അബുദാബി: ഫോര്‍മുല വണ്ണില്‍ ലോകചാമ്പ്യനെ നിശ്ചയിക്കുന്ന ഈ സീസണിലെ അവസാന പോരാട്ടമായ അബുദാബി ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീയുടെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് തുടക്കം. ഞായറാഴ്ചയാണ് ഫൈനല്‍.
ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീയുടെ ലോകത്തെ വിവിധ നഗരങ്ങളിലായി നടന്ന മത്സരങ്ങളുടെ അവസാന ലാപ്പിനാണ് യു.എ.ഇ.യുടെ തലസ്ഥാന നഗരിയിലെ യാസ് മറീന സര്‍ക്യൂട്ട് വേദിയാവുന്നത്. അറുപതിനായിരം പേര്‍ക്ക് ഇവിടെ കാറോട്ടം കാണാനുള്ള സൗകര്യമുണ്ട്.
21 ഗ്രാന്‍പ്രീകളില്‍ ഇരുപതും പൂര്‍ത്തിയായപ്പോള്‍ മെഴ്സിഡസ് താരങ്ങളായ ബ്രിട്ടന്റെ ലൂയി ഹാമില്‍ട്ടണും ജര്‍മനിക്കാരനായ നിക്കോ റോസ്ബെര്‍ഗിനും ലോക ചാമ്പ്യന്‍ഷിപ്പ് നേടാന്‍ സാധ്യതയുണ്ടെന്നതാണ് അബുദാബിയിലെ അവസാന അങ്കത്തിന് ഏറെ പ്രാധാന്യം നല്‍കുന്നത്. ഹാമില്‍ട്ടണ്‍ അബുദാബിയില്‍ ഒന്നാമനായാല്‍പ്പോലും ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്ന് നേടാനായാല്‍ റോസ്ബര്‍ഗിനായിരിക്കും ലോക ചാമ്പ്യന്‍ഷിപ്പ്.പോയന്റ് പട്ടികയില്‍ റോസ്ബര്‍ഗാണ് മുന്നില്‍-367. ഹാമില്‍ട്ടണ് 355 പോയന്റാണുള്ളത്.
2009 മുതല്‍ ഫോര്‍മുല വണ്‍ സര്‍ക്യൂട്ട് വേദിയാണ് അബുദാബിയിലെ യാസ് മറീന. ഇവിടെ മുമ്പ് ചാമ്പ്യന്മാരായിട്ടുള്ള റോസ്ബര്‍ഗും ഹാമില്‍ട്ടണും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് എല്ലാവരും കാത്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇവിടെ റോസ്ബെര്‍ഗ് വേഗരാജാവായെങ്കിലും ഹാമില്‍ട്ടണാണ് കൂടുതല്‍ പോയന്റോടെ ലോക ചാമ്പ്യന്‍പട്ടം നേടിയത്. ഇത്തവണ ഹാമില്‍ട്ടനെ പിന്തള്ളി അബുദാബിയിലും സീസണിലും ഒന്നാമതാവാനുള്ള ഒരുക്കത്തിലാണ് റോസ്ബര്‍ഗ്.
2006-ല്‍ നടന്ന ബഹ്റൈന്‍ ഗ്രാന്‍പ്രീയിലാണ് റോസ്ബര്‍ഗിന്റെ അരങ്ങേറ്റം. 2012-ല്‍ ചൈനീസ് ഗ്രാന്‍പ്രീയില്‍ ആദ്യ കിരീടം. കഴിഞ്ഞവര്‍ഷം 322 പോയന്റോടെ സീസണിലെ രണ്ടാം സ്ഥാനത്തായിരുന്നു. 2007 ഓസ്ട്രേലിയന്‍ ഗ്രാന്റ് പ്രീയില്‍ അന്താരാഷ്ട്ര കരിയറിന് തുടക്കംകുറിച്ച ഹാമില്‍ട്ടന്റെ ആദ്യകിരീടം അതേവര്‍ഷത്തെ കനേഡിയന്‍ ഗ്രാന്‍പ്രീയിലായിരുന്നു.
381 പോയന്റോടെ കഴിഞ്ഞവര്‍ഷം ചാമ്പ്യനായ ഹാമില്‍ട്ടണ്‍ ഇക്കുറിയും നേട്ടം ആവര്‍ത്തിക്കാനുള്ള പുറപ്പാടിലായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ രണ്ട് റേസുകള്‍ പൂര്‍ത്തിയാക്കാനാവാതെ പോയത് തിരിച്ചടിയായി. ഈ റേസുകളില്‍ വിജയം കൈവരിച്ചാണ് റോസ്ബര്‍ഗ് മുന്നോട്ടുകയറിയത്.
റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പന്‍, ഫോഴ്സ് ഇന്ത്യയുടെ സെര്‍ജിയോ പെരസ്, ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ എന്നിവര്‍ വെല്ലുവിളിയുയര്‍ത്തി രംഗത്തുണ്ട്. ബ്രസീലില്‍നിന്ന് പ്രത്യേക വിമാനങ്ങളിലായി നേരത്തെതന്നെ മത്സരത്തിനുള്ള കാറുകളെല്ലാം അബുദാബിയില്‍ എത്തിക്കഴിഞ്ഞു.
അബുദാബിയുടെ സ്വന്തം വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍ലൈന്‍സാണ് ഗ്രാന്‍പ്രീയുടെ പ്രധാന സ്പോണ്‍സര്‍. ഒരാഴ്ചയായി അബുദാബിയും പരിസരങ്ങളും കാര്‍ റെയ്സ് കമ്പക്കാര്‍ക്കായി സവിശേഷമായ കലാപരിപാടികളും മറ്റും ഒരുക്കിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലായാണ് മുന്നോടിയായുള്ള ആഘോഷങ്ങള്‍ നടക്കുന്നത്.