ന്യൂഡല്‍ഹി: ഇന്ത്യക്ക് അഭിമാന നിമിഷം സമ്മാനിച്ച കായികപ്രതിഭകള്‍ക്ക് രാജ്യത്തിന്റെ ആദരം. പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഭാരോദ്വഹനത്തില്‍ ലോക ചാമ്പ്യനായ മീരാബായി ചാനുവും രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ഏറ്റുവാങ്ങി.
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും വെള്ളിയും നേടിയ മലയാളി അത്ലറ്റ് ജിന്‍സണ്‍ ജോണ്‍സണ്‍ അടക്കം 20 പേര്‍ അര്‍ജുന പുരസ്‌കാരം സ്വീകരിച്ചു. കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരം മലയാളിയായ ബോബി അലോഷ്യസിനും രാഷ്ട്രപതി സമ്മാനിച്ചു.
സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും എംഎസ് ധോണിയ്ക്കും ശേഷം ഈ ബഹുമതി നേടുന്ന ക്രിക്കറ്റ് താരമാണ് വിരാട്. തുടര്‍ച്ചയായ മൂന്ന് വര്‍ഷം നാമനിര്‍ദ്ദേശപ്പെട്ടതിന് ശേഷമാണ് വിരാടിനെ തേടി പുരസ്‌കരാമെത്തുന്നത്.
ഭാര്യ അനുഷ്‌കാ ശര്‍മ്മയേയും അമ്മയേയും സാക്ഷി നിര്‍ത്തിയാണ് വിരാട് പുരസ്‌കാരം ഏറ്റുവാങ്ങിയത്. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോ ഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയാണ് ചാനു രാജ്യത്തിന്റെ അഭിമാനമായി മാറിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡല്‍ നേടിയിരുന്നു. എന്നാല്‍ പരുക്ക് മൂലം താരത്തിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമായിരുന്നു.
കഴിഞ്ഞ മാസം ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ പ്രകടനമാണ് ജിന്‍സണിന് അര്‍ജുന അവാര്‍ഡ് നേടി കൊടുത്തത്. 1500 മീറ്ററില്‍ ജിന്‍സണ്‍ സ്വര്‍ണം നേടിയിരുന്നു. 800 മീറ്ററില്‍ വെളളിയും ജിന്‍സണ്‍ സ്വന്തമാക്കിയിരുന്നു. കോഴിക്കോട് ചക്കിട്ടപാറ കുളച്ചല്‍ ജോണ്‍സണിന്റെയും ഷൈലജയുടെയും മകനാണ് സൈനികനായ ജിന്‍സണ്‍.
Content Highlights: Anushka Sharma cheers Virat Kohli as he receives Khel Ratna Award