റോസ്ബർഗ് ഓട്ടം നിർത്തിയത് എന്തിനാണ്?


By സി.സജിത്ത്

3 min read
Read later
Print
Share

ആരും കൊതിക്കുന്ന ചാമ്പ്യന്‍പട്ടത്തിലിട്ട മുത്തത്തിന്റെ ചൂട് മാറുന്നതിന് മുമ്പെ ഈയൊരു വിടവാങ്ങല്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല.

ന്റെ സ്വപ്‌നം.. എന്റെ ലക്ഷ്യം... ഇതായിരുന്നു... ഇനി കയറാന്‍ എന്റെ മുന്നില്‍ ലക്ഷ്യങ്ങളുടെ പര്‍വതങ്ങളില്ല... ഏറ്റവും ഉയരത്തിലാണ് ഞാന്‍. ഇതായണ് ശരിയായ സമയം ഇനി ഞാന്‍ മടങ്ങുകയാണ്.... വേഗത്തിന്റെ നെറുകയില്‍ കയറി അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ നിക്കോ റോസ്ബര്‍ഗ് തന്റെ ആരാധകരോട് പറഞ്ഞ വാക്കുകളാണിത്.

ഈ സീസണിലെ 21 ഗ്രാന്‍ഡ് പ്രീകളില്‍ ഒമ്പതെണ്ണം സ്വന്തമാക്കി വേഗചരിത്രത്തിലിടം പിടിച്ച് നീക്കോ ട്രാക്കില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന വാര്‍ത്ത അമ്പരെേപ്പടെയാണ് ലോകം കേട്ടത്. ട്രാക്കിലും പുറത്തും ജെന്റില്‍മാനായിരുന്നു നിക്കോയെന്ന മുപ്പത്തൊന്നു കാരന്‍. ആരും കൊതിക്കുന്ന ചാമ്പ്യന്‍പട്ടത്തിലിട്ട മുത്തത്തിന്റെ ചൂട് മാറുന്നതിന് മുമ്പെ ഈയൊരു വിടവാങ്ങല്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല.

എന്നാല്‍, നിക്കോയ്ക്ക് ഇത് മുന്‍കൂട്ടി ഉറപ്പിച്ചതായിരുന്നു. പെട്ടെന്നുള്ള വിടവാങ്ങലല്ല ഇത്, ഏറെ തീരുമാനിച്ചുറച്ചു തന്നെയായിരുന്നു. ഇതാണ് ശരിയായ സമയം. ഇരുപത്തഞ്ച് വര്‍ഷത്തെ ട്രാക്കിലെ ജീവിതത്തിലെ എന്റെ ഒരേയൊരു സ്വപ്‌ന സാഫല്യത്തിന് ശേഷം. ഇനിയെന്നനിക്ക് സ്വപ്‌നങ്ങളില്ല. ഫോര്‍മുല വണ്‍ ലോകചാമ്പ്യനാവുക എന്ന ആഗ്രഹത്തിന് വേണ്ടിയുള്ള കഠിനാധ്വാനവും അനുഭവിച്ച വേദനയുമെല്ലാം ഒന്നിനുവേണ്ടി മാത്രമായിരുന്നു. അവസാനം ഞാന്‍ ആ ലക്ഷ്യത്തിലെത്തുമ്പോള്‍ ഈ പടിയിറങ്ങല്‍ സന്തോഷവും സംതൃപ്തിയും നല്‍കുന്നു. നിക്കോ പറഞ്ഞു. ഇനി മടക്കമുണ്ടാവുമോ എന്ന ചോദ്യത്തിന് പുഞ്ചിരിച്ചു കൊണ്ടുള്ള മറുപടിയായിരുന്നു ഇനിയില്ല.... എന്‍ഡ് ഓഫ് ദ സ്റ്റോറി.

