മുംബൈ: ശ്രീലങ്കയുടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയ്‌ക്കെതിരെ ലൈംഗിക ആരോപണം. മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ച് രണതുംഗ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഒരു വിമാനത്തിലെ ജീവനക്കാരിയുടെ (ഫ്‌ളൈറ്റ് അറ്റന്‍ഡന്റ്) ആരോപണം. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒപ്പം ജീവിതത്തില്‍ താന്‍ നേരിട്ട മറ്റു പീഡനങ്ങളെക്കുറിച്ചും യുവതി വ്യക്തമാക്കുന്നു.
ശ്രീലങ്കന്‍ ടീമിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് സംഭവം നടക്കുന്നത്. ഹോട്ടലില്‍ വെച്ച് രണതുംഗ യുവതിയുടെ അരയില്‍ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് സഹായത്തിനായി ഹോട്ടല്‍ റിസപ്ഷനിലേക്ക് ഓടിയെന്നും എന്നാല്‍ ഇത് നിങ്ങളുടെ സ്വകാര്യ കാര്യമാണെന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാര്‍ കൈയൊഴിയുകയായിരുന്നുവെന്നും യുവതി എഫ്ബി പോസ്റ്റില്‍ പറയുന്നു.
ഹോട്ടല്‍ ജുഹു സെന്ററിലെ എലിവേറ്ററില്‍ വെച്ച് ക്രിക്കറ്റ് ആരാധികയായ എന്റെ സഹപ്രവര്‍ത്തക ഇന്ത്യയുടേയും ശ്രീലങ്കയുടേയും താരങ്ങളെ കണ്ടു. തുടര്‍ന്ന് റൂമില്‍ പോയി ഓട്ടോഗ്രാഫ് വാങ്ങാമെന്ന് അവള്‍ പറഞ്ഞു. അവളുടെ സുരക്ഷ ആലോചിച്ച് ഞാനും കൂടെപ്പോകാന്‍ തീരുമാനിച്ചു. ഹോട്ടല്‍ റൂമിലെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ മദ്യം തന്നു. ഞാന്‍ വേണ്ടെന്ന് പറഞ്ഞു. എനിക്ക് ആകെ പേടിയായി. കൈയില്‍ കരുതിയിരുന്ന വെള്ളക്കുപ്പിയും പിടിച്ച് ഞാന്‍ എന്തുചെയ്യണമെന്നറിയാതെ നിന്നു. അവര്‍ ഏഴു പേരുണ്ടായിരുന്നു. ഞങ്ങള്‍ രണ്ട് പേരും. റൂമിന്റെ വാതില്‍ അടച്ച് ചെയ്ന്‍ കൊണ്ട് ലോക്ക് ചെയ്തിരുന്നു. ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി. എത്രയും പെട്ടെന്ന് പുറത്തുകടക്കണമെന്ന് ഞാന്‍ അവളോട് പറഞ്ഞു.
എന്നാല്‍ ക്രിക്കറ്റ് ആരാധികയായ അവള്‍ താരങ്ങളെ കണ്ട് അന്തംവിട്ട് നില്‍ക്കുകയായിരുന്നു. അവിടെയുള്ള നീന്തല്‍ക്കുളത്തിന്റെ കരയിലൂടെ നടക്കാനുള്ള മാനസികാവസ്ഥയിലായിരുന്നു അവള്‍. രാത്രി ഏഴു മണിയായിക്കാണും. ഹോട്ടലിന്റെ പിറകിലുള്ള മങ്ങിയ വെളിച്ചമുള്ള, ശൂന്യമായ വഴിയായിരുന്നു അത്. ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ അവളെ കണ്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം കാഴ്ച്ചക്ക് അപ്പുറവുമായിരുന്നു.
പെട്ടെന്ന് രണതുംഗ എന്റെ അരയില്‍ കടന്നുപിടിച്ചു. എന്റെ മാറിടത്തിലേക്ക് കൈകള്‍ കൊണ്ടുവന്നു. ആകെ പേടിച്ചരണ്ട ഞാന്‍ നിലവിളിച്ചു. അയാളുടെ കാലിലും കാല്‍പാദത്തിലുമെല്ലാം എനിക്ക് കഴിയുംവിധം ചവിട്ടി വേദനിപ്പിച്ചു. ഇതിന്റെ അനന്തരഫലം വളരെ വലുതായിരിക്കുമെന്നും നിങ്ങളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്നും ഞാന്‍ ഭീഷണിപ്പെടുത്തി. ഒരു ശ്രീലങ്കക്കാരന്‍ ഇന്ത്യക്കാരിയോട് അപമര്യാദയായി പെരുമാറുകയാണെന്നും പോലീസില്‍ പരാതി നല്‍കുമെന്നും ഞാന്‍ ഓര്‍മിപ്പിച്ചു. കിട്ടിയ അവസരത്തില്‍ അയാളെ തള്ളിയിട്ട് ഒട്ടും സമയം കളയാതെ ഞാന്‍ റിസപ്ഷനിലേക്ക് ഓടി. എന്നാല്‍ 'ഇത് നിങ്ങളുടെ സ്വകാര്യ കാര്യമല്ലേ' എന്നായിരുന്നു റിസപ്ഷനിസ്റ്റിന്റെ മറുപടി. അവരെന്ന സഹായിച്ചതുമില്ല. യുവതി ഫെയ്‌സ്ബുക്കില്‍ എഴുതുന്നു.
1996 ലോകകപ്പില്‍ ശ്രീലങ്കയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രണതുംഗ. 93 ടെസ്റ്റില്‍ നിന്ന് 5105 റണ്‍സും 269 ഏകദിനങ്ങളില്‍ നിന്ന് 7456 റണ്‍സും രണതുംഗയുടെ അക്കൗണ്ടിലുണ്ട്. ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ 54-കാരനായ രണതുംഗ പിന്നീട് ഡെമോക്രാറ്റിക് നാഷണല്‍ അലയന്‍സില്‍ ചേരുകയായിരുന്നു.
Content Highlights: Indian flight attendant claims Arjuna Ranatunga sexually harassed her