വേഗപ്പോര് മുറുകുന്നു; പോരാട്ടം ഹാമില്‍ട്ടനും വെറ്റലും തമ്മില്‍


By സി. സജിത്‌

4 min read
Read later
Print
Share

തിങ്ങിനിറഞ്ഞ നാട്ടുകാരുടെ മുന്നില്‍ വിജയമുറപ്പിച്ചായിരുന്നു വെറ്റലിന്റെ തുടക്കം. എന്നാല്‍ കാര്യങ്ങള്‍ തകിടംമറിയാന്‍ അധികം സമയം വേണ്ടിവന്നില്ല.

വേഗപ്പോരാട്ടങ്ങളുടെ ലോകത്ത് ഇത്തവണയും ഫലങ്ങള്‍ മാറിമറിയുകയാണ്. മധ്യദൂരം പിന്നിടുമ്പോള്‍ ചിരവൈരികള്‍ തമ്മിലുള്ള യുദ്ധം മുറുകുകയാണ്. ഫോര്‍മുല വണ്‍ മത്സരങ്ങളില്‍ പതിനൊന്നെണ്ണം പൂര്‍ത്തിയായപ്പോള്‍ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടന്‍ മുന്നിലെത്തി. ഞായറാഴ്ച നടന്ന ജര്‍മന്‍ ഗ്രാന്‍പ്രീയില്‍ അവിശ്വസനീയമായിരുന്ന പ്രകടനമായിരുന്നു ഹാമില്‍ട്ടന്റേത്. നാടകീയരംഗങ്ങള്‍ക്കൊടുവിലായിരുന്നു ഹാമില്‍ട്ടന്‍ ഫെരാരിയുടെ സെബാസ്റ്റിയന്‍ വെറ്റലിനേക്കാള്‍ വിലപ്പെട്ട പതിനേഴ് പോയന്റുകള്‍ക്ക് മുന്നിലെത്തിയത്. ക്വാളിഫൈയിങ്ങ് റൗണ്ടില്‍ ഹൈഡ്രോളിക് ബ്രേക്ക് തകരാറിലായതിനാല്‍ പതിനാലാം സ്ഥാനത്തുനിന്നായിരുന്നു ഹാമില്‍ട്ടന്‍ തുടങ്ങിയത്. എന്നാല്‍, വെറ്റലാകട്ടെ മികച്ച പ്രകടനത്തില്‍ പോള്‍ പൊസിഷനില്‍ നിന്നായിരുന്നു ആരംഭിച്ചത്.

തിങ്ങിനിറഞ്ഞ നാട്ടുകാരുടെ മുന്നില്‍ വിജയമുറപ്പിച്ചായിരുന്നു വെറ്റലിന്റെ തുടക്കം. എന്നാല്‍ കാര്യങ്ങള്‍ തകിടംമറിയാന്‍ അധികം സമയം വേണ്ടിവന്നില്ല. കനത്ത മഴ മുക്കിയ ട്രാക്കില്‍ കൂട്ടിയിടികളുടെ നിരയായിരുന്നു നടന്നത്. ഇരുപത്തഞ്ച് ലാപ്പുകള്‍ മാത്രം ബാക്കിയിരിക്കെ മുന്നില്‍ പറന്നിരുന്ന വെറ്റലിന് മഴയത്ത് നിയന്ത്രണം നഷ്ടപ്പെട്ടു. അതോടെ ബാരിക്കേഡിലിടിച്ച് കാര്‍ തകര്‍ന്ന് മത്സരത്തിൽ നിന്ന് പിന്‍മാറുകയായിരുന്നു. ആ സമയത്ത് നാലാംസ്ഥാനത്തായിരുന്ന ഹാമില്‍ട്ടന് മുന്നിലേക്ക് കയറാന്‍ അധികം ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

