ന്യൂയോര്‍ക്ക്: അതിവേഗത്തിന്റെ ട്രാക്കില്‍ ആറാം ലോക കിരിടം നേടി മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണ്‍. യു.എസ്. ഗ്രാന്‍പ്രീയില്‍ മെഴ്‌സിഡസിന്റെ തന്നെ വാല്‍ട്ടെരി ബൊട്ടാസിന് പിന്നില്‍ രണ്ടാമതായി ഫിനിഷ് ചെയ്താണ് ഹാമില്‍ട്ടണ്‍ ആറാം ലോകകിരീടം ഉറപ്പിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍ ലോകകിരീടം നേടിയ ഡ്രൈവര്‍മാരുടെ പട്ടികയില്‍ രണ്ടാമതെത്തിയിരിക്കുകയാണ് ഹാമില്‍ട്ടണ്‍. ഏഴ് കിരീടം നേടിയ മൈക്കല്‍ ഷുമാക്കര്‍ മാത്രമാണ് മുന്നില്‍.
2008, 2014, 2015, 2017, 2018, 2019 വര്‍ഷങ്ങളിലായിരുന്നു ഹാമില്‍ട്ടന്റെ കിരീടനേട്ടം. 1994, 95, 2000, 2001, 2002, 2003, 2004 വര്‍ഷങ്ങളിലായിരുന്നു ഷുമാക്കര്‍ കിരീടം സ്വന്തമാക്കിയത്. 2013 ഡിസംബര്‍ 29ന് സ്‌കീയിങ്ങിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷുമാക്കര്‍ ആറു വര്‍ഷമായി കോമയിലാണ്. അഞ്ചു കിരീടം നേടിയ അര്‍ജന്റൈന്‍ ഡ്രൈവര്‍ യുവാന്‍ മാന്വല്‍ ഫാന്‍സോ ജ്യോയെയാണ് ഹാമില്‍ട്ടണ്‍ മറികടന്നത്.
381 പോയിന്റോടെയാണ് ഹാമില്‍ട്ടണ്‍ ആറാം ലോക കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള ടീമംഗം വാല്‍ട്ടേരി ബൊട്ടാസിന് 314 പോയിന്റാണുള്ളത്. ബൊട്ടാസിനേക്കാള്‍ 67 പോയിന്റിന്റെ ലീഡ്. ഇനി രണ്ട് റേസുകള്‍ മാത്രമാണ് ശേഷിക്കുന്നത്. നവംബറില്‍ ബ്രസീലിയന്‍ ഗ്രാന്‍പ്രീയും ഡിസംബറില്‍ ബഹ്‌റൈന്‍ ഗ്രാന്‍പ്രീയും. ഇതില്‍ രണ്ടിലും വിജയിച്ചാലും ബൊട്ടാസിന് 50 പോയിന്റ് മാത്രമേ നേടാനാവൂ. ഇതോടെയാണ് ഹാമില്‍ട്ടണ്‍ ലോക കിരീടം ഉറപ്പിച്ചത്. 249 പോയിന്റുള്ള ഫെരാരിയുടെ ചാള്‍സ് ലെക്‌ലേക്കാണ് മൂന്നാം സ്ഥാനത്ത്.
ഇറ്റാലിയന്‍, ബെല്‍ജിയം ഗ്രാന്‍പ്രീകളിലാണ് ഹാമില്‍ട്ടണ്‍ ഈ സീസണില്‍ ഒന്നാമതെത്തിയത്. സിംഗപ്പൂരിലും ഓസ്ട്രിയ ഗ്രാന്‍പ്രീകളില്‍ രണ്ടാമതെത്തി.
Content Highlights: Lewis Hamilton wins sixth F1 World Championship at United States Grand Prix