ആന്റിഗ്വ: ഇംഗ്ലണ്ടിനെതിരേ വിന്‍ഡീസ് ചരിത്ര വിജയമാഘോഷിച്ചപ്പോള്‍ പേസ് ബൗളര്‍ അല്‍സാരി ജോസഫിന്റെ മുഖത്ത് നിറയെ സങ്കടമായിരുന്നു. അമ്മ ഷാരോണ്‍ അല്‍സാരിയെ വിട്ടുപിരിഞ്ഞിട്ട് മണിക്കൂറുകള്‍ മാത്രമേ ആയിരുന്നുള്ളു. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനമാണ് അല്‍സാരിയുടെ അമ്മ മരിച്ചത്. അതറിഞ്ഞിട്ടും വിന്‍ഡീസ് യുവതാരം പത്താമനായി ക്രീസിലെത്തി. കഴിയുംപോലെ ബാറ്റുവീശി. 20 പന്ത് നേരിട്ട് ഏഴു റണ്‍സെടുത്തു. കാണികളും സഹതാരങ്ങളും അയാള്‍ക്ക് ആദരമര്‍പ്പിച്ചു. അതെല്ലാം അല്‍സാരിയുടെ അമ്മയ്ക്കുള്ളതായിരുന്നു.
തൊട്ടുപിന്നാലെ ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സിനിറങ്ങിയപ്പോള്‍ ബൗളിങ്ങിലും അല്‍സാരി തിളങ്ങി. 10 ഓവര്‍ എറിഞ്ഞ് രണ്ട് വിലപ്പെട്ട വിക്കറ്റുകളാണ് യുവതാരം വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സിലും അല്‍സാരി രണ്ട് വിക്കറ്റെടുത്തിരുന്നു. ഇംഗ്ലണ്ടിനെതിരേ രണ്ടാം ഇന്നിങ്‌സില്‍ ലീഡ് നേടിയ വിന്‍ഡീസിന് ഓരോ റണ്‍സും നിര്‍ണായകമായിരുന്നു എന്നതാണ് അല്‍സാരിയെ കളി തുടരാന്‍ പ്രേരിപ്പിച്ചത്. തന്റെ ടീമിന്റെ ചരിത്രവിജയത്തില്‍ പങ്കാളിയാകുക എന്നത് രാജ്യത്തിന് നല്‍കുന്ന ആദരമാണെന്ന് അല്‍സാരിക്കറിയാമായിരുന്നു.
മത്സരശേഷം വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ ചരിത്ര വിജയം അല്‍സാരിക്കും കുടുംബത്തിനും സമര്‍പ്പിച്ചു. എല്ലാ മനുഷ്യര്‍ക്കും ചെയ്യാന്‍ പറ്റുന്ന കാര്യമല്ല അല്‍സാരി ചെയ്തന്നെും അതിന് മനക്കരുത്ത് വേണമെന്നും മത്സരശേഷം ഹോള്‍ഡര്‍ പ്രതികരിച്ചു.
Content Highlights: Alzarri Joseph stands tall for West Indies despite death of his mother