മാക്‌സ് വെസ്തപ്പൻ | Photo: AP
ലണ്ടന്‍: അബുദാബി ഗ്രാന്‍ പ്രീയില്‍ മാക്‌സ് വെസ്തപ്പന്റെ വിവാദ വിജയത്തിനെതിരേ നല്‍കിയിരുന്ന അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് വ്യക്തമാക്കി പ്രധാന എതിരാളിയായ മെഴ്‌സിഡസ് ടീം. അബുദാബിയിലെ വിജയത്തോടെ ഫോര്‍മുല വണ്‍ കിരീടം നേടിയ വെസ്തപ്പനെ മെഴ്‌സിഡസ് അഭിനന്ദിക്കുകയും ചെയ്തു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു മെഴ്‌സിഡസിന്റെ പ്രതികരണം.
അബുദാബി യാസ് മറീനയില്‍ എന്താണ് സംഭവിച്ചതെന്ന് വിശകലനം ചെയ്യാനും ഭാവിയെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനും ബുധനാഴ്ച പ്രഖ്യാപിച്ച അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഫെഡറേഷന്റെ (എഫ്ഐഎ) തീരുമാനത്തെ മെഴ്സിഡസ് സ്വാഗതം ചെയ്തു.
'സംഭവിച്ച കാര്യങ്ങള്‍ വിശ്വസിക്കാനാകാതെയാണ് ഞങ്ങള്‍ അബുദാബിയില്‍ നിന്ന് പോന്നത്. തോല്‍ക്കുക എന്നത് മത്സരത്തിന്റെ ഭാഗമാണ്. എന്നാല്‍ മത്സരത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുക എന്നത് വ്യത്യസ്തമായ കാര്യമാണ്. മത്സരങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നത് ലൂയിസ് ഹാമില്‍ട്ടനുമായി ചേര്‍ന്ന് ഞങ്ങള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. റേസിങ്ങിനോടുള്ള സ്‌നേഹമാണ് ഞങ്ങളെ മുന്നോട്ടുനയിക്കുന്നത്. എല്ലാ മത്സരങ്ങളും മെറിറ്റില്‍ വിജയിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.ഞായറാഴ്ച്ച നടന്ന മത്സരത്തില്‍ കാര്യങ്ങള്‍ നടന്നത് ശരിയായ രീതിയില്ല. ഞങ്ങളുള്‍പ്പെടെ പലര്‍ക്കും അതു തോന്നിയതാണ്.' ട്വിറ്ററില്‍ പങ്കുവെച്ച പ്രസ്താവനയില്‍ മെഴ്‌സിഡസ് വ്യക്തമാക്കുന്നു.
മത്സരത്തിന് ശേഷം മെഴ്‌സിഡസ് നല്‍കിയ രണ്ട് പരാതികള്‍ തള്ളിയതിന് പിന്നാലെ അപ്പീല്‍ പോകുമെന്ന് ടീം വ്യക്തമാക്കിയിരുന്നു. മത്സരം പുനരാരംഭിക്കുന്ന നിയമം തെറ്റിച്ചു, സേഫ്റ്റികാര്‍ സമയത്ത് വെസ്തപ്പന്‍ ഹാമില്‍ട്ടനെ മനപ്പൂര്‍വം മറികടന്നു എന്നീ പരാതികളാണ് നല്‍കിയിരുന്നത്. വ്യാഴാഴ്ച്ചയായിരുന്നു അപ്പീല്‍ നല്‍കാനുള്ള സമയപരിധി.
Content Highlights: Mercedes withdraws appeal, Verstappen crowned F1 champion