സീസണിലെ അവസാന മത്സരങ്ങളില്‍ നിക്കോ അനുഭവിച്ച സമ്മര്‍ദം ആര്‍ക്കും വായിച്ചെടുക്കാമായിരുന്നു. പ്രധാന എതിരാളിയും ടീംമേറ്റുമായ ലൂയിസ് ഹാമില്‍ട്ടന്‍ ഉയര്‍ത്തിയ കനത്ത വെല്ലുവിളിയായിരുന്നു നീക്കോയെ പ്രതിരോധത്തിലാഴ്ത്തിയത്. അവസാന മത്‌സരങ്ങളില്‍ തുടര്‍ച്ചയായുള്ള ഹാമില്‍ട്ടന്റെ വിജയം ഇരുവരും തമ്മിലുള്ള പോയന്റ് വിത്യാസം വെറും പന്ത്രണ്ടിലെത്തിച്ചു. ഈ സമ്മര്‍ദ്ദവുമായായണ് നീക്കോ അബുദാബിയിലെത്തുന്നത്. പലപ്പോഴും വെസ്റ്റപ്പന്റെ മുന്നേറ്റം നീക്കോയെ നാലാം സ്ഥാനത്തുവരെയെത്തിച്ചു. അവിടെനിന്ന് പോഡിയത്തിലേക്കുള്ള കയറിവരവ് ആത്മവിശ്വാസത്തിന്റേതായിരുന്നു. ഈ സീസണ്‍ തുടങ്ങുമ്പോള്‍ ലോകചാമ്പ്യന്‍സ്ഥാനത്ത് ഒരിക്കലും ലോകം നീക്കോയെ പ്രതീക്ഷിച്ചിരുന്നില്ല. മുന്‍ചാമ്പ്യന്‍ ഹാമില്‍ട്ടനെയായിരുന്നു ഫോര്‍മുലവണ്‍ ലോകം ഇത്തവണയും കണക്കുകൂട്ടിയത്. നാലു വര്‍ഷമായി ഇരുവരും കയ്യില്‍ മെഴ്‌സിഡസിന്റെ വളയം തന്നെയായിരുന്നു. ട്രാക്കിലെ ഒറ്റയാനായ ഹാമില്‍ട്ടനു പിന്നില്‍ നിഴലായി നിക്കോ ഒതുങ്ങി. ട്രാക്കിലും പുറത്തും വാക്കിലും പ്രവര്‍ത്തിയിലും ഹാമില്‍ട്ടണ്‍ കത്തിനിന്നപ്പോള്‍ സൗമ്യനായ നീക്കോയ്ക്ക് പ്രത്യേകിച്ച് റോളൊന്നുമുണ്ടായിരുന്നില്ല. ഈ നാലു വര്‍ഷത്തില്‍ മുപ്പത്തിരണ്ടു വിജയങ്ങളാണ് ഹാമില്‍ട്ടണ്‍ നേടിയത്. റോസ്ബര്‍ഗാകട്ടെ ഇരുപത്തിരണ്ടും. 54 തവണ ഹാമില്‍ട്ടണ്‍ പോഡിയത്തില്‍ കയറിയപ്പോള്‍ നീക്കോ 48 തവണയെത്തി. ഈ നാലുവര്‍ഷം കൊണ്ട് ഹാമില്‍ട്ടണ്‍ 1334 പോയന്റുകളാണ് നേടിയത്. നീക്കോക്ക് 1195 ഉം. ഈ കണക്കുകള്‍ കാണുന്ന ആരും ഹാമില്‍ട്ടണല്ലാതെ മറിച്ച് ചിന്തിക്കില്ല. എന്നാല്‍ ഈ വര്‍ഷം ആദ്യത്തെ നാല് റേസുകളിലെ നീക്കോയുടെ വിജയത്തോടെ ലോകം ചില വിസ്മയങ്ങള്‍ പ്രതീക്ഷിച്ചു തുടങ്ങി. എന്നാല്‍ റേസിലേക്ക് മടങ്ങിവന്ന ഹാമില്‍ട്ടന്‍ ഒരു ഘട്ടത്തില്‍ നീക്കോയുടെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ചു. സെപാങ്ങില്‍ മത്‌സരം കൈവിട്ട നീക്കോ ജപ്പാനില്‍ അത് തിരിച്ചു പിടിച്ചു.

ഈ വിജയത്തോടെയായിരുന്നു ആത്മവിശ്വാസം തിരിച്ചുവന്നതെന്ന് മത്‌സരശേഷം നീക്കോ പറഞ്ഞിരുന്നു. ആ വിജയം ഒരു പ്രതീക്ഷ നല്‍കി. ലക്ഷ്യം ഞാന്‍ മുന്നില്‍ കണ്ടു. ആ സമയത്താണ് പടിയിറങ്ങുന്നതിനെക്കുറിച്ചും ചിന്തിച്ചു തുടങ്ങിയത്. അവസാന മത്‌സരമായ അബുദാബിയില്‍ മത്‌സരം ആസ്വദിക്കാനാണ് ഞാന്‍ തീരുമാനിച്ചത്. എനിക്കറിയാം ഇത് കരിയറിലെ അവസാനമത്‌സരമാണെന്ന്. ഈ 55 ലാപ്പുകള്‍ എന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായിരുന്നു. എന്റെ എല്ലാ കഴിവുംയ ട്രാക്കില്‍ ഉപയോഗിച്ചു അടുത്ത സീസണില്‍ ഞാനുണ്ടാവില്ലെന്ന് അന്നുറപ്പിച്ചിരുന്നു. നീക്കോ പറഞ്ഞു.

