പാരിസ്: മികച്ച ഫുട്ബോള്‍ താരത്തിന് നല്‍കുന്ന ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിന് ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ച് അര്‍ഹനായി. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം നോര്‍വീജിയന്‍ താരം അഡ ഹെഗര്‍ബര്‍ഗിനാണ്. മികച്ച യുവകളിക്കാരന്‍ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയാണ്. ഫ്രഞ്ച് ഫുട്ബോള്‍ വാരികയായ ഫ്രാന്‍സ് ഫുട്ബോള്‍ നല്‍കുന്നതാണ് സ്വര്‍ണപ്പന്ത് എന്ന് അര്‍ഥം വരുന്ന ബാലണ്‍ദ്യോര്‍. 2016 വരെ ഫിഫയും ഫ്രാന്‍സ് ഫുട്ബോളും ചേര്‍ന്നാണ് പുരസ്‌കാരം നല്‍കിയിരുന്നത്.
കഴിഞ്ഞ രണ്ടു തവണയും പുരസ്‌കാരം നേടിയ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, അര്‍ജന്റീനയുടെ ലയണല്‍ മെസ്സി, ഫ്രഞ്ച് താരങ്ങളായ അന്റോയിന്‍ ഗ്രീസ്മാന്‍, കിലിയന്‍ എംബാപ്പെ എന്നിവരെ മറികടന്നാണ് മോഡ്രിച്ച് ആദ്യമായി ബാലണ്‍ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കിയത്
ക്രൊയേഷ്യന്‍ യുദ്ധവുമായി കൂട്ടിവായിക്കാവുന്ന സംഘര്‍ഷഭരിതമായ ഒരു ഭൂതകാലമുള്ള മുപ്പത്തിമൂന്നുകാരനായ ലൂക്ക മോഡ്രിച്ച് ഇതാദ്യമായാണ് ബാലണ്‍ദ്യോര്‍ സ്വന്തമാക്കുന്നത്. ഇക്കഴിഞ്ഞ ലോകകപ്പിലെയും യുവേഫ ചാമ്പ്യന്‍സ് ലീഗിലെയും മികച്ച പ്രകടനമാണ് മോഡ്രിച്ചിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
മോഡ്രിച്ചിന്റെ മികവിലാണ് ഇക്കുറി ക്രൊയേഷ്യ റഷ്യയില്‍ നടന്ന ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചത്. പത്താം നമ്പറുകാരനായ മോഡ്രിച്ചിന്റെ മികവില്‍ തന്നെയാണ് റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയതും.
2006 മുതല്‍ ക്രൊയേഷ്യന്‍ ടീമിന്റെ നെടുന്തൂണാണ് ലൂക്ക. ഇതുവരെയായി 118 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകള്‍ നേടിയിട്ടുണ്ട്. 2012 മുതല്‍ റയലിന്റെ അണിയിലുണ്ട്. 180 മത്സരങ്ങളില്‍ ഒന്‍പത് തവണ ലക്ഷ്യം കണ്ടു. ഡയനാമോ സെഗ്രബിനുവേണ്ടി കളിച്ചു തുടങ്ങിയ ലൂക്ക 2008ല്‍ ടോട്ടനം ഹോട്സ്പറിലെത്തി. നാലു വര്‍ഷത്തിനുശേഷം റയലിലും.
ക്രൊയേഷ്യന്‍ യുദ്ധകാലത്ത് മോഡ്രിച്ചിയെന്ന ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്തവരാണ് ലൂക്കയുടെ കുടുംബം. ലൂക്ക മോഡ്രിച്ചിന്റെ മുത്തച്ഛന്‍ ലൂക്ക അക്രമത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഇവരുടെ തറവാട് വീട് അഗ്നിക്കിരയാവുകയും ചെയ്തു. പിന്നീട് സെഗ്രബില്‍ ഒരു ഹോട്ടലിന്റെ ചായ്പ്പില്‍ തല ചായ്ച്ച് തെരുവില്‍ പന്തു തട്ടിക്കളിച്ചാണ് ലൂക്ക മോഡ്രിച്ച് വളര്‍ന്നത്.
content highlights: luka modric wins ballon d'or