മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സറാകാനൊരുങ്ങി ബൈജൂസ് ലേണിങ് ആപ്പ്. ചൈനീസ് മൊബൈല്‍ ബ്രാന്റായ ഒപ്പോ പിന്മാറുന്ന ഒഴിവിലാണ് ബൈജൂസ് എത്തുന്നത്.
2017 മാര്‍ച്ച് മുതല്‍ അഞ്ചു വര്‍ഷത്തേക്ക് 1,079 കോടിക്കായിരുന്നു ഓപ്പോയും ബി.സി.സി.ഐയുമായുള്ള കരാര്‍. ഈ കരാറാണ് ഓപ്പോ ഇപ്പോള്‍ ബൈജൂസിന് മറിച്ചു നല്‍കുന്നത്. ഒപ്പോയ്ക്ക് നല്‍കിയ അതേ തുകയ്ക്കാണ് ബൈജൂസിനും കരാര്‍ നല്‍കുന്നത്. അതിനാല്‍ ബ്രാന്‍ഡ് മാറ്റത്തിലൂടെ ബി.സി.സി.ഐക്ക് സാമ്പത്തികമായി നഷ്ടമുണ്ടാകില്ല. 2022 മാര്‍ച്ച് 31-നാണ് കരാര്‍ അവസാനിക്കുക.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ ബൈജൂസ് ആപ്പിന്റെ ഉടമ മലയാളിയായ ബൈജു രവീന്ദ്രനാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഏറ്റവും മൂല്യം നേടിയ കമ്പനികളിലൊന്നാണ് ബൈജൂസ്.
നിലവില്‍ 38,000 കോടി രൂപയുടെ ആസ്തിയുള്ള കമ്പനിയാണ് ബൈജൂസ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 750 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ബൈജൂസ് ആപ്പിന് ലഭിച്ചത്.
നാട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരയിലാകും ഇന്ത്യന്‍ ജേഴ്‌സിയില്‍ ബൈജൂസ് ഇടംപിടിക്കുക. വിന്‍ഡീസ് പരമ്പരയില്‍ ജേഴ്‌സിയിലെ ബ്രാന്‍ഡ് നെയിം ഓപ്പോ തന്നെയാകും.
Content Highlights: Learning App Byju's To Replace Oppo On Indian Team's Jersey