എമിലിയൻ വെസ്റ്റപ്പൻ | Photo: AP
അബുദാബി: നാടകീയതയും ആവേശവും അവസാന ലാപ്പ് വരെ നീണ്ട മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ലൂയി ഹാമില്‍ട്ടനെ പിന്തള്ളി റെഡ്ബുള്ളിന്റെ മാക്സ് വെസ്റ്റപ്പന്‍ ഫോര്‍മുല വണ്‍ ലോകകിരീടത്തില്‍ ആദ്യമായി മുത്തമിട്ടു.കിരീടവിജയിയെ തീരുമാനിച്ച അബുദാബി ഗ്രാന്‍പ്രീയില്‍ ചാമ്പ്യന്‍പ്പട്ടം സ്വന്തമാക്കിയാണ് ഡച്ച് ഡ്രൈവര്‍ ചരിത്രത്തില്‍ പേര് എഴുതിച്ചേര്‍ത്തത്. വെസ്റ്റപ്പന്‍ 394.5 പോയന്റ് നേടിയപ്പോള്‍ മെഴ്സിഡസിന്റെ ലൂയി ഹാമില്‍ട്ടന് 388.5 പോയന്റ് ലഭിച്ചു. 226 പോയന്റുമായി മെഴ്സിഡസിന്റെ വാള്‍ട്ടേരി ബോത്താസ് മൂന്നാമതെത്തി.
എട്ടാം ലോക കിരീടമെന്ന ലക്ഷ്യവുമായി ഇറങ്ങിയ ഹാമില്‍ട്ടന്‍ അവസാന ലാപ്പ് വരെ മുന്നിലായിരുന്നു. എന്നാല്‍ അവസാന കുതിപ്പില്‍ ഹാമില്‍ട്ടനെ മറികടന്നു. തുല്യപോയന്റുമായാണ് ഇരുവരും അബുദാബി ഗ്രാന്‍പ്രീയില്‍ മത്സരിക്കാന്‍ ഇറങ്ങിയത്.കഴിഞ്ഞ നാല് സീസണുകളിലായി ഹാമില്‍ട്ടനാണ് കിരീടം നേടുന്നത്. 2016-ല്‍ ജര്‍മന്‍ ഡ്രൈവര്‍ നിക്കോ റോസ്ബര്‍ഗാണ് ഇതിന് മുമ്പ് ഹാമില്‍ട്ടനെ മറികടന്ന് കിരീടം നേടിയത്. ഇത്തവണ കിരീടം നേടിയിരുന്നെങ്കില്‍ ഹാമില്‍ട്ടന് ഫോര്‍മുല വണ്ണില്‍ എട്ടാം കിരീടമെന്ന റെക്കോഡ് നേട്ടം കൈവരിക്കാന്‍ കഴിയുമായിരുന്നു. നിലവില്‍ ഇതിഹാസതാരം മൈക്കല്‍ ഷുമാക്കാര്‍ക്കൊപ്പം ഏഴ് കിരീടമെന്ന റെക്കോഡ് പങ്കിടുകയാണ്.
കഴിഞ്ഞ രണ്ട് സീസണുകളിലും മൂന്നാം സ്ഥാനത്തായിരുന്ന വെസ്റ്റപ്പന്‍ ഇത്തവണ തുടക്കം മുതല്‍ തന്നെ ഹാമില്‍ട്ടന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. സീസണില്‍ ആകെയുള്ള 22 ഗ്രാന്‍പ്രീകളില്‍ 10 എണ്ണത്തില്‍ ജയിച്ചാണ് വെസ്റ്റപ്പന്‍ കിരീടത്തിലേക്ക് എത്തുന്നത്.എന്നാല്‍, അവസാന ലാപ്പില്‍ ചട്ടലംഘനത്തിലൂടെ വെസ്റ്റപ്പന്‍ മുന്നിലെത്തുകയായിരുന്നു എന്ന് കാട്ടി മേഴ്സിഡസ് പരാതി നല്‍കിയിട്ടുണ്ട്.ഇത്തവണത്തെ ഫോര്‍മുല വണ്‍ പോരാട്ടം വീറും വാശിയും നിറഞ്ഞതായിരുന്നു. വെസ്റ്റപ്പനും ഹാമില്‍ട്ടനും തമ്മിലുള്ള പോര് റേസിങ് ട്രാക്കുകളില്‍ മാത്രം ഒതുങ്ങിയില്ല. വാക്പോരായി പുറത്തേക്കും നീണ്ടു.
