മുംബൈ: മീ റ്റു ക്യാമ്പെയ്‌ന്റെ ഭാഗമായി തനിക്ക് നേരിട്ട മാനസികപീഡനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. ട്വിറ്ററിലൂടെയാണ് ജ്വാലയുടെ വെളിപ്പെടുത്തല്‍. മികച്ച പ്രകടനം നടത്തിയിട്ടും ദേശീയ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടെന്നും 2006 മുതല്‍ താന്‍ ഈ മാനസിക പീഡനം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ജ്വാല പറയുന്നു. താന്‍ കളി നിര്‍ത്താന്‍ ഒരു കാരണമിതാണെന്നും ട്വീറ്റില്‍ ജ്വാല ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇതിന് പിന്നിലുള്ള വ്യക്തി ആരാണെന്ന് ജ്വാല വെളിപ്പെടുത്തിയിട്ടില്ല. തന്റെ അച്ഛനും അമ്മയ്ക്കും ഇയാളില്‍ നിന്ന് ഭീഷണിയും പീഡനവും നേരിട്ടെന്നും ജ്വാല കൂട്ടിച്ചേര്‍ക്കുന്നു.
'2006-ല്‍ അയാള്‍ ചീഫ് ആയ ശേഷം എന്ന ദേശീയ ടീമില്‍ നിന്ന് പുറത്താക്കി. ഞാന്‍ അപ്പോള്‍ ദേശീയ ചാമ്പ്യനായിരുന്നുവെന്ന് ഓര്‍ക്കണം. പിന്നീട് റിയോ ഒളിമ്പിക്‌സിന് ശേഷം തിരിച്ചെത്തിയപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. എനിക്ക് ദേശീയ ടീമില്‍ സ്ഥാനമുണ്ടായിരുന്നില്ല. ഞാന്‍ കളി നിര്‍ത്താന്‍ ഒരു കാരണം തന്നെ ഇതാണ്' ജ്വാല ട്വീറ്റില്‍ പറയുന്നു
പിന്നീട് ഈ ഭീഷണിയും പീഡനവുമെല്ലാം എന്റെ അച്ഛന്റേയും അമ്മയുടേയും നേരെയായി. എല്ലാ തരത്തിലും എന്നെ ഒറ്റപ്പെടുത്താനായിരുന്നു അയാളുടെ ശ്രമം. റിയോ ഒളിമ്പിക്‌സില്‍ എന്റെ കൂടെ മികസഡ് ഡബിള്‍സ് കളിച്ച താരത്തെ വരെ ഭീഷണിപ്പെടുത്തി. അവസാനം എന്നെ ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഗുട്ട പറയുന്നു.
അര്‍ജുന പുരസ്‌കാര ജേത്രിയായ ജ്വാല 2016-ലെ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ജ്വാലയുടെ അക്കൗണ്ടിലുണ്ട്.
Content Highlights: Jwala Gutta Joins The Me Too Movement Says She Was Mentally Harassed