അരങ്ങൊരുങ്ങി, കാറൊരുങ്ങി


By സി.സജിത്

2 min read
Read later
Print
Share

വേഗംകൂട്ടി ലാപ്പുകളുടെ സമയം കുറയ്ക്കാനുള്ള ശ്രമമാണ് ഇത്തവണ

ളും അരങ്ങുമൊരുങ്ങി, ഇനി ആരവത്തിന് നാളുകള്‍ മാത്രം. ഫോര്‍മുല വണ്‍ പുതിയ സീസണിലെ ആദ്യമത്സരം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമിരിക്കെ താരങ്ങളെയും കാറുകളെയും കമ്പനികള്‍ തിരശീലയ്ക്ക് പുറത്തേക്ക് കൊണ്ടുവന്നുതുടങ്ങി. പരിഷ്‌കാരങ്ങള്‍ വരുത്തിയ കാറുകള്‍ മികച്ച കമ്പനികളും രംഗത്തിറക്കി.

സീസണ്‍ കഴിയുംമുമ്പുതന്നെ പുതിയ കാറുകള്‍ക്കായുള്ള ഗവേഷണങ്ങള്‍ കമ്പനികള്‍ ആരംഭിച്ചിരിക്കും. കോടികള്‍ മുടക്കിയുള്ള ഗവേഷണ നിര്‍മാണശാലകള്‍ അവ ഒരുങ്ങും. സാധാരണ പുതിയ കാറുകളുടെ പുറത്തിറക്കല്‍ച്ചടങ്ങുകള്‍ അതിഗംഭീരമായിരിക്കും. എന്നാല്‍, ഇത്തവണ അതുണ്ടായില്ല. ചില പരിഷ്‌കാരങ്ങള്‍ ഇത്തവണയുണ്ട്.. വേഗംകൂട്ടി ലാപ്പുകളുടെ സമയം കുറയ്ക്കാനുള്ള ശ്രമമാണ് ഇത്തവണ.

വായുമര്‍ദം കുറയ്ക്കാനായി എയര്‍ ഇന്‍ടേക്കുകളിലും പരിഷ്‌കാരംവരുത്തി. കാറുകളുടെ മുന്നിലെ ചിറകിന് 1.800 മില്ലീമീറ്റര്‍ വീതികൂട്ടി. പിന്നിലെ ചിറക് ഇരുന്നൂറ് മില്ലീമീറ്റര്‍ പിന്നോട്ടുനീക്കുകയും 150 മില്ലീമീറ്റര്‍ താഴ്ത്തുകയും ചെയ്തു. ട്രാക്കിലെ പിടിത്തം കൂട്ടാനായി ടയറുകളുടെ വീതികൂട്ടി. വാഹനത്തിന്റെ കുറഞ്ഞ ഭാരം ഇരുപതു കിലോ കൂട്ടി. ഇപ്പോള്‍ വാഹനത്തിനുവേണ്ട ഭാരം 722 കിലോയാക്കി വര്‍ധിപ്പിച്ചു. കൂടാതെ അനുവദനീയമായ ചില മിനുക്കുപണികള്‍കൂടി ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 20-ന് സോബറാണ് ഈ സീസണിലെ ആദ്യകാറിനെ പുറത്തിറക്കിയത്. കഴിഞ്ഞ സീസണില്‍ പത്താം സ്ഥാനത്തായിരുന്നു സോബര്‍. സി 36 എന്ന പേരില്‍ നീലയില്‍ പൊതിഞ്ഞാണ് പുതിയ കാറിനെ രംഗത്തിറക്കിയത്. കഴിഞ്ഞ വര്‍ഷത്തേക്കാളും മുന്നേറാന്‍ കഴിയുമെന്ന വിശ്വാസം ടീം ടെക്നിക്കല്‍ ഡയറക്ടര്‍ ജോര്‍ഗ് സെന്‍ഡറിന്.

അടുത്തദിവസംതന്നെ റിനോ തങ്ങളുടെ ആര്‍.എസ്. 17 പുറത്തിറക്കി. സ്വന്തം എഞ്ചിന്‍തന്നെ ഉപയോഗിക്കുന്ന റിനോയുടെ യഥാര്‍ഥ ഫോര്‍മുല വണ്‍ കാറാണിതെന്നാണ് ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ബോബ് ബെല്‍ പറയുന്നത്. 1977 മുതല്‍ എഞ്ചിന്‍ നിര്‍മാണരംഗത്തും കണ്‍സ്ട്രക്ടേഴ്സ് രംഗത്തും നിലയുറപ്പിച്ചതാണ് റിനോ. കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനമായിരുന്നു. ഇത്തവണ അഞ്ചാംസ്ഥാനമാണ് ലക്ഷ്യം.

