റോസ്ബര്‍ഗിന് പകരം ബോത്താസ്, ഇത് മെഴ്‌സിഡസിന്റെ ചങ്കൂറ്റം


By സി.സജിത്ത്‌

2 min read
Read later
Print
Share

ബോത്താസ് മെഴ്‌സിഡെസിലെത്തുമ്പോള്‍ സഹഡ്രൈവര്‍ ഹാമില്‍ട്ടനെ മെരുക്കകയെന്നതാവും ഏറ്റവും വലിയ വെല്ലുവിളി

താണ് ചങ്കൂറ്റം... ഒരു പോള്‍ പൊസിഷനില്‍ പോലുമെത്താത്ത, ഒരു മത്സരംപോലും വിജയിക്കാത്ത വള്‍ട്ടേരി ബോത്താസ് എന്ന ഇരുപത്തേഴുകാരന്‍ ലോകത്തെ ഒന്നാം നമ്പര്‍ ഫോര്‍മുല വണ്‍ ടീമിന്റെ പ്രധാന ഡ്രൈവറായിരിക്കുന്നു. ഫിന്‍ലന്‍ഡുകാരനില്‍ വിശ്വാസമര്‍പ്പിച്ച മെഴ്സിഡസിന്റെ തലതൊട്ടപ്പനായ ടൊട്ടോ വോള്‍ഫിന്റെ ചങ്കൂറ്റത്തിന് സലാം.

ലോകചാമ്പ്യനായി അഞ്ചാംനാള്‍ ട്രാക്കുവിട്ട നിക്കോ റോസ്ബെര്‍ഗിന് പകരക്കാരനെ മെഴ്സിഡസ് തിരയാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായിരുന്നു. നിക്കോയുടെ പെട്ടെന്നുള്ള വിരമിക്കല്‍ ടീമിനെ തെല്ലൊന്നുമല്ല ചുറ്റിച്ചത്. കണ്ണുവെച്ചിരുന്ന പ്രധാനികളെല്ലാം പ്രമുഖ കമ്പനികളുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞിരുന്നു. അവരെ വലവീശാന്‍ നിയമങ്ങള്‍ അനുവദിക്കുന്നുമില്ല. പിന്നെ വിരമിക്കലിനുശേഷം മടങ്ങിവരവ് പ്രഖ്യാപിച്ച ഫിലിപ്പ് മാസെയെ ടോട്ടോക്ക് വലിയ താത്പര്യവുമുണ്ടായിരുന്നില്ല.

വില്യംസില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചിരുന്ന ബോത്തയുടെ പേര് ആദ്യംമുതല്‍തന്നെ കേട്ടുതുടങ്ങിയിരുന്നു. ബോത്താസിനെ കൈമാറാന്‍ വില്യംസ് എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍, ഇത്രപെട്ടെന്നൊരു പ്രഖ്യാപനം ആരും പ്രതീക്ഷിച്ചിരുന്നില്ല. 2013 മുതല്‍ ഫോര്‍മുല വണ്ണില്‍ സജീവമായ ബോത്തയുടെ തൊപ്പിയില്‍ ഇതുവരെ പൊന്‍തൂവലുകളില്ല. 2013 ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രിയിലായിരുന്നു ബോത്താസിന്റെ ആദ്യവരവ്. ആ വര്‍ഷം കനേഡിയന്‍ ഗ്രാന്‍ഡ് പ്രിയില്‍ സെബാസ്റ്റ്യന്‍വെറ്റലിനും ലൂയിസ് ഹാമില്‍ട്ടനും പിറകില്‍ മൂന്നാമതായി എത്തി. ഇതാണ് കരിയറിലെ മികച്ച നേട്ടം. 2016ല്‍ വില്യംസിനുവേണ്ടി 85 പോയന്റോടെ എട്ടാംസ്ഥാനത്തായിരുന്നു. മെഴ്സിഡസില്‍ ഒരു പക്ഷെ, ബോത്താസിനെ കാത്തിരിക്കുന്നത് വെല്ലുവിളികളുടെ പരമ്പര തന്നെയാണ്.

ബോത്താസ് ഹാമില്‍ട്ടനൊപ്പം

— Formula 1 (@F1) January 16, 2017

പ്രധാനമായും ടീംമേറ്റ് ലൂയിസ് ഹാമില്‍ട്ടനെ മെരുക്കുകയായും ആദ്യകടമ്പ. ഒരുതരത്തിലും ഇണങ്ങാത്ത ഒറ്റയാനായ ഹാമില്‍ട്ടണ്‍ തലതിരിഞ്ഞ പ്രവൃത്തികള്‍കൊണ്ട് പേരറിയിച്ചവനാണ്. ഈ സീസണില്‍ കിരീടം കൈയില്‍നിന്ന് പോയെന്നുറപ്പായപ്പോള്‍ ടീം ബോസ് ടോട്ടോയുമായുണ്ടായ വാഗ്വാദം ലോകംമുഴുവന്‍ കേട്ടതാണ്. പൊതുവെ നിശബ്ദനായ നിക്കോ റോസ്ബെര്‍ഗിനെ തന്നെ ശുണ്ഠിപിടിപ്പിക്കാന്‍ ഹാമില്‍ട്ടന്‍ ശ്രമിച്ചിരുന്നു. അപ്രമാദിയായി വിലസുന്ന ഹാമില്‍ട്ടന്റെ കരിയര്‍ നേട്ടങ്ങളുടെ ഏഴയലത്തുപോലും ബോത്താസ് എത്തില്ലെന്നത് ഇരുവരും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുമെന്നും വിദഗ്ധര്‍ സൂചന നല്‍കുന്നുണ്ട്. അത് മുന്‍കൂട്ടി കണ്ടിട്ടാകാം സമത്വമാണ് താന്‍ മെഴ്സിഡസില്‍ പ്രതീക്ഷിക്കുന്നതെന്ന ഒരു പ്രസ്താവന ബോത്താസ് ആദ്യംതന്നെ തള്ളിവിട്ടത്.

രാജിവെച്ച നീക്കോ റോസ്ബര്‍ഗിനെപ്പോലെ നിശബ്ദനാണ് ബോത്താസും. കഴിഞ്ഞനാലു സീസണുകളില്‍ സ്ഥിരതയുള്ള പ്രകടനമാണ് ബോത്താസ് കാഴ്ചവെച്ചത്. ട്രാക്കില്‍ തെറ്റുകള്‍ കുറവാണുതാനും. ഫിലിപ്പ് മാസെയുടെ വില്യംസിലേക്കുള്ള മടങ്ങിവരവാണ് മറ്റൊരു പ്രധാനനീക്കം. മാസെയുടെ വരവ് കണ്ടാണ് ബോത്താസിന് വില്യംസ് യാത്രാനുമതി നല്‍കിയത്. കഴിഞ്ഞ സീസണിന്റെ അവസാനമായിരുന്നു മാസെ എഫ് വണ്ണില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram