കലവൂര്‍: വോളിബോള്‍ ആചാര്യനും എസ്.എന്‍.ഡി.പി.യോഗം നേതാവുമായ കലവൂര്‍ വേലിക്കകത്ത് വീട്ടില്‍ കലവൂര്‍ എന്‍.ഗോപിനാഥ് (86) അന്തരിച്ചു.മണ്ണഞ്ചേരി വൈ.എം.എ. ക്ലബ്ബില്‍ വോളിബോള്‍ കളിച്ചുതുടങ്ങിയ ഗോപിനാഥ് 1954-ല്‍ വ്യോമസേനയില്‍ ടെക്നിക്കല്‍ കേഡറില്‍ ജോലിനേടി. വ്യോമസേനാ ടീമിലും പിന്നീട് സര്‍വീസസ് ടീമിലും അംഗമായി.
1959-ലെ ദേശീയ ഗെയിംസില്‍ വോളിബോളില്‍ ജേതാക്കളായ സര്‍വീസസ് ടീമില്‍ അംഗമായിരുന്നു. വിരമിച്ചശേഷം വോളിബോള്‍ പരിശീലകനായി. സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകനായി ജോലിചെയ്യവേ 1973-മുതല്‍ കേരള സര്‍വകലാശാലയുടെയും 1984-ല്‍ അഖിലേന്ത്യാ സര്‍വകലാശാലയുടെയും 1985-ല്‍ എം.ജി.സര്‍വകലാശാലയുടെയും വോളിബോള്‍ പരിശീലകനായി.
ജിമ്മി ജോര്‍ജ്, ശ്യാംസുന്ദര്‍ റാവു, കെ.ഉദയകുമാര്‍ തുടങ്ങിയ നിരവധി ദേശീയ, അന്താരാഷ്ട്ര താരങ്ങള്‍ ഗോപിനാഥിന്റെ ശിഷ്യരാണ്. 1997-ല്‍ കളിക്കളത്തില്‍നിന്ന് വിരമിച്ചശേഷം എസ്.എന്‍.ഡി.പി.യോഗത്തിലും മറ്റ് സാമൂഹിക-സാംസ്‌കാരിക സംഘടനകളിലും സജീവമായി. അമ്പലപ്പുഴ എസ്.എന്‍.ഡി.പി. യോഗം യൂണിയന്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ഗോപിനാഥ് എസ്.എന്‍.ട്രസ്റ്റ് ചേര്‍ത്തല ആര്‍.ഡി.സി. ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കയര്‍ കയറ്റുമതി വ്യവസായിയും കര്‍ഷകനുമായിരുന്നു.
ഭാര്യ: പങ്കി ഗോപിനാഥ്. മക്കള്‍: ബിനു ഗോപിനാഥ് (പോസ്റ്റ്മാസ്റ്റര്‍, ആലപ്പുഴ), ബിജു ഗോപിനാഥ് (കെ.എസ്.ഇ.ബി., എറണാകുളം), ബീനാ ഗോപിനാഥ് (അധ്യാപിക, കണിച്ചുകുളങ്ങര ദേവസ്വം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). മരുമക്കള്‍: മാലാ ബിനു, മഞ്ജു ബിജു, സനല്‍ (ജില്ലാ സഹകരണ ബാങ്ക്, ആലപ്പുഴ). ശവസംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് 5-ന് വീട്ടുവളപ്പില്‍.
Content Highlights: Former volleyball coach Kalavoor N Gopinath passes away