സിംഗപ്പൂര്‍: മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടനെ പിന്തള്ളി സഹതാരം നിക്കോ റോസ്ബര്‍ഗ് ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള പോരാട്ടത്തില്‍ മുന്നില്‍.
സിംഗപ്പൂര്‍ ഗ്രാന്‍പ്രീയില്‍ വിജയിച്ചാണ് റോസ്ബര്‍ഗ് ഹാമില്‍ട്ടനില്‍ നിന്ന് ലീഡ് തിരിച്ചുപിടിച്ചത്. ഇതോടെ ആറു ഗ്രാന്‍പ്രീകള്‍ ശേഷിക്കെ ചാമ്പ്യന്‍ഷിപ്പിനായുള്ള പോരാട്ടത്തില്‍ ഹാമില്‍ട്ടനേക്കാള്‍ എട്ട് പോയിന്റ് മുന്നിലായി റോസ്ബര്‍ഗ്.
ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട സിംഗപ്പൂര്‍ ഗ്രാന്‍പ്രീയില്‍ 0.4 സെക്കന്റിന്റെ വ്യത്യാസത്തിലാണ് റോസ്ബര്‍ഗ് രണ്ടാമതെത്തിയ റെഡ്ബുള്ളിന്റെ ഡാനിയല്‍ റിക്കാര്‍ഡോയെ മറികടന്നത്. ലൂയിസ് ഹാമില്‍ട്ടന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
സീസണില്‍ റോസ്ബര്‍ഗിന്റെ തുടര്‍ച്ചയായ മൂന്നാം വിജയത്തിനാണ് സിംഗപ്പൂര്‍ സര്‍ക്യൂട്ട് വേദിയായത്. തന്റെ കരിയറിലെ 200ാം മത്സരം വിജയത്തോടെ പൂര്‍ത്തിയാക്കാനായതില്‍ സന്തോഷമുണ്ടെന്ന് റോസ്ബര്‍ഗ് മത്സരശേഷം പ്രതികരിച്ചു.