ബെര്‍ലിന്‍: അച്ഛനു പിന്നാലെ കാറോട്ട മത്സരത്തിന്റെ വേഗപ്പോരിലേക്ക് കണ്ണുവെച്ച് മകന്‍ മിക്ക് ഷൂമാക്കര്‍. യൂറോപ്യന്‍ ഫോര്‍മുല ത്രീ ചാമ്പ്യന്‍ഷിപ്പിലെ മിന്നുന്ന പ്രകടനത്തോടെ കാറോട്ട പ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ് ഈ 19-കാരന്‍.
നിലവില്‍ ഫോര്‍മുല ത്രീയില്‍ പ്രെമ പവര്‍ടീമിനായി മത്സരിക്കുന്ന മിക്ക് തുടര്‍ച്ചയായ വിജയങ്ങള്‍ നേടി ഫോര്‍മുല ത്രീ കിരീടത്തിലേക്ക് ഒരു കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. നര്‍ബര്‍ഗ്രിങ്ങില്‍ നടന്ന മത്സരത്തിലെ വിജയമാണ് ഏഴു തവണ ലോകചാമ്പ്യനായ മൈക്കിള്‍ ഷൂമാക്കറിന്റെ മകന്‍ മിക്കിനെ ശ്രദ്ധാകേന്ദ്രമാക്കിയത്.
ഇത് രണ്ടാം വര്‍ഷമാണ് മിക്ക് ഫോര്‍മുല ത്രീയില്‍ മത്സരിക്കുന്നത്. വളരെ വേഗം മെച്ചപ്പെടുന്ന താരമാണ് മിക്ക് എന്ന് മുന്‍ ഫോര്‍മുല വണ്‍ ഡ്രൈവര്‍ മിക സാലോ പറയുന്നു. ഇതിനാല്‍ തന്നെ ഫോര്‍മുല വണ്ണില്‍ മത്സരിക്കാനുള്ള അവസരം അധികം വൈകാതെ മിക്കിനെ തേടിയെത്തുമെന്നും സാലോ നിരീക്ഷിച്ചു. എങ്കിലും അടുത്ത പടിയായി ഫോര്‍മുല 2-ല്‍ മത്സരിക്കുന്നതാകും മിക്കിന് നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ ഒന്‍പതാം വയസിലാണ് മിക്ക് റേസിങ് ട്രാക്കില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഫോര്‍മുല ത്രീയില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ ടോറോ റോസോ, റെഡ് ബുള്‍ തുടങ്ങിയ ഫോര്‍മുല വണ്‍ ടീമുകള്‍ മിക്കിനായി രംഗത്തെത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരു ടീമുകളും ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം ആല്‍പ്‌സില്‍ സ്‌കീയിങ്ങിനിടെ സംഭവിച്ച അപകടത്തില്‍ പരിക്കേറ്റ മൈക്കിള്‍ ഷൂമാക്കല്‍ ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്. മകന്‍ തന്റെ പാതപിന്തുടര്‍ന്ന് വിജയങ്ങള്‍ എത്തിപ്പിടിക്കുന്നതൊന്നും മുന്‍ ലോകചാമ്പ്യന്‍ അറിയുന്നില്ല.
Content Highlights: mick schumacher dominating on f3