ചേര്‍ത്തല: എണ്‍പതുകളില്‍ ട്രാക്കിലെ തീപ്പൊരിയായിരുന്നു സതീശന്‍. പ്രധാനം ദീര്‍ഘദൂര ഓട്ടം. ജില്ലയും കടന്ന് സംസ്ഥാനതലത്തിലേക്കും ഓടിക്കയറിയപ്പോള്‍ നാട് പതിച്ചുനല്‍കിയ പേരാണ് ചാമ്പ്യന്‍ സതീശനെന്ന്.
ഓടിനേടിയതിന്റെ തെളിവുകളായി നിറയുന്നത് ഒന്നര കിലോയോളം വരുന്ന സര്‍ട്ടിഫിക്കറ്റുകളും മുറി നിറയുന്ന ട്രോഫികളും മാത്രം. ഓടിത്തളര്‍ന്നപ്പോള്‍ ലോട്ടറി വില്‍പ്പനകാരനായ സതീശന്‍ ഇപ്പോള്‍ നടക്കാന്‍പോലും പരസഹായം വേണ്ട സ്ഥിതിയിലായി. താലൂക്കാശുപത്രിയിലെ മൂന്നാം വാര്‍ഡില്‍ വേദനകളോടുമല്ലടിക്കുമ്പോഴും പഴയ ഓട്ടക്കഥകളിലെ ആവേശം 58-കാരനില്‍ നിറയുന്നു.
നഗരസഭ 27-ാം വാര്‍ഡ് മഞ്ചിപ്പുരക്കല്‍ ഡി.സതീശനിപ്പോള്‍ ഓടാനുള്ള കരുത്തില്ല, എഴുന്നേറ്റുനില്‍ക്കാനുള്ള താങ്ങാണു വേണ്ടത്. പത്താംതരം പരാജയപ്പെട്ട് സ്‌കൂള്‍ വിട്ടശേഷമാണ് സതീശനിലെ കായികപ്രതിഭയെ കണ്ടെത്തുന്നത്. അതും, അതേ സ്‌കൂളിലെ കായികാധ്യാപകനായ ശശിസാര്‍. അമച്വര്‍ അത്ലറ്റിക് മീറ്റില്‍ 1985 മുതല്‍ 1989 വരെ ജില്ലയില്‍ 800, 1500, 5000 മീറ്ററുകളില്‍ സതീശന് എതിരില്ലായിരുന്നു. 5000 മീറ്ററിലും 10000 മീറ്ററിലും സംസ്ഥാനതലത്തിലും രണ്ടാംസ്ഥാനം നേടി. ഇതിനൊപ്പം സംസ്ഥാനത്തെ പ്രധാന ദീര്‍ഘദൂര ഓട്ടമത്സരത്തിലും വിജയിയായി.
എറണാകുളത്ത് കിംസ് എന്ന സംഘടന നടത്തുന്ന ദീര്‍ഘദൂര ഓട്ടത്തില്‍ ഏഴ് കിലോമീറ്റര്‍ 19 മിനിറ്റില്‍ ഓടി റെക്കോഡും സ്ഥാപിച്ചു. അമച്വറിലെ മികവിലൂടെ റെയില്‍വേ മീറ്റില്‍ അതിഥിതാരമായി മാറ്റുരച്ച് 1500 മീറ്ററില്‍ സ്വര്‍ണം നേടിയെങ്കിലും ഭാഗ്യക്കുറവില്‍ ജോലി ലഭിച്ചില്ല. ഓട്ടത്തിന്റെ വേഗതകുറഞ്ഞപ്പോള്‍ ജീവിക്കാനായി ലോട്ടറി വില്‍പ്പനക്കാരനായി. അഞ്ചുവര്‍ഷം മുന്‍പ് ശരീരത്തിന്റെ ഒരുവശം തളര്‍ന്നതോടെ ജീവിതം കഠിന പരീക്ഷണമായി.
രക്തത്തിലെ പഞ്ചസാരയുടെ അളവുകൂടി അടുത്തിടെ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍വച്ച് കാല്‍വിരലുകള്‍ മുറിച്ചുമാറ്റി. ഇപ്പോള്‍ പരസഹായമില്ലാതെ ഒന്നുംചെയ്യാനാകാത്ത സ്ഥിതി. പഴയ ഓട്ടക്കാരനെ അറിയുന്ന പ്രാദേശിക ക്ലബ്ബുകള്‍ ഇന്നും സതീശനെ അംഗീകരിക്കുന്നുണ്ട്.
ലോട്ടറി വില്‍പ്പനപോലും ഇനി അസാധ്യമാകുമ്പോള്‍ മകന്‍ സ്വകാര്യ സ്ഥാപനത്തില്‍ പോകുന്നതുമാത്രമാണ് ഏകവരുമാനം.
Content Highlights: former sprinter satheeshan in bad situation