ആന്റിഗ്വ: വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനെതിരായി വന്ന സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ച് ബി.സി.സി.ഐ. സന്ദേശം വ്യാജമാണെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചതായി ഒരു മുതിര്‍ന്ന ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പ്രതികരിച്ചു.
അതേസമയം ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ആന്റിഗ്വ സര്‍ക്കാരുമായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ബന്ധപ്പെട്ടതായും ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും മുന്‍കരുതലെന്ന നിലയ്ക്ക് ടീമിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ടീമിന്റെ നീക്കങ്ങളെല്ലാം നിരീക്ഷിച്ചുവരികയാണെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ടീമിനൊപ്പം ഒരു പൈലറ്റ് വാഹനവും അനുവദിച്ചിട്ടുണ്ട്.
22-ന് വിന്‍ഡീസിനെതിരേ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി വിന്‍ഡീസ് എ ടീമിനെതിരേ സന്നാഹ മത്സരത്തിലാണ് ടീം ഇന്ത്യ ഇപ്പോള്‍.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു നേരെ ഭീകരാക്രമണമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ആഗസ്റ്റ് 16-ാം തീയതി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനാണ് (പി.സി.ബി) ഇ-മെയില്‍ സന്ദേശം ലഭിച്ചത്. ടീം അംഗങ്ങള്‍ കൊല്ലപ്പെടുമെന്നായിരുന്നു സന്ദേശം. ഇ-മെയില്‍ ലഭിച്ച ഉടന്‍ തന്നെ പി.സി.ബി ഇക്കാര്യം ഐ.സി.സിയേയും ബി.സി.സി.ഐയേയും അറിയിക്കുകയായിരുന്നു.
പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയത്തില്‍ ഇടപെടുകയും ആന്റിഗ്വയിലെ ഇന്ത്യന്‍ എംബസിയില്‍ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് വിവിധ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ പരിശോധനയിലാണ് സന്ദേശം വ്യാജമാണെന്ന് വ്യക്തമായത്.
Content Highlights: BCCI informs Indian High Commission in Antigua about hoax terror threat