മനുഷ്യനും യന്ത്രവും ഒരുമെയ്യാകുന്നു. യന്ത്രത്തിന്റെ ശബ്ദവും മനുഷ്യന്റെ ആരവവും ഒരേ ഈണത്തിലാവുന്നു. കരിമ്പായ വിരിച്ചിട്ടപോലെ തെളിഞ്ഞുകിടക്കുന്ന ട്രാക്കില്‍ തെളിയുന്ന അഗ്‌നി ജനസമുദ്രത്തിന്റെ സിരകളിലേക്ക് പടര്‍ന്നുകയറുകയാണ്. ഈ ആവേശംതന്നെയാണ് ഫോര്‍മുല വണ്ണിന്റെ വിജയരഹസ്യം.
സീസണിന് അബുദാബിയില്‍ സിഗ്‌നല്‍വീഴുമ്പോഴും പ്രതീക്ഷകളും മധുരപ്രതികാര സാഫല്യവുമൊക്കെയാണ് കാണാന്‍ കഴിയുക. ആദ്യമായി ചാമ്പ്യന്‍പട്ടത്തിലെത്തുന്ന മെഴ്സിഡസ് ബെന്‍സിന്റെ നിക്കോ റോസ്ബര്‍ഗിനിത് മധുരപ്രതികാരമാണ്. ടീമംഗം കൂടിയായ ലൂയിസ് ഹാമില്‍ട്ടന്റെ അപ്രമാദിത്വത്തിനുള്ള കടിഞ്ഞാണ്‍.
കഴിഞ്ഞ സീസണില്‍ ഹാമില്‍ട്ടണ്‍ ലോകകിരീടം കൈക്കലാക്കിയത് നിക്കോയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു. മൂന്നുതവണ ചാമ്പ്യനായ ഹാമില്‍ട്ടന്‍ ഇത്തവണയും അത് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, രണ്ടു തവണ മത്സരം മുഴുമിക്കാന്‍ കഴിയാതിരുന്നത് തിരിച്ചടിയായി
റോസ്ബർഗിന്റെ വിജയാഘോഷം
അബുദാബി ഗ്രാന്‍പ്രീയില്‍ എത്തിനില്‍ക്കുമ്പോള്‍ ഇരുവരും തമ്മിലുള്ള വ്യത്യാസം വെറും പന്ത്രണ്ട് പോയന്റുകള്‍ മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ കിരീടം ജര്‍മന്‍ ഡ്രൈവറില്‍നിന്ന് വഴുതിമാറിയില്ല.ഹാമില്‍ട്ടനും നിക്കോയും ഒന്‍പത് വീതം ഗ്രാന്‍പ്രീകളില്‍ഒന്നാമതെത്തി.
എന്നാല്‍, രണ്ടു ഗ്രാന്‍പ്രീകള്‍ പൂര്‍ത്തിയാക്കാന്‍ ഹാമില്‍ട്ടന് കഴിയാതെവന്നതാണ് നിലവിലെ ചാമ്പ്യന് തിരിച്ചടിയായത്. സ്പെയിനിലും മലേഷ്യയിലുമായിരുന്നു ഹാമില്‍ട്ടന് അടിപതറിയത്. ഇതില്‍നിന്ന് നഷ്ടപ്പെട്ട പ്രധാന പന്ത്രണ്ടുപോയന്റുകളാണ് ഹാമില്‍ട്ടന് തുടര്‍ച്ചയായ ചാമ്പ്യന്‍പട്ടമെന്ന സ്വപ്നത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയത്. സ്പാനിഷ് ഗ്രാന്‍പ്രീ മാത്രമാണ് റോസ്ബര്‍ഗിന് നഷ്ടപ്പെട്ടത്.
ഓസ്ട്രേലിയയില്‍ നിന്നുതുടങ്ങിയ മത്സരങ്ങളില്‍ ആദ്യഘട്ടത്തില്‍ റോസ്ബര്‍ഗ് തന്നെയായിരുന്നു വിജയിച്ചുതുടങ്ങിയത്. എന്നാല്‍ അവസാനഘട്ടമായപ്പോഴേക്കും ഹാമില്‍ട്ടന്‍ തിരിച്ചുവന്നു. മൊണാക്കോ മുതലായിരുന്നു ഹാമില്‍ട്ടണ്‍ വിജയവീഥിയിലേക്ക് തിരിച്ചെത്തിയത്. ഓസ്ട്രിയ, ബ്രിട്ടന്‍, ഹംഗറി, ജര്‍മനി, അമേരിക്ക, മെക്സിക്കോ, ബ്രസീല്‍ എന്നിവിടങ്ങളിലെല്ലാം ഹാമില്‍ട്ടന്‍ ഒന്നാമതെത്തി.
