ഹവാന: മൂന്ന് ക്യൂബന്‍ കുട്ടികളുടെ അച്ഛനാണ് താനെന്ന് ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ ഏറ്റുപറച്ചില്‍. ഇപ്പോള്‍ എട്ട് മക്കളുടെ പിതൃത്വം 58-കാരനായ അര്‍ജന്റീനയുടെ ഇതിഹാസ താരം സമ്മതിച്ചിട്ടുണ്ട്. മുന്‍ ഭാര്യ ക്ലോഡിയോ വിലാഫെയ്നിലുള്ള രണ്ട് പെണ്‍മക്കളല്ലാതെ (ദല്‍മ - 31, ഗിയാനിന - 29) തനിക്ക് വേറെ മക്കളില്ലെന്ന് ഒരുകാലത്ത് മാറഡോണ അവകാശപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ഒന്നൊന്നായി പുറത്തുവന്നുതുടങ്ങി.
അമ്മമാര്‍ കേസിന് പോയതിനെത്തുടര്‍ന്ന് ഡീഗോ ജൂനിയര്‍ (32), ജാന (22) എന്നിവരുടെ പിതൃത്വം പിന്നീട് മാറഡോണയ്ക്ക് അംഗീകരിക്കേണ്ടിവന്നു. കാമുകി വെറോണിക്ക ഒയേദയില്‍ മാറഡോണയ്ക്ക് ആറു വയസ്സുള്ള മകനുണ്ട്; ഡീഗോ ഫെര്‍ണാണ്ടോ.
പിതൃത്വപരിശോധനകള്‍ക്കായി മാറഡോണ ഈ വര്‍ഷം അവസാനത്തോടെ ക്യൂബയില്‍ പോകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. ലഹരിമുക്ത ചികിത്സയ്ക്കായി 2000-2005 കാലത്ത് മാറഡോണ ക്യൂബയിലുണ്ടായിരുന്നു. ക്യൂബന്‍ നേതാവ് ഫിഡെല്‍ കാസ്ട്രോയുമായി അടുത്ത ബന്ധവും പുലര്‍ത്തിയിരുന്നു. കാസ്ട്രോയുടെ മുഖം കാലില്‍ പച്ചകുത്തുകയും ചെയ്തു.
Content Highlights: Diego Maradona accepts paternity of three children in Cuba