ബ്യൂണസ് ഏറീസ്: അര്‍ജന്റിനയിലെ ഫുട്‌ബോള്‍ രംഗത്തെ കുത്തഴിഞ്ഞ അവസ്ഥ വിളിച്ചോതിക്കൊണ്ട് പരമ്പരാഗത വൈരികളായ ബൊക്ക ജൂനിയേഴ്‌സും റിവര്‍ പ്ലേറ്റും തമ്മിലുള്ള കോപ്പ ലിബര്‍ട്ടഡോഴ്‌സ് ഫൈനലിന്റെ രണ്ടാംപാദ മത്സരം. അര്‍ജന്റീനയിലെ എല്‍ ക്ലാസിക്കോ എന്നറിയപ്പെടുന്ന മത്സരമായിരുന്നു ഇത്.
റിവര്‍ പ്ലേറ്റിന്റെ ഹോം ഗ്രൗണ്ടായ ബ്യൂണസ് ഏറീസിലെ എസ്റ്റാഡിയോ മോണ്യുമെന്റല്‍ സ്‌റ്റേഡിയത്തില്‍ വച്ച് ആരാധകര്‍ ബൊക്ക ജൂനിയേഴ്‌സിന്റെ ടീം ബസ് ആക്രമിച്ചതിനെ തുടര്‍ന്ന് ഫൈനല്‍ മത്സരം മാറ്റിവച്ചു.
ആദ്യം ഒരു മണിക്കൂര്‍ വൈകിച്ച മത്സരം പിന്നീട് രണ്ട് ടീമുകളുടെയും അധികൃതരുമായി സംസാരിച്ച് ഞായറാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ഈ മത്സരത്തിന് സ്‌റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കുമോ എന്ന കാര്യം ഉറപ്പില്ല.
കഴിഞ്ഞ ദിവസം ഈ മത്സരത്തിന് മുന്നോടിയായുള്ള ബൊക്ക ജൂനിയേഴ്‌സ് ടീമിന്റെ പരിശീലനം കാണാന്‍ മാത്രം അര ലക്ഷം ആളുകളാണ് സ്‌റ്റേഡിയത്തില്‍ എത്തിയത്.
മത്സരത്തിനായി ബൊക്ക ജൂനിയേഴ്‌സിന്റെ ടീം ബസ് സ്‌റ്റേഡിയത്തില്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. ഒരു വിഭാഗം ആരാധകര്‍ ബസ് വളയുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. കല്ലേറില്‍ ബസ്സിന്റെ ചില്ല് തകര്‍ന്ന് ബൊക്കയുടെ താരങ്ങ്യായ പാബ്ലൊ പെരസ്, ഗോണ്‍സാലോ ലമാര്‍ഡോ എന്നീ കളിക്കാര്‍ക്ക് പരിക്കേറ്റു. പെരസിന് കണ്ണിനാണ് പരിക്ക്. ലമാര്‍ഡോയ്ക്ക് തലയ്ക്കും. ഇരുവരെയും ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തലകറക്കവും ഛര്‍ദിയും ഉണ്ടായതിനെ തുര്‍ന്ന് മുന്‍ അര്‍ജന്റീന ഇന്റര്‍നാഷണല്‍ കാര്‍ലോസ് ടെവസ് ചികിത്സ തേടി.
മൂന്ന് വര്‍ഷം മുന്‍പ് റിവര്‍ പ്ലേറ്റും ബൊക്കെ ജൂനിയേഴ്‌സും തമ്മിലുള്ള കോപ്പ ലിബര്‍ട്ടഡോഴ് പ്രീക്വാര്‍ട്ടര്‍ മത്സരവും സമാനമായ അക്രമസംഭവങ്ങളെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ബൊക്കയുടെ ഹോം ഗ്രൗണ്ടായ ബൊംബണെരോ സ്‌റ്റേഡിയത്തിലെ കളിക്കാരുടെ ടണലില്‍ വച്ച് ആരാധകര്‍ റിവര്‍ പ്ലേറ്റിന്റെ താരങ്ങളെ കുരുമുളക് സ്‌പ്രേ ഉപയോഗച്ച് ആക്രമിക്കുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ബൊക്ക ജൂനിയേഴ്‌സിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ലാറ്റിനമേരിക്കയിലെ തന്നെ ഏറ്റവും വലിയ ക്ലബ് ചാമ്പ്യന്‍ഷിപ്പാണ് കോപ്പ ലിബര്‍ട്ടഡോഴ്‌സ്. എങ്കിലും അര്‍ജന്റീനയിലെ ഏറ്റവും വലിയ രണ്ട് ക്ലബുകളായ ബൊക്കയും റിവര്‍ പ്ലേറ്റും ഇതാദ്യമായാണ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
ബൊക്കയുടെ ഹോം ഗ്രൗണ്ടായ ബൊംബൊണേരോയില്‍ നടന്ന ആദ്യപാദ മത്സരം 2-2 എന്ന സ്‌കോറില്‍ സമനിലയില്‍ കലാശിച്ചു. അതുകൊണ്ട് തന്നെ രണ്ടാംപാദ മത്സരം നിര്‍ണായകമായിരുന്നു.
മുഴുവന്‍ രാജ്യത്തിനും നാണക്കേടുണ്ടാക്കിയ സംഭവം എന്നാണ് മുന്‍ അര്‍ജന്റൈന്‍ ഇന്റര്‍നാഷണല്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട പ്രതികരിച്ചത്.
Content Highlights: Boca Juniors River Plate in Copa Libertadores final Fan Clash Riot Carlos Tavez Argentina Football