മെന്‍ഡോസ: സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഗോളില്‍ അര്‍ജന്റീനയ്ക്ക് വിജയം. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മെസ്സി നേടിയ ഏക ഗോളിന് ഉറുഗ്വായെയാണ് അര്‍ജന്റീന തോല്‍പിച്ചത്. 42 ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ബൂട്ടില്‍ നിന്ന് ഗോള്‍വന്നത്. പൊനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്നുള്ള മെസ്സിയുടെ ഷോട്ട് ഗോളിയെ കബളിപ്പിച്ച് പോസ്റ്റിന്റെ വലതുമൂലയിലേക്ക് കയറി.
കോപ്പ അമേരിക്ക ഫൈനലില്‍ പൊനാല്‍റ്റി പാഴാകുകയും അര്‍ജന്റീന തോല്‍ക്കുകയും ചെയ്തതിന് പിന്നാലെ നായകനായ മെസ്സി വിരമിക്കല്‍ പ്രഖ്യാപിച്ചത് കായികലോകത്തെ ഞെട്ടിച്ചിരുന്നു. തന്റെ തീരുമാനം പിന്‍വലിച്ച് വീണ്ടും രാജ്യത്തിനായി കളിക്കാനിറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍നേടാനും ടീമിനെ വിജയിപ്പിക്കാനും മെസ്സിക്ക് കഴിഞ്ഞു.
രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് പൗളോ ഡയ്ബല പുറത്തായതോടെ 10 പേരുമായാണ് രണ്ടാം പകുതി അര്‍ജന്റീന കളിച്ചത്. വിജയത്തോടെ ഉറുഗ്വായെ മറികടന്ന് അര്‍ജന്റീന ഗ്രൂപ്പില്‍ ഒന്നാമതെത്തി