മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കുന്നതിനെതിരേ തുറന്നടിച്ച് ബോളിവുഡ് താരവും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ. ഇന്ത്യയുടെ മുന്‍താരം ഫാറൂഖ് എഞ്ചിനീയറുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അനുഷ്‌ക. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഒരു നീണ്ട കുറിപ്പ് തന്നെ ട്വീറ്റ് ചെയ്താണ് അനുഷ്‌ക ഫാറൂഖ് എഞ്ചിനീയര്‍ക്ക് മറുപടി നല്‍കിയത്. ഇത്രയും കാലം മിണ്ടാതിരുന്നത് ബലഹീനതയായി കാണരുതെന്നും ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന് പറയുന്നത് പോലെയാണ് ഇപ്പോള്‍ കാര്യങ്ങളെന്നും അനുഷ്‌ക ട്വീറ്റില്‍ പറയുന്നു.
ഇന്ത്യന്‍ ടീം സെലക്ഷനുമായി ബന്ധപ്പെട്ട വിമര്‍ശനത്തിനിടയിലാണ് ഫാറൂഖ് അനുഷ്‌കയുടെ പേര് പരാമര്‍ശിച്ചത്. ഇംഗ്ലണ്ടിലെ ലോകകപ്പിനിടെ സെലക്ഷന്‍ കമ്മിറ്റി അംഗം അനുഷ്‌കയ്ക്ക് ചായ കൊണ്ടുകൊടുക്കുന്നതു കണ്ടു എന്നായിരുന്നു ഫാറൂഖ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞത്. ഇതോടെ മൗനം അവസാനിപ്പിച്ച് അനുഷ്‌ക വ്യക്തമായ മറുപടിയുമായി രംഗത്തെത്തുകയായിരുന്നു.
ഇത്രയും കാലം ഉയര്‍ന്ന ആരോപണങ്ങളിലെല്ലാം ഞാന്‍ നിശബ്ദത പാലിക്കുകയായിരുന്നു. മറുപടി നല്‍കുന്നത് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നതിനാലായിരുന്നു അത്. ഞാന്‍ ഇങ്ങനെ മറുപടി നല്‍കാതിരിക്കുന്നത് ആരോപണങ്ങള്‍ സത്യമായതുകൊണ്ടാകാം എന്നൊരു തോന്നല്‍ അളുകളില്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിനെല്ലാം ഈ മറുപടി കൊണ്ട് വിരാമമാകുമെന്ന് ഞാന്‍ കരുതുന്നു. ട്വീറ്റില്‍ അനുഷ്‌ക ചൂണ്ടിക്കാട്ടുന്നു.
സെലക്ഷന്‍ കമ്മിറ്റിയെ വിമര്‍ശിക്കണമെങ്കില്‍ അതു ചെയ്‌തോളൂ എന്നും അതിലേക്ക് തന്റെ പേര് വലിച്ചിഴച്ച് മാധ്യമശ്രദ്ധ നേടേണ്ടെന്നും അനുഷ്‌ക ഓര്‍മിപ്പിക്കുന്നു. ഇന്ത്യയുടെ ടീം മീറ്റിങ്ങില്‍ ഞാന്‍ പങ്കെടുക്കുന്നുവെന്നും സെലക്ഷനില്‍ ഇടപെടുന്നുവെന്നും ആരോപണങ്ങളഉണ്ടായി. ഇന്ത്യന്‍ ടീമിന്റെ പ്രോട്ടോകോള്‍ അനുസരിച്ച് മാത്രമേ ഞാന്‍ വിദേശ പരമ്പരകളില്‍ ഭര്‍ത്താവിനൊപ്പം പോയിട്ടുള്ളു. അതുകൊണ്ടാണ് ഞാന്‍ അതിനോടൊന്നും പ്രതികരിക്കാതിരുന്നത്. എനിക്കായി സുരക്ഷ ഒരുക്കുന്നതും ടിക്കറ്റെടുക്കുന്നതും ബി.സി.സി.ഐ ആണെന്നും ആരോപണമുണ്ടായി. ഞാന്‍ എന്റെ സ്വന്തം പൈസ കൊണ്ടാണ് വിമാന ടിക്കറ്റെടുക്കുന്നത്.
ഇപ്പോള്‍ എനിക്കെതിരേ ഉയര്‍ന്ന പുതിയ ആരോപണം എനിക്ക് ചായ കൊണ്ടുതരുന്നത് സെലക്ടര്‍മാരുടെ പണിയാണെന്നാണ്. ലോകകപ്പില്‍ ഒരു മത്സരം കാണാന്‍ മാത്രമാണ് ഞാന്‍ പോയത്. അത് ഫാമിലി ബോക്‌സിലിരുന്നാണ് കണ്ടത്. അല്ലാതെ സെലക്ടര്‍മാര്‍ക്കൊപ്പമല്ല. സെലക്ഷന്‍ കമ്മിറ്റിയെ വിമര്‍ശിക്കുന്നതിലേക്ക് എന്റെ പേര് വലിച്ചിഴക്കേണ്ട ആവശ്യമില്ല.
ഇപ്പോള്‍ ഉയര്‍ന്ന ആരോപണത്തിന് മാത്രമുള്ള മറുപടിയല്ല ഇത്. ഏറെക്കാലമായി എനിക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ്. ഇനി അടുത്തതവണ എന്റെ പേരുപയോഗിച്ച് ആരെയെങ്കിലും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഒരുങ്ങുന്നതിന് മുമ്പ് വസ്തുതകള്‍ നിരത്തണം. അന്തസ്സോടെ സ്വന്തമായി കെട്ടപ്പടുത്ത കരിയറും ജീവിതവുമാണ് എന്റേത്. അത് ആരുടെയെങ്കിലും താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ ഞാന്‍ അനുവദിക്കില്ല. ഞാന്‍ സ്വന്തം കാലില്‍ നില്‍ക്കുന്നവളാണ്. സ്വതന്ത്രയായ സ്ത്രീയാണ്. ഒരു ക്രിക്കറ്റ് താരത്തിന്റെ ഭാര്യയായി എന്നു മാത്രമേയുള്ളു. ഇനി എല്ലാവരുടേയും അറിവിലേക്കായി അവസാനമായി ഒരു കാര്യം കൂടി ഞാന്‍ പറയട്ടെ..ഞാന്‍ ചായ കുടിക്കാറില്ല, കാപ്പിയാണ് കുടിക്കാറുള്ളത്. ട്വീറ്റില്‍ അനുഷ്‌ക വ്യക്തമാക്കുന്നു.
Content Highlights: Anushka Sharma breaks silence on Farokh Engineer's claim of selectors serving her tea