ഇന്ത്യയുടെ ത്രിവര്‍ണം ആലേഖനംചെയ്ത ഫോഴ്സ് ഇന്ത്യ ഫെബ്രുവരി 22-നാണ് മെഴ്സിഡസിന്റെ എഞ്ചിന്‍ കരുത്തുപകരുന്ന പുതിയ കാര്‍ പുറത്തിറക്കിയത്. നാലാം വര്‍ഷവും ടീമിനോപ്പം തുടരുന്ന ഡ്രൈവര്‍ സെര്‍ജിയോ പെരസായിരുന്നു നായകന്‍. വിജെഎം10 എന്ന പേരിലുള്ള കാറിന് ശക്തിപകരുന്നത് മെഴ്സിഡസിന്റെ എഞ്ചിനാണ്. കമ്പനി ഉടമ വിജയ് മല്യയും ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനത്തിലൂടെ നാലാം സ്ഥാനത്തെത്തിയ ഫോഴ്സ് ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തുമെന്ന വിശ്വാസത്തിലാണ്.

ഫോഴ്‌സ് ഇന്ത്യയുടെ പുതിയ കാര്‍

വ്യാഴാഴ്ചയാണ് നിലവിലെ ചാമ്പ്യന്‍മാരായ മെഴ്സിഡസ് തങ്ങളുടെ വിജയവാഹനം പുറത്തിറക്കിയത്. സ്റ്റാര്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടനായിരുന്നു ചടങ്ങിനെത്തിയത്. ഈ കാര്‍ തന്നെ നാലാം തവണയും ചാമ്പ്യനാക്കുമെന്നും ഹാമില്‍ട്ടന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആദ്യ ടെസ്റ്റ് ഡ്രൈവില്‍തന്നെ കാറിന്റെ ഗുണനിലവാരത്തില്‍ അദ്ദേഹം തൃപ്തിരേഖപ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച ഫെരാരിയും മാക്ലാറനും തങ്ങളുടെ പുതിയ കാറുകളെ ട്രാക്കിലിറക്കി. സെബാസ്റ്റ്യന്‍ വെറ്റലും കിമി റെയ്ക്കോണനുമായിരുന്നു ഫെരാരിയുടെ ഫൊറാനോ ടെസ്റ്റ് ട്രാക്കില്‍ അനുവദനീയമായ നൂറു കിലോമീറ്റര്‍ വേഗത്തില്‍ പുതിയ കാര്‍ ഓടിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് പുറത്തിറക്കല്‍ കമ്പനി ലോകത്തെ അറിയിച്ചത്. തങ്ങളുടെ എഴുപതാം പിറന്നാളാഘോഷ സമയമെങ്കിലും അധികം ആഘോഷമില്ലാതെയായിരുന്നു ഫോര്‍മുല വണ്‍ കാറിന്റെ പുറത്തിറക്കല്‍ ചടങ്ങ്. കുറച്ചുസമയം മാത്രമായിരുന്നു ഓണ്‍ലൈനില്‍ പുതിയ എസ്.എഫ്. 70 എച്ച് എന്ന പുതിയ കാറിനെ കാണാന്‍കഴിഞ്ഞത്.

കൂടുതല്‍ വേഗത്തിനും ഡ്രൈവറുടെ സുരക്ഷയ്ക്കും സൗകര്യത്തിനും പ്രാധാന്യംനല്‍കിയാണ് പുതിയ വാഹനനിര്‍മാണനിയമം. അതിനനുസരിച്ച മാറ്റങ്ങള്‍ ഫെരാരിയും വരുത്തിയിട്ടുണ്ട്. വശങ്ങളിലെ എയര്‍ ഇന്‍ടേക്കും ഷാര്‍ക്ക് ഫിന്‍ എഞ്ചിന്‍ കവറും മുന്നിലെ ചിറകിലെ എയര്‍ ഇന്‍ടേക്കുകളുമാണ് പുതിയ കാറിന്റെ ഹൈലൈറ്റുകള്‍. ഇതേ ദിവസംതന്നെയാണ് മക്ലാറന്‍-ഹോണ്ടയുടെ പുതിയ കാര്‍ പുറത്തിറക്കിയത്.

തലവന്‍ റോഡ ഡെന്നിസിന്റെ പിന്‍മാറ്റത്തിന് ശേഷമുള്ള ആദ്യസീസണില്‍ വാഹനത്തിന്റെ നിറംതന്നെ മാറ്റിയാണ് പുതിയ കാറിനെ കമ്പനി എത്തിച്ചത്. ചാരനിറം ഇതോടെ ഓര്‍മയായി. പുതിയ കാറിന് നല്ല ഓറഞ്ചും കറുപ്പും കലര്‍ന്ന നിറമാണ്. വില്യംസും ഇതേദിവസംതന്നെ പുതിയ കാര്‍ പുറത്തിറക്കി. ഇതിന്റെ ടെസ്റ്റ് ഡ്രൈവ് തിങ്കളാഴ്ച ഫിലിപ്പ് മാസ തുടങ്ങും. ടോറോ റോസോ, റെഡ്ബുള്‍, ഹാസ് എന്നിവര്‍ ഞായറാഴ്ച തങ്ങളുടെ വാഹനങ്ങള്‍ പുറത്തിറക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram