അഗര്‍ത്തല: റിയോ ഒളിമ്പിക്‌സിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് സമ്മാനമായി ലഭിച്ച ബി.എം.ഡബ്ല്യു കാര്‍ തിരിച്ചു നല്‍കുന്നുവെന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാക്കര്‍.
ബി.എം.ഡബ്ല്യു കാര്‍ തിരിച്ചു നല്‍കുന്നുവെന്നോ നിരസിക്കുന്നുവെന്നോ പറഞ്ഞിട്ടില്ലെന്നും അഗര്‍ത്തലയില്‍ കാര്‍ പരിപാലനത്തിന് സൗകര്യമില്ലാത്തതിനാല്‍ തിരിച്ചു നല്‍കുകയെന്ന സാധ്യതയെക്കുറിച്ച് മാത്രമാണ് സംസാരിച്ചതെന്നും ദിപ വ്യക്തമാക്കി.
സച്ചിന്റെ കൈയില്‍ നിന്ന് ഒരു സമ്മാനം സ്വീകരിക്കുന്നത് വലിയ കാര്യമാണെന്നും അങ്ങനെയൊരു സമ്മാനം തിരിച്ചുനല്‍കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കൂടിയാകില്ലെന്നും ദിപ പറഞ്ഞു.
മറ്റൊരു വാഹനം ലഭ്യമാകുമോയെന്ന കാര്യം ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷനുമായി സംസാരിച്ചിട്ടുണ്ടെന്നും അവര്‍ ഇക്കാര്യത്തില്‍ തീരുമാനമറിയിക്കുമെന്നും ദിപ വ്യക്തമാക്കി.
അഗര്‍ത്തലയിലെ റോഡുകള്‍ മോശമാണെന്നും ബി.എം.ഡബ്ല്യുവിനായുള്ള സര്‍വീസ് സെന്ററില്ലെന്നും ചൂണ്ടിക്കാട്ടി ദിപ കാര്‍ തിരിച്ചു നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
കാര്‍ തിരികെ നല്‍കുമെന്നുള്ളത് ദിപയുടെ തീരുമാനമല്ലെന്നും ദിപയുടെ കുടുംബവും താനും ഒന്നിച്ചെടുത്ത തീരുമാനമാണെന്നും ദിപയുടെ കോച്ച് ബിശേശ്വര്‍ നന്തി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യം ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷനെ അറിയിച്ചിട്ടുണ്ടെന്നും പറ്റുമെങ്കില്‍ വാഹനത്തിന്റെ മൂല്യത്തിന് അനുസരിച്ചുള്ള തുക ദിപയുടെ അക്കൗണ്ടിലേക്ക് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചതായും ബിശേശ്വര്‍ നന്തി പറഞ്ഞിരുന്നു.