ന്യൂഡല്‍ഹി: ദേശീയ കബഡി ചാമ്പ്യന്റെ ഭാര്യ മാനസികമായും ശാരീരികമായുമുള്ള പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. കബഡി താരമായ രോഹിത് ചില്ലാറിന്റെ ഭാര്യ ലളിതയാണ് ദക്ഷിണ ഡല്‍ഹിയിലെ നന്‍ഗോലിയിലെ വീട്ടില്‍ തൂങ്ങി മരിച്ചത്.
തിങ്കളാഴ്ച്ച ലളിതയുടെ അച്ഛനാണ് മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തനിക്ക് നേരിട്ട പീഡനത്തെ കുറിച്ച് പറയുന്ന രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ഷൂട്ട് ചെയ്ത ശേഷമാണ് ലളിത ആത്മഹത്യ ചെയ്തത്.
പ്രോ-കബഡി ലീഗില്‍ ബെംഗളൂരു ബുള്‍സിന്റെ താരമാണ് രോഹിത് ചില്ലാര്‍. മാര്‍ച്ചിലായിരുന്നു ഇരുവരുടെയും വിവാഹം. ലളിതയുടെ രണ്ടാം വിവാഹമാണിത്. നേവിയില്‍ ഉദ്യോഗസ്ഥനായ രോഹിത് ലളിത ആത്മഹത്യ ചെയ്ത സമയത്ത് മുംബൈയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ലളിത ആത്മഹത്യാക്കുറിപ്പും പീഡനം വ്യക്തമാക്കുന്ന വീഡിയോയും തെളിവിനായി അവശേഷിപ്പിച്ചിട്ടുണ്ടെന്നും ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയിരുന്നതായി കത്തിലും വീഡിയോയിലും ലളിത ആരോപിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.
തന്നെ വിട്ടുപോകാന്‍ രോഹിത് കഴിഞ്ഞയാഴ്ച്ച ലളിതയോട് ആവശ്യപ്പെട്ടിരുന്നതായി ലളിത കത്തില്‍ പറയുന്നുണ്ടെന്നും അത് ആത്മഹത്യയിലേക്ക് നയിച്ചതായാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.
സ്ത്രീധനം സംബന്ധിച്ച വഴക്കിനെ തുടര്‍ന്നാണ് ലളിതയുടെ ആദ്യ വിവാഹവും തകര്‍ന്നത്. ഇതിനെത്തുടര്‍ന്ന് ലളിത വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും പോലീസ് പറയുന്നു.
ആത്മഹത്യക്കുശേഷം രോഹിതിന്റെ അച്ഛനെയും അമ്മയെയും കാണാനില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ആത്മഹത്യയുമായി ബന്ധപ്പെട്ട് രോഹിതിനെ പോലീസ് ചോദ്യം ചെയ്‌തേക്കും.