ബാഴ്‌സലോണ: ഫോര്‍മുല വണ്ണിലെ ഭാവി താരമാകാന്‍ ഇന്ത്യയില്‍ നിന്നുള്ള യുവഡ്രൈവര്‍ അര്‍ജുന്‍ മയ്‌നിയും. യു.എസിന്റെ ഉടമസ്ഥതയിലുള്ള ഹാസ് ഫോര്‍മുല വണ്‍ ടീമിന്റെ ഡെവലപ്‌മെന്റ് ഡ്രൈവറായാണ് പത്തൊമ്പതുകാരന്‍ അര്‍ജുന്‍ ഇന്ത്യയുടെ പ്രതീക്ഷയാകുന്നത്. അമേരിക്കക്കാരനായ സാന്റിനോ ഫെറൂസിയോടൊപ്പമാണ് അര്‍ജുനെ ഹാസിന്റെ ഡെവലപ്‌മെന്റ് ഡ്രൈവറായി തെരഞ്ഞെടുത്തത്.
ബാംഗ്ലൂുരുകാരനായ അര്‍ജുന്‍ ഫോഴ്‌സ് ഇന്ത്യയുടെ 'വണ്‍ ഇന്‍ എ ബില്ല്യണ്‍' ഡ്രൈവര്‍ ടാലെന്റ് മത്സരത്തില്‍ വിജയിച്ച ശേഷം 2011ല്‍ യൂറോപ്പിലേക്ക് താമസം മാറുകയായിരുന്നു. നിലവില്‍ ജിപി ത്രീ സപ്പോര്‍ട്ട് സീരിസീലാണ് അര്‍ജുന്‍ മത്സരിക്കുക.
''ഫോര്‍മുല വണ്‍ സ്വപ്‌നം കണ്ടാണ് ഞാന്‍ എന്റെ ഓരോ റെയ്‌സും ചെയ്യുന്നത്. ഹാസിന്റെ ഡെവലെപ്‌മെന്റ് ഡ്രൈവറായതോടെ ഞാന്‍ എന്റെ ലക്ഷ്യത്തിലേക്ക് ഒന്നുകൂടി അടുത്തു' അര്‍ജുന്‍ പറയുന്നു.
''ഫോര്‍മുല വണ്‍ ടീം എങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്നറിയാനും അതിനെക്കുറിച്ച് പഠിക്കാനും എനിക്ക് വലിയ താത്പര്യമാണ്. താന്‍ പഠിക്കുന്നതൊക്കെയും ജിപിത്രീയില്‍ പരീക്ഷിച്ചു നോക്കുന്നുണ്ടെന്നും അര്‍ജുന്‍ പറയുന്നു.
ഫോര്‍മുല വണ്ണില്‍ ആകെ രണ്ട് ഇന്ത്യന്‍ ഡ്രൈവര്‍മാരെ മത്സരിച്ചിട്ടുള്ളു. നരെയ്ന്‍ കാര്‍ത്തികേയനും കരുണ്‍ ചന്ദോക്കും. 2005ല്‍ യു.എസ് ഗ്രാന്‍പ്രീയില്‍ നാലാം സ്ഥാനത്ത് നരെയ്ന്‍ കാര്‍ത്തികേയന്‍ എത്തുകയും ചെയ്തു. 2011-2013 വര്‍ഷം ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ഇന്ത്യ ഒരു ഗ്രാന്‍പ്രീക്ക് വേദിയാകുകയും ചെയ്തു. ഫോര്‍മുല വണ്ണില്‍ കഴിഞ്ഞ വര്‍ഷമാണ് ഹാസ് ആദ്യമായി മത്സരിച്ചത്. എട്ടാം സ്ഥാനത്തെത്തി അവര്‍ സീസണ്‍ അവസാനിപ്പിക്കുകയും ചെയ്തു.