ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കോഴിക്കോട് കേന്ദ്രമായ തീവ്രവാദ സംഘടനയുടെ ഭീഷണി


1 min read
Read later
Print
Share

മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ബംഗ്ലാദേശിനെതിരേ കളിക്കുന്നത്.

ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര കളിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഭീഷണി. ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടി20 യ്ക്കിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും മറ്റ് പ്രമുഖ രാഷ്ട്രീയക്കാരെയും വധിക്കുമെന്നാണ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ സംഘടന എന്ന് അവകാശപ്പെട്ടവരുടെ ഭീഷണി. ദേശീയ അന്വേഷണ ഏജന്‍സിക്കാണ് ഇവരുടെ കത്ത് ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ടീമിനുള്ള സുരക്ഷയും ന്യൂഡല്‍ഹിയിലെ സുരക്ഷാ സംവിധാനവും ശക്തമാക്കാന്‍ എന്‍.ഐ.എ. ആവശ്യപ്പെട്ടിട്ടുണ്ട്.

എന്‍.ഐ.എ ഭീഷണിക്കത്ത് ബി.സി.സി.ഐയ്ക്കും ഡല്‍ഹി പോലീസിനും കൈമാറിയിട്ടുണ്ട്. എന്നാല്‍, കോഴിക്കോട് കേന്ദ്രമായി ഇത്തരത്തില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നതായി അറിവില്ല. ഭീഷണി വ്യാജമാവാനാണ് സാധ്യത എന്ന വിലയിരുത്തലിലാണ് അവരെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കിലും ഭീഷണി വിലകുറച്ച് കാണാന്‍ എന്‍.ഐ.എ. തയ്യാറല്ലെന്നാണ് അറിയുന്നത്. ഇതിനെ തുടര്‍ന്നാണ് വേദിയിലെയും കളിക്കാരുടെയുമെല്ലാം സുരക്ഷ ശക്തമാക്കുന്നത്.

മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ബംഗ്ലാദേശിനെതിരേ കളിക്കുന്നത്. നവംബര്‍ മൂന്നിനാണ് പരമ്പര ആരംഭിക്കുന്നത്. ആദ്യ ടി20 മത്സരം ഞായറാഴ്ച ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. കോലിക്ക് ഭീഷണിയുണ്ടെങ്കിലും ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ കോലി കളിക്കുന്നില്ല. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്.

Content Highlights: Delhi police asked to step-up security after Indian Cricket Team Receives Threat T20

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram