ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങളെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്.
മോദിയെപ്പോലെയല്ല ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വവും തുല്യ നീതിയും ഉറപ്പാക്കുന്ന സര്‍ക്കാരാകും തന്റേതെന്നും ന്യൂനപക്ഷപങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് എങ്ങനെ ഭരിക്കണമെന്ന് തനിക്കറിയാമെന്നുമായിരുന്നുവെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ വാക്കുകള്‍.
ഇതിനു പിന്നാലെയാണ് പാക് പ്രധാനമന്ത്രിക്ക് മറുപടിയുമായി കൈഫ് ട്വിറ്ററിലൂടെ രംഗത്തെത്തിയത്. ന്യൂനപക്ഷങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് മറ്റ് രാജ്യങ്ങളെ പഠിപ്പിക്കാന്‍ ഏറ്റവും അവസാനം മാത്രം സ്ഥാനമുള്ള രാജ്യമാണ് പാകിസ്താനെന്ന് കൈഫ് ട്വീറ്റ് ചെയ്തു.
ഇന്ത്യ-പാക് വിഭജന സമയത്ത് 20 ശതമാനമായിരുന്നു പാകിസ്താനിലെ ന്യൂനപക്ഷം. എന്നാലിപ്പോഴത് രണ്ട് ശതമാനമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ഞങ്ങളെ പഠിപ്പിക്കേണ്ടെന്നും ഇമ്രാന്‍ ഖാന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷായുടെ പ്രസ്താവനകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഇമ്രാന്‍ ഖാന്റെ വിമര്‍ശനം. ഇതിനെതിരെ ഷായും നവാസുദ്ദീന്‍ സിദ്ദീഖിയുമടക്കമുള്ള നിരവധി പേര്‍ പ്രതികരിച്ചിരുന്നു.
Content Highlights: don't lecture on how to treat minorities mohammad kaif tells imran khan