കൗമാരക്കാരിയെ പീഡിപ്പിച്ചെന്ന് ആരോപണം നേരിട്ട കബഡി കോച്ച് തൂങ്ങി മരിച്ച നിലയില്‍


വിഷയം അന്വേഷിച്ച സായ് ഹൊസമണിയെ പുറത്താക്കിയിരുന്നു.

ബെംഗളൂരു: കൗമാരക്കാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സായ് കബഡി പരിശീലകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബെംഗളൂരു സായിയിലെ സീനിയര്‍ പരിശീലകന്‍ രുദ്രപ്പ വി ഹൊസമണിയേയാണ് താമസിച്ചിരുന്ന ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പരിശീലന സ്ഥലത്തുവെച്ച് കൗമാരക്കാരിയെ പീഡനത്തിനിരയാക്കി എന്നതായിരുന്നു ഹൊസമണിക്കെതിരെയുണ്ടായിരുന്ന ആരോപണം. ഒക്ടോബര്‍ ഒന്‍പതിന് പെണ്‍കുട്ടിയെ വസ്ത്രം മാറുന്ന മുറിയില്‍ വെച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടിയില്‍ നിന്ന് വിവരം അറിഞ്ഞ മാതാപിതാക്കള്‍ ഇക്കാര്യം സായ് അധികൃതരെ അറിയിക്കുകയായിരുന്നു.

പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. വിഷയം അന്വേഷിച്ച സായ് ഹൊസമണിയെ പുറത്താക്കിയിരുന്നു.

ഈ 13-ാം തീയതിയാണ് ഹൊസമണി ഹരിഹരയിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തത്. ഏറെ കഴിഞ്ഞിട്ടും ഹൊസമണി മുറിക്ക് പുറത്തിറങ്ങാത്തത് ശ്രദ്ധയില്‍പ്പെട്ട ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വാതില്‍ തകര്‍ത്തപ്പോള്‍ ഹൊസമണിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram