ലോകം മറക്കില്ല ആ ഗോള്‍; ആ ചരിത്ര നിമിഷം മറന്ന ടാറ്റ ബ്രൗണ്‍ യാത്രയായി


2 min read
Read later
Print
Share

മെക്‌സിക്കോയിലെ ആസ്‌റ്റെക്ക സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലിന്റെ ഇരുപത്തിമൂന്നാം മിനിറ്റിലായിരുന്നു അര്‍ജന്റീനയ്ക്ക് ആദ്യമായി ലീഡ് സമ്മാനിച്ച ബ്രൗണിന്റെ ഗോള്‍.

ബ്യൂണസ് ഏറീസ്: 1986ലെ ലോകകപ്പ് ഫൈനലില്‍ ജര്‍മനിക്കെതിരെ അര്‍ജന്റീനയ്ക്കുവേണ്ടി ആദ്യ ഗോള്‍ നേടിയ ഡിഫന്‍ഡര്‍ ജോസ് ലൂയിസ് ബ്രൗണ്‍ (62) അന്തരിച്ചു. ഏറെക്കാലമായി മറവിരോഗത്തിനടിപ്പെട്ടു കഴിയുകയായിരുന്നു കൂട്ടുകാര്‍ ടാറ്റ ബ്രൗണ്‍ എന്നു വിളിക്കുന്ന ലൂയിസ് ബ്രൗണ്‍. മുന്‍ ക്ലബായ എസ്റ്റുഡിയന്റസ് ഡെ ലാ പ്ലാറ്റയാണ് വാര്‍ത്താക്കുറിപ്പില്‍ ലൂയിസ് ബ്രൗണിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്.

മെക്‌സിക്കോയിലെ ആസ്‌റ്റെക്ക സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലിന്റെ ഇരുപത്തിമൂന്നാം മിനിറ്റിലായിരുന്നു അര്‍ജന്റീനയ്ക്ക് ആദ്യമായി ലീഡ് സമ്മാനിച്ച ബ്രൗണിന്റെ ഗോള്‍. 3-2 എന്ന സ്‌കോറിന് ജയിച്ച് ഡീഗോ മാറഡോണയുടെ അര്‍ജന്റീന ലോകകപ്പ് സ്വന്തമാക്കിയ ഫൈനലില്‍ വാല്‍ഡാനോയും ബറുഷാഗയുമാണ് അര്‍ജന്റീനയുടെ മറ്റ് രണ്ട് ഗോളുകള്‍ നേടിയത്. ഒരു ഫ്രീകിക്കി ഹെഡ്ഡ് ചെയ്തിട്ടാണ് ബ്രൗണ്‍ ജര്‍മനിയെ ഞെട്ടിച്ച ഗോള്‍ നേടിയത്. ഡീഗോ മാറഡോണയെ മാര്‍ക്ക് ചെയ്ത് രണ്ട് ജര്‍മന്‍ ഡിഫന്‍ഡര്‍മാരെയും ഗോളി ഷുമാക്കറെയും പരാജയപ്പെടുത്തിയായിരുന്നു ബോക്‌സിന്റെ വലതു ഭാഗത്തു നിന്നുള്ള ബ്രൗണിന്റെ ഗോള്‍ ഹെഡ്ഡര്‍. അന്താരാഷ്ട്ര കരിയറില്‍ ബ്രൗണ്‍ നേടിയ ഏക ഗോളും ഇതു തന്നെ.

ബ്രൗണ്‍ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ലോകകപ്പ് നേടുമായിരുന്നില്ലെന്നാണ് അന്ന് ടീമിനെ നയിച്ച ഇതിഹാസതാരം ഡീഗോ മാറഡോണ പ്രതികരിച്ചത്.

സെന്റര്‍ ബാക്കായിരുന്ന ബ്രൗണ്‍ അര്‍ജന്റീനയ്ക്കുവേണ്ടി 36 മത്സരങ്ങളാണ് കളിച്ചത്. 1983ലാണ് അര്‍ജന്റീനയ്ക്കുവേണ്ടി അരങ്ങേറ്റം കുറിച്ചത്. മൂന്ന് കോപ്പ അമേരിക്കയില്‍ കളിച്ചിട്ടുണ്ടെങ്കിലും 1986ലെ ലോകകപ്പ് ടീമിലേയ്ക്ക് കോച്ച് കാര്‍ലോസ് ബിലാര്‍ഡോ അവസാന നിമിഷമാണ് ബ്രൗണിനെ വിളിച്ചത്. ഡാനിയല്‍ പാസ്സറെല്ലയുടെ പകരക്കാരനായാണ് ബ്രൗണ്‍ പ്രതിരോധനിരയില്‍ ഇടം നേടിയത്. ആ ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ബ്രൗണായിരുന്നു അര്‍ജന്റീനയുടെ പ്രതിരോധം കാത്തത്. ഫൈനലിന്റെ അവസാന നിമിഷം തോളിന് പരിക്കേറ്റെങ്കിലും സബസ്റ്റിറ്റിയൂട്ട് ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു ബ്രൗണ്‍.

പതിനാലു വര്‍ഷം പ്രൊഫഷണല്‍ രംഗത്ത് സജീവമായിരുന്നു ബ്രൗണ്‍ ഏറ്റവും കൂടുതല്‍ കാലം കളിച്ചത് എസ്റ്റുഡിയാന്റസിനുവേണ്ടിയായിരുന്നു. 291 മത്സരങ്ങള്‍. അവര്‍ക്കുവേണ്ടി രണ്ട് കിരീടങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്തു. ബൊക്ക ജൂനിയേഴ്‌സ്, ഡീപ്പോര്‍ട്ടീവോ എന്നിവയ്ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. റേസിങ്ങായിരുന്നു അവസാന ക്ലബ്.

കളി നിര്‍ത്തിയശേഷം കുറച്ചുകാലം പരിശീലകവേഷവുമണിഞ്ഞു ബ്രൗണ്‍. വിവിധ ക്ലബുകള്‍ക്ക് പുറമെ അര്‍ജന്റീനയുടെ അണ്ടര്‍ 17 ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. 2008ല്‍ ലയണല്‍ മെസ്സിയുടെ കീഴില്‍ ഒളിമ്പിക് സ്വര്‍ണം നേടിയ അണ്ടര്‍ 23 ടീമിന്റെ സഹപരിശീലകനായിരുന്നു. സെര്‍ജിയോ ബറ്റിസ്റ്റയായിരുന്നു മുഖ്യപരിശീലകന്‍.

Content Highlights: Argentina defender Jose Luis Brown Who Scored in 1986 World Cup Final dead Maradona Messi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram