ലണ്ടന്‍: ഇന്ത്യയെ ദരിദ്ര രാജ്യമെന്ന് വിശേഷിപ്പിച്ച ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടന്‍ വിശദീകരണവുമായി രംഗത്ത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഹാമില്‍ട്ടന്റെ വിശദീകരണം.
'ഇന്ത്യയെക്കുറിച്ചുള്ള എന്റെ പരാമര്‍ശം ചില ആളുകള്‍ക്ക് ഇഷ്ടപ്പെടാത്തത് ഞാന്‍ ശ്രദ്ധിച്ചു. ഒരു കാര്യം ആദ്യം തന്നെ പറയട്ടെ, ലോകത്തെ മനോഹരമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ സംസ്‌കാരം അദ്ഭുതപ്പെടുത്തുന്നതാണ്. ഇന്ത്യയില്‍ ഞാന്‍ വന്നിട്ടുണ്ട്. അത് വളരെ മനോഹരമായ നിമിഷങ്ങളായിരുന്നു. ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. അതേസമയം ഇന്ത്യയില്‍ ദാരിദ്ര്യവുമുണ്ട്. ഞാന്‍ നേരത്തെ പറയാന്‍ ഉദ്ദേശിച്ചത് പട്ടിണിപ്പാവങ്ങളുടെ ഇടയിലൂടെ വണ്ടിയോടിച്ച് പിന്നീട് പണം ഒരു പ്രശ്‌നമല്ലാത്ത ഒരു വേദിയിലെത്തുന്നതിനെ കുറിച്ചാണ്. അന്ന് കോടിക്കണക്കിന് രൂപ മുടക്കയാണ് ആ റേസിങ് ട്രാക്കുണ്ടാക്കിയത്. എന്നാല്‍ ഇപ്പോള്‍ അതിന് ഒരുപയോഗവുമില്ല. ആ പണം വീടുണ്ടാക്കാനും സ്‌ക്കൂളുണ്ടാക്കാനും ചെലവഴിക്കാമായിരുന്നു. അവിടെ റേസിങ് നടത്തിയപ്പോള്‍ ആരും വന്നില്ല. ഒന്നാമത് ടിക്കറ്റിന് അത്രയും കാശ് കൊടുക്കണമായിരുന്നു. രണ്ടാമത്തെ കാര്യം റേസ് കാണാന്‍ താത്പര്യമുള്ളവര്‍ കുറവായിരുന്നു എന്നതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും റേസിങ്ങിനെ നെഞ്ചിലേറ്റുന്ന ചില ഇന്ത്യന്‍ ആരാധകരെ ഞാന്‍ കണ്ടു.' ട്വീറ്റില്‍ ഹാമില്‍ട്ടന്‍ പറയുന്നു.
ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ സര്‍ക്യൂട്ട് 2011-ല്‍ ഫോര്‍മുല വണ്‍ റേസിന് വേദിയായിരുന്നു. 2011-ലെ ഫോര്‍മുല വണ്‍ സീസണിലെ 17-ാമത്തെ റേസായിരുന്നു അത്. ജര്‍മനിയുടെ സെബാസ്റ്റ്യൻ വെറ്റലായിരുന്നു അന്ന് ചാമ്പ്യന്‍. 2012ലും 2013ലും വെറ്റല്‍ തന്നെയായിരുന്നു ഒന്നാമതെത്തിയത്. എന്നാല്‍ പിന്നീട് ഈ സര്‍ക്യൂട്ടില്‍ എഫ് വണ്‍ റേസുകളൊന്നും നടന്നില്ല. നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഒഴിഞ്ഞ ഗാലറിയുമായിരുന്നു ഇതിന് പിന്നിലുള്ള കാരണം.
ഫോര്‍മുല വണ്ണിന് പുതിയ വേദികള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഹാമില്‍ട്ടന്‍ ഇന്ത്യയെ ദരിദ്ര രാജ്യമെന്ന് വിശേഷിപ്പിച്ചത്. 'വിയറ്റ്‌നാമിനെ പുതിയ വേദിയായി തിരഞ്ഞെടുക്കുന്നതില്‍ എനിക്ക് എതിരഭിപ്രായമൊന്നുമില്ല. ഞാന്‍ മുമ്പ് വിയറ്റ്‌നാമില്‍ പോയിട്ടുണ്ട്. മനോഹരമാണ് വിയറ്റ്‌നാം. എന്നാല്‍ ഇന്ത്യ അങ്ങനെയല്ല. ഇത്രയും മനോഹരമായ വേദിയുണ്ടാകുമ്പോള്‍ ഇന്ത്യയെപ്പോലൊരു ദരിദ്ര്യരാജ്യത്ത് ഗ്രാന്‍പ്രീ നടത്തുന്നത് എന്തിനാണ്? ഇന്ത്യയില്‍ പണ്ട് റേസിങ്ങില്‍ പങ്കെടുക്കാന്‍ വന്നിട്ടുണ്ട്. ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. ഇന്ത്യയില്‍ ഇങ്ങനെയൊരു റേസ് സംഘടിപ്പിച്ചത് അസാധരണമായ കാര്യമായാണ് തോന്നിയത്. അത് എന്നെ അദ്ഭുതപ്പെടുത്തി. ഇത്തരത്തില്‍ ദരിദ്ര രാജ്യങ്ങളില്‍ റേസ് നടത്തുന്നത് വളരെ സംഘര്‍ഷമുണ്ടാക്കുന്ന കാര്യമാണ്. ഇതായിരുന്നു ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹാമില്‍ട്ടന്‍ പറഞ്ഞത്.
എന്നാല്‍, ഇതിനെതിരേ ശക്തമായ പ്രതിഷേധമുണ്ടായി. ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ ജയിക്കാത്തതിന്റെ അസൂയയാണ് ഹാമില്‍ട്ടനെന്നും ഹാമില്‍ട്ടന്റെ രാജ്യമായ ബ്രിട്ടനാണ് ഇന്ത്യയുടെ സമ്പത്ത് കവര്‍ന്നതെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്നാണ് അഞ്ചു തവണ ഫോര്‍മുല വണ്‍ ചാമ്പ്യനായ ഹാമില്‍ട്ടന്‍ വിശദീകരണം നല്‍കിയത്.
Contet Highlights: Lewis Hamilton Clarifies 'Poor' India Comments After Backlash