റോം: പ്രളയത്തില്‍ നിന്ന് കര കയറാന്‍ ശ്രമിക്കുന്ന കേരളത്തിന് സഹായം വാഗ്ദ്ധാനം ചെയത് ഇറ്റാലിയന്‍ ക്ലബ്ബ് എ.എസ് റോമയ്ക്ക് നന്ദി പറഞ്ഞ് മലയാളികള്‍. കേരളത്തെ സഹായിക്കാനായി ഹോം ഗ്രൗണ്ടില്‍ നടക്കുന്ന ആദ്യ മത്സരത്തിലെ അഞ്ച് ജഴ്സികള്‍ ലേലം ചെയ്യുമെന്ന് റോമ വ്യക്തമാക്കിയിരുന്നു. ഈ ലേലത്തിലൂടെ ലഭിക്കുന്ന തുക പ്രളയബാധിതരെ സഹായിക്കാനായി ക്ലബ്ബ് വിനിയോഗിക്കും. ആദ്യ ഇലവനില്‍ കളിക്കുന്ന അഞ്ച് താരങ്ങളുടെ ജഴ്സികളാണ് ലേലത്തിനു വെക്കുന്നത്.
തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു റോമ കേരളത്തിന് സഹായഹസ്തം നീട്ടിയത്. ഇതിന് പിന്നാലെ റോമയുടെ ഫെയ്‌സ്ബുക്ക് പേജിലും ട്വിറ്റര്‍ പേജിലും നിരവധി മലയാളികള്‍ നന്ദി അറിയിച്ച് കമന്റ് ചെയ്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ആരാധകക്കൂട്ടയ്മയായ മഞ്ഞപ്പടയും റോമയ്ക്ക് നന്ദി അറിയിച്ചിട്ടുണ്ട്.
അടുത്ത ചൊവ്വാഴ്ചയാണ് റോമയുടെ അടുത്ത ഹോംമാച്ച്. അറ്റ്ലാന്റയാണ് റോമയുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ റോമ ടൊറിനോയെ തോല്‍പ്പിച്ചിരുന്നു. നേരത്തെ കേരളത്തിന് സഹായം നല്‍കാന്‍ ആരാധകരോടു ക്ലബ് അഭ്യര്‍ഥിച്ചിരുന്നു.
ഇറ്റാലിയന്‍ ലീഗില്‍ കളിക്കുന്ന ടീമാണ് എഎസ് റോമ. മൂന്ന് തവണ ഇറ്റാലിയന്‍ കപ്പും, രണ്ട് തവണ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പും സ്വന്തമാക്കിയിട്ടുണ്ട്. ഒരു തവണ യൂറോപ്യന്‍ കപ്പില്‍ റണ്ണേഴ്‌സപ്പും ആയിട്ടുണ്ട്. നേരത്തെ യൂറോപ്യന്‍ വമ്പന്മാരായ ലിവര്‍പൂള്‍, എഫ്‌സി ബാര്‍സിലോണ, ചെല്‍സി ഉള്‍പ്പടെയുള്ള ക്ലബ്ബുകളും കേരളത്തിന് പിന്തുണയറിച്ച് രംഗത്തെത്തിയിരുന്നു.
Content Highlights: AS Roma comes out to help Kerala flood victims