തിരുവനന്തപുരം: ഹൈജമ്പില്‍ ഉയരങ്ങള്‍ തിരുത്തിക്കൊണ്ടിരുന്ന കാലത്ത് ബോബി അലോഷ്യസിന് അര്‍ജുന
പുരസ്‌കാരം ലഭിക്കുമെന്ന് പലരും കരുതി. ബോബിയും അത് പ്രതീക്ഷിച്ചു. പക്ഷേ, ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും നേടിയ ബോബിക്ക് അന്ന് അംഗീകാരം കിട്ടിയില്ല.
എന്നാല്‍ ചാട്ടം നിര്‍ത്തി പുതുതലമുറയുടെ കായികസ്വപ്നങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കാലത്ത് ബോബിയെ, കായികരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ധ്യാന്‍ ചന്ദ് പുരസ്‌കാരം തേടിയെത്തിയിരിക്കുന്നു.
ധ്യാന്‍ചന്ദ് പുരസ്‌കാരത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ബോബി അലോഷ്യസ് പറഞ്ഞു. 'കരിയറില്‍ നിന്ന് വിരമിച്ചതിനു ശേഷവും എന്റെ സമയവും പ്രയത്‌നവുമെല്ലാം ഞാന്‍ സ്‌പോര്‍ട്സിനായി ചെലവഴിച്ചിരുന്നു. കായികഭരണ രംഗത്തും പരിശീലനത്തിനുമെല്ലാം എന്റേതായ സംഭാവനകള്‍ നല്‍കാന്‍ ശ്രമിച്ചു. അവാര്‍ഡ് കിട്ടിയതില്‍ ഏറെ സന്തോഷമുണ്ട്.
'ഹൈജമ്പില്‍ 2002-ലെ ബുസാന്‍ ഏഷ്യന്‍ ഗെയിംസിലും 2002ല്‍ ശ്രീലങ്കയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വെള്ളി നേടിയ താരമാണ് ബോബി. 2000- ത്തില്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി. ഹെജമ്പില്‍ 1.91 മീറ്റര്‍ ചാടിയ ബോബിയുടെ പേരിലായിരുന്നു ഏറെക്കാലം ദേശീയ റെക്കോഡ്.
ധ്യാന്‍ചന്ദ് അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നതായി ബോബി മാതൃഭൂമിയോട് പറഞ്ഞു. 'അത്ലറ്റിക് ഫെഡറേഷന്‍ നല്ല പിന്തുണ നല്‍കി. അര്‍ജുന അവാര്‍ഡ് ലഭിക്കുന്നതിനേക്കാള്‍ പ്രയാസമാണ് ധ്യാന്‍ചന്ദ് അവാര്‍ഡ് ലഭിക്കാന്‍. വിരമിച്ചശേഷം കായികരംഗത്ത് തുടരാന്‍ നമ്മള്‍ ഏറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവരും. ജോലിത്തിരക്കിനിടയിലും ഇതിന് സമയം കണ്ടെത്തണം.'
കേരള സ്പോര്‍ട്സ് കൗണ്‍സിലില്‍ ജോയന്റ് സെക്രട്ടറി ആയിരുന്ന ബോബി ഇപ്പോള്‍ തിരുവനന്തപുരത്ത് കസ്റ്റംസില്‍ സൂപ്രണ്ടാണ്. മാധ്യമപ്രവര്‍ത്തകനായ ഷാജന്‍ സ്‌കറിയയാണ് ഭര്‍ത്താവ്. മക്കള്‍: സ്റ്റെഫാന്‍, ഗംഗോത്രി, ഋതിക്.