ലൂയിസ് ഹാമിൽട്ടൺ | Photo: twitter.com|LewisHamilton
ഈസ്താംബൂള്‍: ഫോര്‍മുല വണ്ണിലെ ഇതിഹാസതാരമായ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിള്‍ട്ടണ്‍ എഴാം കിരീടം ലക്ഷ്യം വെച്ച് തുര്‍ക്കി ഗ്രാൻഡ്പ്രീയിൽ ഇറങ്ങുന്നു. ഞായറാഴ്ചയാണ് മത്സരം.
നിലവില്‍ ഫെരാരിയുടെ മൈക്കിള്‍ ഷൂമാക്കറാണ് ലോകത്തിൽ ഏറ്റവുമധികം കിരീടം നേടിയ എഫ് വണ്‍ ഡ്രൈവര്‍. എഴ് കിരീടങ്ങളാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. തുര്‍ക്കിയില്‍ പോരാട്ടം കഴിയുന്നതോടെ ഈ സീസണ്‍ ഹാമില്‍ട്ടണിന്റെ പേരിലാകും. അതോടെ ഷൂമാക്കറുടെ നേട്ടത്തിനൊപ്പമെത്താനും താരത്തിന് കഴിയും.
എഫ് വണ്‍ കാറോട്ട മത്സരങ്ങളില്‍ ഏറ്റവുമധികം വിജയങ്ങള്‍ നേടി റെക്കോഡ് സ്വന്തമാക്കിയ താരമാണ് ഹാമില്‍ട്ടണ്‍. 93 വിജയങ്ങളാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. തുര്‍ക്കിയില്‍ തോറ്റാലും ഹാമില്‍ട്ടണ്‍ സീസണ്‍ വിജയം ഉറപ്പിച്ചുകഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള വാള്‍ട്ടേരി ബോട്ടാസുമായി 85 പോയന്റുകളുടെ വ്യത്യാസമാണ് ഹാമില്‍ട്ടണുള്ളത്.
നിലവിലെ ഫോമില്‍ ഹാമില്‍ട്ടണെ വെല്ലാന്‍ ഇന്ന് ലോകത്ത് മറ്റൊരു ഡ്രൈവര്‍ ഇല്ല. ഈ സീസണില്‍ ഇതുവരെ 13 ഗ്രാന്‍ഡ്പ്രീകളിൽ അവസാനിച്ചപ്പോള്‍ ഒന്‍പതിലും ഹാമില്‍ട്ടണാണ് വിജയിച്ചത്. ബോട്ടാസിന് രണ്ട്തവണ മാത്രമാണ് വിജയിക്കാനായത്.
മെഴ്‌സിഡസ് ആകട്ടെ ഹാമില്‍ട്ടണിന്റെ ചിറകിലേറി ഈ സീസണില്‍ വിജയം ഉറപ്പിച്ചുകഴഞ്ഞു. നിലവില്‍ ഏറ്റവും കൂടുതല്‍ പോള്‍ പൊസിഷന്‍ ലഭിച്ച ഡ്രൈവര്‍, ഒരു ടീമിനായി ഏറ്റവുമധികം മത്സരങ്ങൾ ജയിച്ച താരം എന്നീ റെക്കോഡുകള്‍ ഹാമില്‍ട്ടന്റെ പേരിലാണുള്ളത്.
Content Highlights: Lewis Hamilton set for seventh title as F1 returns to Turkey