ലണ്ടന്‍: ഇംഗ്ലണ്ടിന്റെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പേസ് ബൗളറുമായിരുന്ന ബോബ് വില്ലിസ് (70) അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു.
ഇംഗ്ലണ്ട് ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരിലൊരാളായിരുന്ന ആറടി ആറിഞ്ചുകാരനായ വില്ലിസിന്റെ പന്തുകള്‍ അക്കാലത്ത് ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നമായിരുന്നു.
1971-ല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയത്. 1984 വരെ ഇംഗ്ലീഷ് പേസ് ബൗളിങ്ങിന് കരുത്തേകി. 90 ടെസ്റ്റില്‍ 325 വിക്കറ്റും 64 ഏകദിനങ്ങളില്‍ 80 വിക്കറ്റെുമെടുത്തു.
1981-ലെ ആഷസ് പരമ്പരയിലെ ഹെഡിങ്ലി ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ 130 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ 43 റണ്‍സിന് എട്ടു വിക്കറ്റെടുത്ത് വെറും 111 റണ്‍സിന് എറിഞ്ഞിട്ട് ഇംഗ്ലണ്ടിന് അവിശ്വസിനീയ വിജയം സമ്മാനിച്ചത് ബോബ് വില്ലിസായിരുന്നു.
ഇംഗ്ലണ്ടിന്റെ വിക്കറ്റ് വേട്ടക്കാരില്‍ ജെയിംസ് ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ഇയാന്‍ ബോതം എന്നിവര്‍ക്കു മാത്രം പിന്നിലാണ് വില്ലിസ്. വേഗം കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ച വില്ലിസിന് പക്ഷേ 1975-ല്‍ പരിക്ക് കാരണം രണ്ട് കാല്‍മുട്ടുകളിലും ശസ്ത്രക്രിയ വേണ്ടിവന്നു. എന്നാല്‍ പിന്നീട് ശക്തമായി തിരിച്ചെത്തിയ വില്ലിസ് വിരമിക്കലിനു ശേഷം കമന്റേറ്ററായും തിളങ്ങി.
Content Highlights: Former England captain Bob Willis passes away aged 70