ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റില്‍ ഓസീസ് താരം സ്റ്റീവ് സ്മിത്ത് നിറം മങ്ങിപ്പോയത് കോലിക്ക് നേട്ടമായി. ഇരുവരും തമ്മിലുള്ള റേറ്റിങ് പോയിന്റിലെ വ്യത്യാസം 17 ആയി. നേരത്തെ അഞ്ച് റേറ്റിങ് പോയിന്റ് വ്യത്യാസത്തിലായിരുന്നു രണ്ടാം സ്ഥാനത്തുള്ള സ്മിത്ത്.
പെര്‍ത്ത് ടെസ്റ്റില്‍ സ്മിത്ത് 43-ഉം 16-ഉം റണ്‍സെടുത്ത് പുറത്തായിരുന്നു. 864 റേറ്റിങ് പോയിന്റുമായി ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ മൂന്നാം സ്ഥാനത്തും 791 റേറ്റിങ് പോയിന്റുമായി ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര നാലാം സ്ഥാനത്തുമാണ്.
ഓസീസ് താരം മാര്‍നസ് ലബൂഷെയ്‌നും പാക് ക്യാപ്റ്റന്‍ ബാബര്‍ അസമുമാണ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ മൂന്നു ടെസ്റ്റിലെ പ്രകടനം 25-കാരനായ ലബൂഷെയ്‌നെ അഞ്ചാം സ്ഥാനത്തെത്തിച്ചു. മൂന്നു സ്ഥാനം മുന്നില്‍ കയറിയ ലബൂഷെയ്‌ന് 786 റേറ്റിങ് പോയിന്റാണുള്ളത്. പാകിസ്താനെതിരേ ബ്രിസ്‌ബെയ്‌നില്‍ 185 റണ്‍സടിച്ച ലബൂഷെയ്ന്‍ അഡ്‌ലെയ്ഡില്‍ 162 റണ്‍സ് നേടി. ന്യൂസീലന്‍ഡിനെതിരേ പെര്‍ത്തില്‍ 143 റണ്‍സാണ് ഓസീസ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
നാല് സ്ഥാനം മുന്നില്‍ കയറിയ ബാബര്‍ അസം ഒമ്പതാം റാങ്കിലാണ്. 728 റേറ്റിങ് പോയിന്റാണ് പാക് ക്യാപ്റ്റനുള്ളത്. ശ്രീലങ്കയുടെ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ 725 പോയിന്റുമായി പത്താം സ്ഥാനം നിലനിര്‍ത്തി.
Content Highlights: ICC Test Rankings Virat Kohli Marnus Labuschagne