കഴിഞ്ഞ സീസണിനെപ്പോലെ അത്ര ആയാസമായിരുന്നില്ല ഹാമില്‍ട്ടന്റെ വരവ്, കടുത്ത പ്രതിരോധംതീര്‍ത്ത് റോസ്ബര്‍ഗും ന്യൂസീലന്‍ഡിന്റെ ഡാനിയല്‍ റിക്കിയാഡോയും ഈ സീരീസിന്റെ കണ്ടെത്തലായ മാക്സ് വെസ്തപ്പാനും ഒപ്പമുണ്ടായിരുന്നു. അഞ്ചുതവണ ചാമ്പ്യനായ സെബാസ്റ്റ്യന്‍ വെറ്റല്‍ എന്നാല്‍ ഇത്തവണ അധികം പ്രശ്നമുണ്ടാക്കിയില്ല. നാലാംസ്ഥാനത്ത് അദ്ദേഹം ഒതുങ്ങി.
ഇത്തവണ പുതിയ താരോദയങ്ങളെ റേസ്ട്രാക്കില്‍ കാണാന്‍ കഴിഞ്ഞു. ഫോര്‍മുല വണ്‍ ഇതിഹാസം സെന്നയുമായി ഉപമിച്ചുകൊണ്ടായിരുന്നു ഡച്ച് താരം മാക്സ് വെസ്തപ്പന്റെ വരവ്. ബ്രസീല്‍ ഗ്രാന്‍പ്രീയിലായിരുന്നു ഈ പത്തൊമ്പതുകാരന്റെ മിന്നിച്ച പ്രകടനം.
ഹാമില്‍ട്ടനുവരെ ഭീഷണിയായ താരം ഈ സീസണിലെ തന്റെ ആദ്യ പോഡിയം ബ്രസീലില്‍ കണ്ടെത്തി. പതിനാറ് ലാപ്പുകള്‍ അവശേഷിക്കേ പിറ്റ്സ്റ്റോപ്പിലെ ചെറിയൊരു പാളിച്ചയില്‍ പതിനാറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനുശേഷം അവിശ്വസനീയമായ തിരിച്ചുവരവാണ് നടത്തിയത്.
എഫ് 1 ചാമ്പ്യൻമാർ
പ്രതികൂല കാലാവസ്ഥയായിരുന്നു ബ്രസീലില്‍ അന്ന്. മഴയും കാഴ്ചക്കുറവുമല്ലൊം ട്രാക്കില്‍ അപകടങ്ങള്‍ വരുത്തിവെക്കുന്നുണ്ടായിരുന്നു. ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്താണ് അയാള്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചത്. 39 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏഴ് തവണ പോഡിയത്തില്‍ കയറിയിട്ടുണ്ട്.
ഈ സീസണില്‍ മൂന്നു റെക്കോര്‍ഡുകളാണ് വെസ്തപ്പന്‍ സ്വന്തമാക്കിയത്. സ്പാനിഷ് ലീഗിലെ വിജയത്തോടെ പ്രായംകുറഞ്ഞ ഡ്രൈവറായും ബ്രസീലില്‍ ഏറ്റവും വേഗതയേറിയ ലാപ്പ് പൂര്‍ത്തിയാക്കിയ ചെറുപ്പക്കാരനായും മാറി.
22 കാറുകളാണ് ഇത്തവണ റേസിങ് ട്രാക്കിലുണ്ടായിരുന്നത്. അതില്‍ പുതിയ ടീമായി ഹാസ് ടീമും ഉണ്ടായിരുന്നു. നാലുവര്‍ഷത്തെ അഭാവത്തിനുശേഷം റിനോ ടീമും ട്രാക്കിലെത്തി. മത്സരങ്ങളുടെ എണ്ണവും കൂടിയിരുന്നു.
ജര്‍മന്‍ ഗ്രാന്‍പ്രീ മടങ്ങിവന്നു. വ്യക്തിഗത കിരീടത്തെ മാറ്റിനിര്‍ത്തിയാല്‍ കണ്‍സ്ട്രക്ടര്‍ ടീമില്‍ വിജയി മെഴ്സിഡെസ് തന്നെയാണ്. 722 പോയന്റാണ് അവര്‍ നേടിയത്. തൊട്ടടുത്തുള്ള റെഡ്ബുള്ളിന് 446 പോയന്റ് മാത്രമാണുള്ളത്.