ദീപ എസ് ജോൺ
റേസിങ് ട്രാക്കിലെ തീപ്പൊരി പ്രകടനങ്ങള്‍ കണ്ട് ആവേശം കൊള്ളാത്ത മലയാളികളില്ല. ലൂയിസ് ഹാമില്‍ട്ടണും മൈക്കിള്‍ ഷൂമാക്കറും സെബാസ്റ്റിയന്‍ വെറ്റലുമെല്ലാം അതിവേഗത്തിലാണ് മലയാളികളുടെ ഇഷ്ടതാരങ്ങളായി മാറിയത്. എന്നാല്‍ റേസിങ് ട്രാക്കുകള്‍ പുരുഷന്മാര്‍ക്ക് വേണ്ടി മാത്രമാണെന്നുള്ള സങ്കല്‍പ്പത്തെ പൊളിച്ചെഴുതിക്കൊണ്ട് മുംബൈയില്‍ വനിതകള്‍ക്ക് വേണ്ടി ഫോര്‍മുല വണ്‍ ഇന്ത്യ കാറോട്ടമത്സരമായ കാര്‍ട്ടിങ് റേസ് നടത്തി.
റേസില്‍ അസാമാന്യ വേഗത്തോടെ എതിരാളികളെ മറികടന്നുകൊണ്ട് ഒരു മലയാളിപ്പെണ്‍കൊടി വെന്നിക്കൊടി പാറിച്ചു. തിരുവനന്തപുരം സ്വദേശിനിയായ ദീപ എസ് ജോണ്‍. റേസിംഗ് പരമ്പരയില്‍ രണ്ട് വിജയങ്ങള്‍ നേടിക്കൊണ്ടാണ് 24 കാരിയായ ദീപ ചരിത്രം കുറിച്ചത്.
രണ്ട് ഇനങ്ങളില്‍ പങ്കെടുത്ത ദീപ ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും സ്വന്തമാക്കി. വുമണ്‍ എക്‌സ്‌പേര്‍ട്ട് വിഭാഗത്തിലാണ് ദീപ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാമതെത്തിയത്. ഓപ്പണ്‍ എക്‌സ്‌പേര്‍ട്ട് വിഭാഗത്തിലെ കടുത്ത പോരാട്ടത്തില്‍ മൂന്നാം സ്ഥാനം നേടിയെടുക്കാനും ഈ മിടുക്കിയ്ക്ക് സാധിച്ചു. പൊള്ളുന്ന ചൂടില്‍ റേസിങ് ട്രാക്കില്‍ തീപ്പൊരിയായി മാറിയ ദീപ കനത്ത വെല്ലുവിളി മറികടന്നാണ് കിരീടത്തില്‍ മുത്തമിട്ടത്. വളരെ പരിമിതമായ സമയം കൊണ്ടുതന്നെ ട്രാക്കില്‍ പ്രഫഷണല്‍ ആയി മാറി മികച്ച പ്രകടനം പുറത്തെടുക്കാന്‍ മലയാളി വനിതാ റേസര്‍ക്ക് സാധിച്ചു.
ഈ വര്‍ഷം വഡോദരയില്‍ നടന്ന എര്‍ദാസ് കാര്‍ട്ടോപ്പന്‍ റേസിംഗ് സീരീസില്‍ മൂന്നാം സ്ഥാനം നേടാനും ദീപയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ വിജയത്തോടെ ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന ജി.ടി.കപ്പ് ടൂര്‍ണമെന്റില്‍ മത്സരിക്കാനുള്ള അവസരം ദീപയ്ക്ക് ലഭിച്ചേക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 47 താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. മത്സരത്തില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ഉടന്‍ പ്രഖ്യാപിക്കും. മൂന്ന് പേര്‍ക്കാണ് അവസരം ലഭിക്കുക.
തിരുമല കൃപ ഭവനില്‍ ആസ്റ്റിന്‍ ജോണിന്റെയും ഷൈല ജാസ്മിന്റെയും മകളായ ദീപ ഓട്ടോമൊബെല്‍ എന്‍ജിനിയറിങ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
Content Highlights: Malayali female racer Deepa John win two races in formula woman india