ന്യൂഡല്‍ഹി: ഏഷ്യ കപ്പില്‍ ഇന്ന് വൈകിട്ട് നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം ജെഎന്‍യു കാമ്പസില്‍ തത്സമയം പ്രദര്‍ശിപ്പിക്കുമെന്ന് എബിവിപി. കാമ്പസില്‍ പ്രൊജക്ടര്‍ വച്ച് വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാനാണ് എബിവിപി ലക്ഷ്യമിടുന്നത്.
ഈ മാസം ഒമ്പതിന് നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ജെഎന്‍യു വാര്‍ത്തകളില്‍ ഇടംനേടിയ സാഹചര്യത്തിലാണ് എബിവിപി ക്രിക്കറ്റ് പ്രദര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതേതുടര്‍ന്ന് രാജ്യദ്രോഹ കുറ്റും ചുമത്തി കാമ്പസിലെ വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തിട്ടുമുണ്ട്.
വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരമാണ് മത്സരം പ്രദര്‍ശിപ്പിക്കുന്നതെന്ന് ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ ജോയിന്റ് സെക്രട്ടറി കൂടിയായ എബിവിപി നേതാവ് സൗരഭ് കുമാര്‍ പറഞ്ഞു. ഇന്ത്യ-പാകിസ്താന്‍ മത്സരം ഏവര്‍ക്കും ആവേശം പകരുന്നതാണെന്നും സൗരഭ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ക്യാമ്പസില്‍ ആര്‍ക്കും ഇത്തരം പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കാമെന്നും അതില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് വിദ്യാര്‍ത്ഥികളില്‍ ഓരോരുത്തരുടെയും താല്‍പര്യമാണെന്നും സ്റ്റുഡന്റ്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റ് ഷെഹ്ല റാഷിദ് പറഞ്ഞു.