മുംബൈ: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി നടത്തിയ വിരുന്നില്‍ അനുഷ്‌ക ശര്‍മ്മ പങ്കെടുത്തത് പ്രോട്ടോക്കോള്‍ ലംഘനമല്ലെന്ന വിശദീകരണവുമായി ബി.സി.സി.ഐ. എല്ലാ താരങ്ങളേയും അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് വിരുന്നിന് ക്ഷണിച്ചതെന്നും ഇതിനെ തുടര്‍ന്നാണ് വിരാട് കോലിയുടെ ഭാര്യയെന്ന നിലയില്‍ അനുഷ്‌ക വിരുന്നില്‍ പങ്കെടുത്തതെന്നും ബി.സി.സി.ഐ വ്യക്തമാക്കി.
വിരുന്നിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം അനുഷ്‌ക ശര്‍മ്മ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നു മുതലാണ് അനുഷ്‌ക ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ തുടങ്ങിയത് എന്നായിരുന്നു ആരാധകരുടെ പരിഹാസം. ഇതിനെ തുടര്‍ന്നാണ് ബി.സി.സി.ഐ വിശദീകരണവുമായി രംഗത്തെത്തിയത്.
ടീം എവിടെ പോയാലും ഇതു തന്നെയാണ് പൊതുരീതി. ഹൈക്കമിഷനുകള്‍ ടീമിനെ വിരുന്നിനു ക്ഷണിക്കുന്നത് അവരുടെ കുടുബത്തോടൊപ്പമാണ്. ആരെയൊക്കെ കൊണ്ടുപോകണമെന്നത് താരങ്ങളുടെ വ്യക്തിപരമായ തീരുമാനമാണ്. ലണ്ടനിലും താരങ്ങളെ ഹൈക്കമ്മിഷന്‍ വിരുന്നിനു ക്ഷണിച്ചത് ഭാര്യമാര്‍ക്കൊപ്പമാണ്. ഇക്കാര്യത്തില്‍ യാതൊരുവിധ പ്രോട്ടോക്കോള്‍ ലംഘനവുമില്ല. ബി.സി.സി.ഐയിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.
ഇക്കാര്യം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈക്കമ്മീഷ്ണറും അദ്ദേഹത്തിന്റെ ഭാര്യയുമാണ് വിരുന്നൊരുക്കിയത്. അല്ലാതെ വിരുന്ന് ഇന്ത്യന്‍ ഹൈക്കമീഷന്‍ ഒരുക്കിയതല്ല. വിരുന്നിന് മുമ്പെടുത്ത ചിത്രമാണത്. അതില്‍ അജിങ്ക്യ രഹാനെ പിന്നില്‍ നിന്നത് അദ്ദേഹത്തിന്റെ ഇഷ്ട പ്രകാരമാണ്. ആരും നിര്‍ബന്ധിച്ച് പിന്നില്‍ നിര്‍ത്തിയതല്ല. വിരുന്ന് നടന്നത് ഹൈക്കമ്മീഷ്ണറുടെ ഔദ്യോഗിക വസതിയിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Anushka Sharma was invited to reception by High Commissioner