‍ കുമാര്‍, ജൂനിയറായ എന്‍.ജിതിന്‍, വിപിന്‍ .എം ജോര്‍ജ്, ജെറോം വിനീത്, കെ.എസ് രജീഷ്, പി. രോഹിത്, ജി.എസ് അഖിന്‍, മുത്തു സ്വാമി എന്നിവരുള്‍പ്പെടുന്ന ടീമാണ് കേരളത്തിന്റേത്.
ടിജി രാജുവിന്റെ നേതൃത്വത്തിലാണ് വനിതാ ടീം കളത്തിലിറങ്ങുന്നത്. ഫൈനലില്‍ തുടര്‍ച്ചയായി എട്ട് തവണ പരാജയപ്പെട്ട് മടങ്ങേണ്ടിവന്ന ടീമാണ് വനിതകളുടേത്. ഇത്തവണ ആ ചീത്തപ്പേരില്ലാതാക്കാനുള്ള ശ്രമത്തിലാണ് ടീം. രേഷ്മ പി.പി, ഫാത്തിമ റുക്‌സാന, അഞ്ജു ബാലകൃഷ്ണന്‍, ജിനി കെ.എസ് തുടങ്ങി മികച്ച ഫോമിലുള്ള താരങ്ങളുടെ സാന്നിധ്യം കേരളത്തിന് ഗുണമായേക്കും.
അബ്ദുല്‍ നാസറാണ് കേരള പുരുഷ ടീമിനെ പരിശീലിപ്പിക്കുന്നത്. കെ.എസ്.ഇ.ബിയുടെ മുന്‍ താരം സണ്ണി ജോസഫാണ് വനിത ടീമിനെ പരിശീലിപ്പിക്കുന്നത്.