ഓസ്റ്റിന്‍: മേഴ്‌സിഡസ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍ തുടര്‍ച്ചയായ മൂന്നാംതവണയും ഫോര്‍മുല വണ്‍ ലോക കിരീടം നേടി. യു.എസ്. ഗ്രാന്‍പ്രീയില്‍ ജേതാവായതോടെയാണ് ലോകകിരീടം നിലനിര്‍ത്താന്‍ ബ്രിട്ടീഷ് ഡ്രൈവര്‍ക്കായത്. സീസണില്‍ പത്ത് ഗ്രാന്‍പ്രീ കിരീടം നേടിയ ഹാമില്‍ട്ടണിന് 327 ഓവറോള്‍ പോയന്റായി.
രണ്ടാം സ്ഥാനത്തുള്ള ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന് 251 പോയന്റും മൂന്നാമുള്ള മേഴ്‌സിഡസിന്റെ നിക്കോ റോസന്‍ബര്‍ഗിന് 247 പോയന്റുമാണുളളത്. മൂന്ന് ഗ്രാന്‍പ്രീകള്‍ മാത്രം ബാക്കി നില്‍ക്കെ എതിരാളികള്‍ക്ക് മറികടക്കാന്‍ കഴിയില്ല.
ഓസ്‌ട്രേലിയന്‍, ചൈന, ബഹ്‌റിന്‍, കാനഡ, ബ്രിട്ടീഷ്, ബെല്‍ജിയം, ഇറ്റലി, ജപ്പാന്‍, റഷ്യ ഗ്രാന്‍പ്രീകളാണ് സീസണില്‍ ചാമ്പ്യന്‍താരം നേടിയത്. അവസാനംനടന്ന മൂന്ന് ഗ്രാന്‍പ്രീകളിലും ഹാമില്‍ട്ടണാണ് കപ്പുയര്‍ത്തിയത്.
ആവേശകരമായ മത്സരത്തില്‍ നിക്കോ റോസന്‍ബര്‍ഗിനെ പിന്തള്ളിയാണ് യു.എസ്. ഗ്രാന്‍പ്രീയില്‍ ബ്രീട്ടീഷ് ഡ്രൈവര്‍ ചാമ്പ്യനായത്. സെബാസ്റ്റ്യന്‍ വെറ്റല്‍ മുന്നാമനായി.
ചരിത്രത്തില്‍ ആറ് താരങ്ങള്‍ മൂന്നുതവണ ഫോര്‍മുലവണ്‍ കിരീടം നേടിയിട്ടുണ്ട്. നിക്കി ലൗഡ, ജാക് ബ്രാബാം, ജാക്കി സ്റ്റുവര്‍ട്ട്, നെല്‍സന്‍ പീക്വറ്റ്, അയര്‍ട്ടന്‍ സെന്ന എന്നിവരാണ് മൂന്ന് തവണ ജേതാക്കളായത്. സെബാസ്റ്റ്യന്‍ വെറ്റല്‍, അലെയ്ന്‍ പ്രോസ്റ്റ് എന്നിവര്‍ നാല് തവണ കിരീടം നേടിയിട്ടുണ്ട്. യുവാന്‍ മാനുവല്‍ ഫാന്‍ജിയോ അഞ്ച് തവണ കിരീടം നേടിപ്പോള്‍ ഇതിഹാസതാരം മൈക്കള്‍ ഷൂമാക്കര്‍ ഏഴ് തവണയാണ് ഫോര്‍മുലവണ്‍ ലോകകിരീടത്തില്‍ മുത്തമിട്ടത്.
2007-ല്‍ മക്ലാരനിലൂടെയാണ് ഹാമില്‍ട്ടണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറുന്നത്. 2013-ല്‍ മേഴ്‌സിഡസിലേക്ക് മാറിയതോടെയാണ് താരത്തിന്റെ തലവര മാറുന്നത്. നാലാം സ്ഥാനത്തെത്തിയ താരം അടുത്ത സീസണില്‍ ആദ്യമായി കപ്പുയര്‍ത്തി.