മുംബൈ: ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയസ്തംഭനമുണ്ടായ മുംബൈ യുവതാരത്തിന് ദാരുണാന്ത്യം. വൈഭവ് കേസാര്‍ക്കര്‍ (24) ആണ് മരിച്ചത്.
മുംബൈയ്ക്കടുത്ത് ഭാന്ദുപ്പിലായിരുന്നു സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രാദേശിക ടെന്നിസ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ നെഞ്ചു വേദന അനുഭവപ്പെട്ട വൈഭവിനെ ഉടന്‍ തന്നെ അടുത്തുള്ള ഭസവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രദേശത്തെ ടെന്നിസ് ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലെ സ്ഥിരം താരമായിരുന്നു വൈഭവ്. പ്രദേശത്തെ അറിയപ്പെടുന്ന ടൂര്‍ണമെന്റുകളിലെല്ലാം കളിച്ചുവന്ന താരത്തിന്റെ മരണം ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മരണത്തില്‍ ദുരൂഹതയില്ലെന്നും സ്വാഭാവിക മരണമാണെന്നും ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: cricketer suffers chest pain while playing dies later in mumbai