സേഫ്റ്റി കാറിന് ശേഷം മത്സരം തുടങ്ങിയപ്പോള്‍ മെഴ്‌സിഡസിന്റെ വാള്‍ട്ടേരി ബോത്താസും ഫെരാരിയുടെ കിമി റെയ്‌ക്കോനനും റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പനുമായിരുന്നു മുന്നിലുണ്ടായിരുന്നത്. അവരെ പിന്തള്ളി ഹാമില്‍ട്ടന്‍ ഒന്നാമതെത്തുകയായിരുന്നു. എന്നാല്‍, പിറ്റ്‌ലൈനിലേക്കുള്ള വെള്ളവര കടന്നിട്ടും തിരിച്ച് ട്രാക്കിലേക്ക് കയറിയതിന് പിഴയിടുമെന്ന് അധികൃതര്‍ അറിയിച്ചതോടെ ആശങ്കയുടെ മുള്‍മുനയിലായിരുന്നു മത്സരശേഷം ഹാമില്‍ട്ടനും, മെഴ്‌സിഡസ് ടീമംഗങ്ങളും. എന്നാല്‍, വെറും താക്കീതിലൊതുക്കിയതുകൊണ്ട് ഹാമില്‍ട്ടന്‍ രക്ഷപ്പെടുകയായിരുന്നു. അഞ്ച് സെക്കന്റ് വരെ പെനാല്‍ട്ടി ലഭിക്കുമായിരുന്നു ഇൗ തെറ്റിന്. അങ്ങിനെ സംഭവിച്ചാല്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപോകുമായിരുന്നു ഹാമില്‍ട്ടന്‍. വാള്‍ട്ടേരി ബോത്താസ്, റെയ്‌ക്കോനനന്‍, വെസ്തപ്പന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. കണ്‍സ്ട്രക്‌ടേഴ്‌സ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തു തുടര്‍ന്നിരുന്ന ഫെരാരിയെ മെഴ്‌സിഡസ് പിന്നിലാക്കി. 310 പോയന്റാണ് ജര്‍മന്‍ ഗ്രാന്‍ പ്രീ യ്ക്ക് ശേഷം മെഴ്‌സ്‌ഡെസിന്. ഫെരാരിക്കാകട്ടെ 302 പോയന്റുമുണ്ട്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ട്രാക്കില്‍ കാണുന്നത് ഇവര്‍ തമ്മിലുള്ള പോരാട്ടമാണ്. പുതിയൊരു താരോദയം അടുത്തൊന്നുമുണ്ടായില്ല. 2016-ല്‍ നീക്കോ റോസ്‌ബെര്‍ഗിന്റെ അപ്രതീക്ഷിത ചാമ്പ്യന്‍പട്ടമായിരുന്നു. എന്നാല്‍, മത്സരശേഷം അദ്ദേഹത്തിന്റെ പിന്‍വാങ്ങലും അപ്രതീക്ഷിതമായിരുന്നു. ഹാമില്‍ട്ടന്റെ സ്റ്റിയറിങ്ങ് വീലില്‍ മെഴ്‌സിഡസിന്റെ വിജയവഴികളായിരുന്നു ഇതുവരെ. നിഴല്‍ പോലെ വെറ്റലുമുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ഫെരാരി മികച്ച കാര്‍ നല്‍കിയെങ്കിലും അത് മുതലാക്കാന്‍ വെറ്റലിനായില്ല.

ആദ്യഘട്ടത്തില്‍ ഹാമില്‍ട്ടന്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ മിന്നല്‍ വിജയം നേടിയെുക്കുമെന്ന് കരുതിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ അദ്ദേഹത്തെ പോഡിയത്തില്‍ നിന്നും അകറ്റിനിര്‍ത്തി. സീസണിലെ ആദ്യമത്‌സരമായ ഓസ്‌ട്രേലിയന്‍ ഗ്രാന്‍ഡ്പ്രിയില്‍ തന്നെ തിരിച്ചടിയായിരുന്നു ഹാമില്‍ട്ടന് നേരിടേണ്ടി വന്നത്. പോള്‍ പൊസിഷന്‍ ലഭിച്ചെങ്കിലും രണ്ടാമതെത്താനേ കഴിഞ്ഞുള്ളു. തുടര്‍ച്ചയായി മൂന്ന് വിജയങ്ങളുമായി വെറ്റലിനായിരുന്നു ആധിപത്യം. ബെഹ്‌റിനിലും വെറ്റല്‍ വിജയവഴി തുടര്‍ന്നു. എന്നാല്‍, ചൈനയിലും അസര്‍ബൈജാനിലും സ്‌പെയിനിലും വെറ്റലിന്റെ കൈപിടിയിൽ നിന്ന് വിജയം വഴുതിയിറങ്ങി.

ഈ മൂന്നിടങ്ങളിലും പ്രധാനമായ പോള്‍ പൊസിഷനില്‍ നിന്നാണ് വെറ്റല്‍ തുടങ്ങിയതെങ്കിലും ആ മുന്നേറ്റസാധ്യത നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ചൈനയില്‍ റെഡ്ബുള്ളിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോ സീസണിലെ ആദ്യ വിജയം നേടിയപ്പോള്‍ മറ്റ് രണ്ടിടത്തും ഹാമില്‍ട്ടനായിരുന്നു വിജയം. മൊണാക്കോയില്‍ റിക്കിയാര്‍ഡോയുടെ അപ്രമാദിത്യമായിരുന്നു. ഫോര്‍മുല വണ്‍ മത്‌സരത്തിലെ ട്രാക്കുകളില്‍ ഡ്രൈവര്‍മാര്‍ക്ക് ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുന്ന ട്രാക്കാണിത്.

