ബുദാപെസ്റ്റ്: ഫോര്‍മുലവണ്‍ കാറോട്ടമത്സരത്തില്‍ ഫെരാരിയുടെ ജര്‍മന്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ വിജയവഴിയിലേക്ക് തിരികെയെത്തി. ഹംഗേറിയന്‍ ഗ്രാന്‍പ്രീയിലാണ് മുന്‍ലോകചാമ്പ്യന്‍ കിരീടമണിഞ്ഞത്. ഇതോടെ ലോകചാമ്പ്യന്‍ഷിപ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ മുന്‍തൂക്കം നേടാനുമായി.
ഫെരാരിയുടെതന്നെ കിമി റെയ്ക്കോണനെ പിന്തള്ളിയാണ് വെറ്റല്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. മേഴ്സിഡസിന്റെ വാള്‍ട്ടേരി ബോത്താസ് മൂന്നാമതെത്തി. മേഴ്സിഡസിന്റെ ലൂയി ഹാമില്‍ട്ടന്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
സീസണില്‍ നാലാം കിരീടം നേടിയതോടെ ലോകകിരീടത്തിനായുള്ള മത്സരത്തില്‍ വെറ്റല്‍ 202 പോയന്റോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു. 188 പോയന്റുള്ള ലൂയി ഹാമില്‍ട്ടന്‍ രണ്ടാമതാണ്. 169 പോയന്റുള്ള ബോത്താസാണ് മൂന്നാമത്.
ഓസ്ട്രേലിയന്‍, ബഹ്റൈന്‍, മൊണാക്കോ എന്നീ ഗ്രാന്‍പ്രീകളിലാണ് വെറ്റല്‍ മുമ്പ് ജയിച്ചത്. ഹാമില്‍ട്ടനും നാല് ഗ്രാന്‍പ്രീ വിജയങ്ങളുണ്ട്. ഒമ്പത് ഗ്രാന്‍പ്രീകളാണ് ഇനി അവശേഷിക്കുന്നത്.