മുംബൈ: 'കോഫി വിത് കരണ്‍' ചാറ്റ് ഷോയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ബി.സി.സി.ഐ കെ.എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യക്കും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി യോഗത്തിലാണ് ഇരുവരുടേയും വിലക്ക് ഒഴിവാക്കാന്‍ തീരുമാനമെടുത്തത്. നേരത്തെ ശിക്ഷാ നടപടിയുടെ ഭാഗമായി ഇരുവരേയും ഓസ്ട്രേലിയക്കെതിരായ ഏകദിന പര്യടനത്തില്‍ നിന്ന് ബി.സി.സി.ഐ തിരിച്ചുവിളിച്ചിരുന്നു.
പുതിയ അമിക്കസ്ക്യൂറിയായ പി.എസ് നരസിംഹയുമായി ആലോചിച്ചാണ് ഇടക്കാലഭരണസമിതി വിലക്ക് പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. നിലവില്‍ ഇരുവര്‍ക്കുമെതിരായ അന്വേഷണം വഴിമുട്ടിനില്‍ക്കുകയാണ്. സുപ്രീം കോടതി ഓംബുഡ്സ്മാനെ നിയമിച്ച ശേഷം മാത്രമേ അന്വേഷണം തുടരുകയുള്ളു. ഫെബ്രുവരി അഞ്ചിനാണ് ഇക്കാര്യം സുപ്രീം കോടതി പരിഗണിക്കുക. ഇതിനിടയിലാണ് വിലക്ക് നീക്കി ബി.സി.സി.ഐ ഇരുവരേയും തിരിച്ചുവിളിച്ചത്.
പാണ്ഡ്യ നിലവില്‍ ന്യൂസീലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാനാണ് സാധ്യത. അതേസമയം കെ.എല്‍ രാഹുല്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരും. നിലവില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യ എ ടീമിനൊപ്പമാകും രാഹുല്‍ ചേരുക. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ഇരുവരേയും പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്.
നേരത്തെ തന്റെ ലൈംഗിക ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞപ്പോഴാണ് പാണ്ഡ്യ സ്ത്രീവിരുദ്ധമായ പരാമര്‍ശം നടത്തിയത്. ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍ അവതാരകനായ കോഫീ വിത് കരണ്‍ ഷോയില്‍ ആയിരുന്നു പാണ്ഡ്യയുടെ അതിരുവിട്ട സംസാരം. ഇതോടെ പാണ്ഡ്യക്കും ഷോയില്‍ ഒപ്പം പങ്കെടുത്ത രാഹുലിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുകയായിരുന്നു. ഇരുവര്‍ക്കുമെതിരേ ഇന്ത്യന്‍ താരം ഹര്ഭജന് സിങ്ങും രംഗത്തുവന്നിരുന്നു.
Content Highlights: Hardik Pandya, KL Rahul suspension lifted after Koffee with Karan controversy