ബെര്‍ലിന്‍: ഫോര്‍മുല വണ്‍ ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറുടെ കുടുംബത്തിനെതിരെ മുന്‍ മാനേജര്‍ വില്ലി വെബ്ബര്‍. ഷൂമാക്കറുടെ നിലവിലെ ആരോഗ്യസ്ഥിതി എന്താണെന്ന് ആരാധകര്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്നും അത് വെളിപ്പെടുത്തി ആരാധകരോട് നീതി പൂലര്‍ത്തണമെന്നും വില്ലി വെബ്ബര്‍.
2013ല്‍ ആല്‍പ്‌സില്‍ ഒഴിവുകാലം ചിലവഴിക്കുന്നതിനിടെയാണ് ഫോര്‍മുല വണ്‍ ഇതിഹാസ താരത്തിന് ഗുരുതരമായി പരിക്കേറ്റത്. സ്‌കീയിങ്ങിനിടെയുണ്ടായ അപകടത്തില്‍ ഷൂമാക്കര്‍ക്ക് തലക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കോമയിലായ ഷൂമാക്കറുടെ നിലവിലെ ആരോഗ്യസ്ഥിതി എന്താണെന്ന് ആര്‍ക്കും കൃത്യമായി അറിയില്ല.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് ഷൂമാക്കറെ കുടുംബം അമേരിക്കയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഷൂമാക്കറുടെ കുടുംബം സത്യം വെളിപ്പെടുത്താന്‍ തയ്യാറാവാത്തത് എന്താണെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് അവകാശമുണ്ടെന്നും സ്‌പോര്‍ട്24ന് നല്‍കിയ അഭിമുഖത്തില്‍ വെബ്ബര്‍ വ്യക്തമാക്കി.
1991 മുതല്‍ 2006 വരെയുള്ള കരിയറില്‍ ഷൂമാക്കര്‍ ഏഴു ഫോര്‍മുല വണ്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഒപ്പം 91 റെയ്‌സ് വിജയങ്ങളും ജര്‍മന്‍ താരത്തിന്റെ അക്കൗണ്ടിലുണ്ട്.