വളവുകളും തിരിവുകളും ഏറെയുള്ള ട്രാക്കില്‍ റിക്കിയാര്‍ഡോ പോള്‍പൊസിഷനില്‍ നിന്ന് തുടങ്ങി വിജയത്തിലെത്തുകയായിുന്നു. കഴിഞ്ഞ തവണത്തെ ചാമ്പ്യനായ വെറ്റലിന് രണ്ടാംസ്ഥാനം കൊണ്ട് തൃപിതിയായി. ഹാമില്‍ട്ടന്റെ ഭാഗ്യട്രാക്കായ കാനഡ ഇത്തവണ പക്‌ഷെ ഒപ്പം നിന്നില്ല. ഏഴ് തവണ പോഡിയത്തിലെത്തിയ മൈക്കിള്‍ ഷുമാക്കര്‍ക്ക് തൊട്ടുപിന്നിലാണ് ഹാമില്‍ട്ടന്റെ സ്ഥാനം. ആറു തവണ ഹാമില്‍ട്ടന്‍ ഇവിടെ വിജയിച്ചിട്ടുണ്ട്. ഷുമാക്കറിന്റെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള സാധ്യതയായിരുന്നു ഇവിടെ അസ്തമിച്ചത്. ഈ വിജയത്തോടെ വെറ്റല്‍, കാനഡയില്‍ രണ്ടു തവണ വിജയിയായി. ഫ്രാന്‍സില്‍ വീണ്ടും ഹാമില്‍ട്ടന്‍ തിരിച്ചുവന്നു.

ഓസ്ട്രിയയായിരുന്നു മെഴ്‌സിഡസിന്റേയും ഹാമില്‍ട്ടന്റേയും സ്വപ്‌നങ്ങള്‍ക്കു തിരിച്ചടിയായത്. മികച്ച ഫോമിലായിരുന്നു ഇരുവരും. ഫ്രാാന്‍സിലെ ട്രാക്കില്‍ മെഴ്‌സിഡസിന്റെ പുതുക്കിയ എഞ്ചിന്റെ പ്രകടനം എല്ലാവരേയും ഞെട്ടിച്ചിരുന്നു. ഇനി പിടിച്ചാല്‍ കിട്ടില്ല എന്നായിരുന്നു ഹാമില്‍ട്ടന്റെ വരെ പ്രതികരണം. എന്നാല്‍, ഓസ്ട്രിയയില്‍ എഞ്ചിന്‍ തകരാറ് കാരണം ഹാമില്‍ട്ടന് റേസ് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. എതിരാളി വെറ്റലുമായി പതിനാല് പോയന്റ് മുന്നിലായിരുന്നു ഹാമില്‍ട്ടന്‍.

ഇന്ധന പൈപ്പിലെ മര്‍ദവിത്യാസത്തെ തുടര്‍ന്ന് 64-ാം ലാപ്പിലാണ് ഹാമില്‍ട്ടന്‍ പിന്‍വാങ്ങിയത്. 2016 മലേഷ്യന്‍ ഗ്രാന്‍ പ്രീയാണ് പൂര്‍ത്തിയാക്കാതെ ഹാമില്‍ട്ടന്‍ പിന്‍വാങ്ങിയ അവസാന മത്‌സരം. പോള്‍ പൊസിഷനില്‍ മേഴ്‌സിഡസിന്റെ തന്നെ വാള്‍ട്ടേരി ബോത്താസാണ് തുടങ്ങിയെങ്കിലും വിജയം റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പനായിരുന്നു. ഏറെ പ്രതീക്ഷയുണ്ടായിരുന്ന താരമായിരുന്നു ഇരുപതുകാരനായ മാക്‌സ് എമിലന്‍ വെസ്തപ്പനില്‍.

പ്രായത്തിന്റെ തിളപ്പുകൊണ്ടുള്ള തീരുമാനങ്ങള്‍ പലപ്പോഴും ഈ ചെറുപ്പക്കാരന്റെ വിജയസാധ്യതകളെ ഇല്ലാതാക്കി. കഴിഞ്ഞ സീസണിലും വെസ്തപ്പന്റെ ചില പ്രവര്‍ത്തികള്‍ നിരാശാജനകമായിരുന്നു. ഓസ്ട്രിയയയിരുന്നു ഈ സീസണിലെ വെസ്തപ്പന്റെ ആദ്യ വിജയം. ഈ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ കഴിയുന്നത് ഈ ചെറുപ്പക്കാരനിലെ വിശ്വാസം ചോര്‍ക്കുന്നില്ല.

കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തായിരുന്നു വെസ്തപ്പന്‍, ഇപ്പോള്‍ ആറാം സ്ഥാനത്തേക്ക് കയറ്റം കിട്ടിയിട്ടുണ്ട്. അവസാനം നടന്ന ബ്രിട്ടീഷ് ഗ്രാന്‍പ്രീയില്‍ പോള്‍ പൊസിഷന്‍ ഹാമില്‍ട്ടന് ലഭിച്ചെങ്കിലും തുടക്കത്തിലെ പാളിച്ച അവസാനം വരെ നീണ്ടു. വിജയം വെറ്റലിന്റെ കൂടെയുമായി. ഈ വിജയത്തോടെ വെറ്റല്‍ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. എട്ടുപോയന്റ് വിത്യാസമാണ് വെറ്റലിനും ഹാമില്‍ട്ടനുമിടയിലുള്ളത്. വെറ്റല്‍(171), ഹാമില്‍ട്ടന്‍(163). ഓസ്‌ട്രേലിയ, ബഹ്‌റൈന്‍, കാനഡ, ബ്രിട്ടണ്‍ എന്നീ ട്രാക്കുകളില്‍ വെറ്റല്‍ ഒന്നാമതെത്തിയപ്പോള്‍ ചൈനയിലായിരുന്നു അദ്ദേഹത്തിന്റെ ദയനീയ പ്രകടനം.

എട്ടാമതായാണ് ഫിനിഷ് ചെയ്തത്. ഹാമില്‍ട്ടനാകട്ടെ അസബൈജാന്‍, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ ചെക്ക്ഫ്‌ളാഗ് കണ്ടപ്പോള്‍ ഓസ്ട്രിയയില്‍ മത്‌സരം പൂര്‍ത്തിയാക്കാതെ മടങ്ങി. ലിസ്റ്റില്‍ മൂന്നാമതാണ് ഫെരാരിയുടെ കിമി റെയ്‌കോനന്‍. നാലാമത് റെഡ്ബുള്ളിന്റെ ഡാനിയല്‍ റിക്കാര്‍ഡോയും അഞ്ചില്‍ മെഴ്‌സിഡസിന്റെ വള്‍ട്ടേരി ബോത്താസുമാണ്. കണ്‍സ്ട്രക്ഷന്‍ ടീമുകളില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഫെരാരി, മെഴ്‌സിഡസിനെ മറികടന്നു. 20 പോയന്റുകളുടെ വിത്യാസമാണ് ഇവര്‍ തമ്മിലുള്ളത്.

2008-ന് ശേഷം ഫെരാരിയ്ക്ക് കണ്‍സ്ട്രക്‌ടേഴ്‌സ് ചാമ്പ്യന്‍ഷിപ്പ് ലഭിച്ചിട്ടില്ല. മെഴ്‌സിഡസ് ആകട്ടെ 2014 മുതല്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം നിലനിര്‍ത്തുകയുമാണ്. മെഴ്‌സിഡസ് അടുത്തകാലത്തൊന്നും ഇത്രയും പ്രതിസന്ധി നേരിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കിടയില്‍ കടുത്ത മത്സരമുണ്ടെങ്കിലും കമ്പനികളില്‍ മെഴ്‌സിഡസ് അധീശത്വം നിലനിര്‍ത്തുകയായിരുന്നു. സീസണിലെ പതിനൊന്ന് മത്സരങ്ങള്‍ ബാക്കിയിരിക്കെ ഹാമില്‍ട്ടനെ തള്ളിക്കളയാനാവില്ല. കാരണം, അവസാന ട്രാക്കുകളില്‍ മുന്‍വര്‍ഷങ്ങളില്‍ ആധിപത്യം ഹാമില്‍ട്ടന് തന്നെയാണ്. ബെല്‍ജിയം, അമേരിക്ക, അബുദാബി എന്നിവിടങ്ങളില്‍ ഹാമില്‍ട്ടന്‍ തുടര്‍ച്ചയായ വിജയം കൊയ്ത ചരിത്രമാണുള്ളത്. അതുകൊണ്ടു തന്നെ വെറ്റലിന് ഭീഷണിയായിരിക്കും ഹാമില്‍ട്ടന്‍.

Content Highlights: Formula One Lewis Hamilton Sebastian Vettel

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram