സെപാങ്(മലേഷ്യ): മലേഷ്യന്‍ ഗ്രാന്‍പ്രീയില്‍ ജയിച്ച് ഫോര്‍മുല വണ്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ മുന്നിലെത്താമെന്ന മെഴ്സിഡസ് ഡ്രൈവര്‍ ലൂയി ഹാമില്‍ട്ടന്റെ സ്വപ്നം പൊലിഞ്ഞു. മത്സരത്തില്‍ മുന്നിട്ടു നില്‍ക്കെ കാറിന് തീപിടിച്ചതാണ് ഹാമില്‍ട്ടന് വിനയായത്.
റെഡ് ബുള്ളിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോയും മാക്സ് വെര്‍സ്റ്റാപ്പനും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ മെഴ്സിഡസിന്റെ നിക്കോ റോസ്ബര്‍ഗ് മൂന്നാം സ്ഥാനത്തെത്തി. ഓസ്ട്രേലിയക്കാരനായ റിക്കിയാര്‍ഡോയുടെ സീസണിലെ ആദ്യ കിരീടമാണിത്.
പോള്‍ പൊസിഷനില്‍ മത്സരിക്കാനിറങ്ങിയ ഹാമില്‍ട്ടണ്‍ ജയിച്ചിരുന്നെങ്കില്‍ ടീമംഗം റോസ്ബര്‍ഗിനെ പിന്തള്ളി ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തെത്തുമായിരുന്നു. ഹാമില്‍ട്ടണ്‍ പുറത്താവുകയും റോസ്ബര്‍ഗ് മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തുള്ള റോസ്ബര്‍ഗിന്റെ ലീഡ് 23 പോയന്റായി ഉയര്‍ന്നു.
ഹാമില്‍ട്ടന്റെ കാറിന് തീപിടിച്ചപ്പോള്‍
റോസ്ബര്‍ഗിന് 288 പോയന്റാണുള്ളത്. ഫോര്‍മുല വണ്‍ സര്‍ക്യൂട്ടില്‍ ഈ സീസണില്‍ ഇനി അഞ്ചു മത്സരങ്ങളാണ് ബാക്കിയുള്ളത്. മത്സരം തീരാന്‍ 15 ലാപ് ബാക്കിനില്ക്കെ, ഹാമില്‍ട്ടന്റെ വാഹനത്തിന്റെ പിന്‍ഭാഗത്താണ് പൊട്ടിത്തെറിയോടെ തീപ്പിടിത്തമുണ്ടായത്.ഫെരാരിയുടെ കിമി റൈക്കോണന്‍ നാലാം സ്ഥാനം നേടിയപ്പോള്‍ വില്യംസിന്റെ വാള്‍ട്ടേരി ബോത്താസ് അഞ്ചാമനായി.