സീസണിലെ ആദ്യ ഗ്രാന്‍പ്രീയായ ബഹ്റൈനില്‍ ഹാമില്‍ട്ടനാണ് ജയിച്ചതെങ്കില്‍ എമിലിയ ജയിച്ച് വെസ്റ്റപ്പന്‍ തിരിച്ചടിച്ചു. എന്നാല്‍ പോര്‍ച്ചുഗീസ്, സ്പാനിഷ് ഗ്രാന്‍പ്രീകള്‍ ജയിച്ച് ഹാമില്‍ട്ടന്‍ ലീഡെടുത്തു. പിന്നീട് ഫ്രാന്‍സ്, സ്‌റ്റൈറിയന്‍,ഓസ്ട്രിയന്‍ ഗ്രാന്‍പ്രീകള്‍ നേടി വെസ്റ്റപ്പന്‍ ശക്തമായി തിരിച്ചുവന്നു. തുടര്‍ന്ന് ലീഡ് കൃത്യമായി വളര്‍ത്തിയ ഡച്ച് ഡ്രൈവര്‍ അനായാസം ലോക കിരീടത്തിലേക്ക് എത്തുമെന്ന് ആരാധകര്‍ കരുതി. എന്നാല്‍ ഹാമില്‍ട്ടനിലെ പോരാളി അടങ്ങിയിരുന്നില്ല. സാവോപൗലോ,ഖത്തര്‍,സൗദി ഗ്രാന്‍പ്രീകളില്‍ ജയം നേടിയതോടെ മത്സരം അവസാന ഗ്രാന്‍പ്രീയിലേക്ക് നീണ്ടു. 369.5 പോയന്റ് എന്ന നിലയിലാണ് ഇരുവരും അബുദാബിയില്‍ മത്സരത്തിനിറങ്ങിയത്.
സീസണിലെ ആവേശം അവസാന ഗ്രാന്‍പ്രീയിലും പ്രകടമായി. പോള്‍ പൊസിഷനില്‍ തുടങ്ങിയത് വെസ്റ്റപ്പനായിരുന്നെങ്കിലും ഹാമില്‍ട്ടന്‍ ലീഡ് പിടിച്ചു. പിന്നീട് അവസാന ലാപ്പ് വരെ അത് തുടരാനുമായെങ്കിലും ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ മാത്രമായില്ല. ഇരട്ടച്ചങ്കുമായി കുതിച്ച വെസ്റ്റപ്പന്‍ തന്റെ 33-ാം നമ്പര്‍ ആര്‍ബി -16 കാറുമായി വിജയത്തിലേക്ക് കുതിച്ചുകയറി.അവിശ്വസനീയം! മത്സരത്തിലുടനീളം ഞാന്‍ പോരാടിക്കൊണ്ടിരുന്നു. അവസാന ലാപ്പില്‍ കിട്ടിയ അവസരം മുതലാക്കി ഫിനിഷ് ചെയ്തു. ഭാഗ്യവും കൂടെയുണ്ടായിരുന്നു- വിജയത്തെക്കുറിച്ച് വെസ്റ്റപ്പന്‍ പ്രതികരിച്ചു.
Content Highlights: verstappen overcomes lewis hamilton dramatically at Abu dhabi grand prix