മുപ്പത്തൊന്നാം വയസില്‍ ട്രാക്ക് വിട്ടൊഴിയുമ്പോള്‍ ഫോര്‍മുല വണ്‍ ചരിത്രത്തില്‍ തന്റെ ആദ്യകിരീടമെന്ന സ്വപ്‌നം സഫലമാക്കാന്‍ നിക്കോക്ക് പത്ത് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 206 റേസുകള്‍ക്ക് ശേഷമാണ് നീക്കോ ചാമ്പ്യന്‍പട്ടം നേടിയത്. പന്ത്രണ്ട് വര്‍ഷം കാത്തിരുന്ന നൈജില്‍ മാന്‍സെലിന് തൊട്ടുപിന്നില്‍. മുന്‍ലോകചാമ്പ്യന്‍ കെകെ റോസ്ബര്‍ഗിന്റെ മകന്‍ റേസിങ്ങ് ട്രാക്കിലെത്തിപ്പെട്ടത് നിയോഗമെന്ന് വേണമെങ്കില്‍ പറയാം. അച്ഛന്‍ ലോകചാമ്പ്യനായ ആഘോഷവേളയിലാണ് നീക്കോയുടെ ജനനം. കൃത്യമായി പറഞ്ഞാല്‍ വിജത്തിന് നാലുദിവസം ശേഷം. വില്ല്യംസ് ഹോണ്ടക്ക് വേണ്ടിയായിരുന്നു കെകെ സ്റ്റിയറിങ്ങ് കയ്യിലേന്തിയത്. മകനെയും അതേ വഴിക്ക് നടത്തുകയെന്ന ലക്ഷ്യം അച്ഛനുണ്ടായിരുന്നു. ചെറുപ്പകാലം മൊണാക്കോയിലായിരുന്നു. അച്ഛന്‍ ഫിന്‍ലന്‍ഡുകാരനും അമ്മ സിന ജര്‍മന്‍ സ്വദേശിയുമായിരുന്നു. എന്നാല്‍ അച്ഛന്റെ ഫിനിഷ് ഭാഷ മകന് അറിയില്ല. അതിനും കെകെക്ക് കാരണങ്ങളുണ്ടായി. പഠനകാലത്ത് ഫ്രഞ്ച്, ഇറ്റാലിയന്‍, ജര്‍മന്‍, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകള്‍ സംസാരിക്കുന്ന നിക്കോയെ അച്ഛന്റെ ഭാഷയായ ഫിനിഷ് പഠിപ്പിച്ചില്ല. ഭാഷാപഠനത്തില്‍ മകന്റെ ജീവിതം കുഴഞ്ഞുപോകരുതെന്നായിരുന്നു ആ അച്ഛന്റെ ചിന്ത. ഭാവിയില്‍ ജര്‍മ്മന്‍ പൗരത്വം സ്വീകരിപ്പിച്ചതും അച്ഛനായിരുന്നു. തുടര്‍ന്നാണ് ജര്‍മനിയുടെ കൊടിക്കീഴില്‍ അദ്ദേഹം അച്ഛന്‍ ഓടിച്ച അതേ റേസിങ്ങ് കമ്പനിക്ക് വേണ്ടി വളയം കയ്യിലേന്തിയത്. 2006 മുതല്‍ 2009 വരെ വില്ല്യംസിന് വേണ്ടിയായിരുന്നു നിക്കോ ട്രാക്കിലിറങ്ങിയത്. 2010 മുതല്‍ പടിയിറങ്ങും വരെ നിക്കോ മെഴ്‌സിഡസിനൊപ്പം നിന്നു. ട്രാക്ക് വിട്ടൊഴിയുമ്പോള്‍ ചില ചരിത്രങ്ങള്‍ കൂടി അദ്ദേഹത്തൊടൊപ്പം നില്‍ക്കുകയാണ്. മുന്‍ ചാമ്പ്യന്റെ ചാമ്പ്യനായ മകനെന്ന അപൂര്‍വ സൗഭാഗ്യം. അച്ഛന്റെ സ്ഥിരം നമ്പറായ ആറ് എന്ന അക്കം തന്റെ കൂടെ കൂട്ടിയ നിക്കോ തന്റെ കാറുകള്‍ക്കും അതേ നമ്പര്‍ നല്‍കി. ജര്‍മന്‍ എഞ്ചിനുപയോഗിച്ച് ജര്‍മ്മന്‍ ടീമിന് വേണ്ടി ചാമ്പ്യന്‍ പട്ടം നേടുന്ന ആദ്യത്തെ ജര്‍മ്മനാനുമായി നീക്കോ.... പടിയിറങ്ങുമ്പോള്‍ സുഹൃത്തുള്‍ ഓര്‍മിക്കുന്നതു പോലെ ക്ലാസി മൂവ് ഫ്രം ക്ലാസി മാന്‍....

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram