കൊല്ലം: ട്രെയിന്‍ യാത്രയ്ക്കിടെ ചികിത്സ കിട്ടാതെ മുന്‍ ദേശീയ ജൂനിയര്‍ ഹോക്കി ടീം താരത്തിന് ദാരുണാന്ത്യം. കൊല്ലം പള്ളിമണ്‍ സ്വദേശി മനുവാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട മനുവിന് ചികിത്സാ സൗകര്യം നല്‍കാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. പുതുച്ചേരിയിലെ വൃന്ദച്ഛല്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.
പോണ്ടിച്ചേരി സര്‍വകലാശാലയിലെ ബുരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് മനു. ആറാം തിയ്യതി വൈകീട്ടാണ് മനുവും സുഹൃത്ത് നിധിനും കേരളത്തിലേക്ക് ട്രെയിന്‍ കയറിയത്. യാത്രയ്ക്കിടെ മനുവിന് നെഞ്ചുവേദന അനുഭവപ്പെടുകയും സുഹൃത്ത് നിധിന്‍ ഇക്കാര്യം ടി.ടി.ആറിനെ അറിയിക്കുകയും ചെയ്തു.
വൃന്ദച്ഛല്‍ റെയില്‍വേ സ്റ്റേഷനില്‍ ചികിത്സാ സൗകര്യവും ആംബുലന്‍സും ഒരുക്കാമെന്ന് ടി.ടി.ആര്‍ സുഹൃത്തിനെ അറിയിച്ചെങ്കിലും സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെ ആംബുലന്‍സോ മറ്റ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അരമണിക്കൂര്‍ നേരം മനുവിന് റെയില്‍വേ സ്‌റ്റേഷനില്‍ കഴിയേണ്ടതായി വന്നു.
പിന്നീട് സ്റ്റേഷനിലിറങ്ങി പ്രദേശവാസിയുടെ സഹായത്തോടെ സുഹൃത്ത് ഏര്‍പ്പാടാക്കിയ ആംബുലന്‍സ് എത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി നല്‍കാനൊരുങ്ങി മനുവിന്റെ കുടുംബം.
Content Highlights: Heart attack Former national junior hockey player dies during train journey